മുംബൈയെ തോല്‍പ്പിച്ചത് തിലക് വര്‍മ റിട്ടയേര്‍ഡ് ഔട്ടായതോ? അതോ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സോ? പ്രതികരണങ്ങള്‍

ലക്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്നലെ മൂന്നാം തോല്‍വി നേരിട്ടിരുന്നു. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമന്‍ ധിര്‍ (24 പന്തില്‍ 46) എന്നിവരാണ് മുംബൈ ഇന്നിംഗ്സില്‍ തിളങ്ങിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗവിനെ മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 60), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇതിനിടെ മത്സരത്തിനിടെയുണ്ടായ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയുടെ റിട്ടയേര്‍ഡ് ഔട്ടാണ് വിഷയം. ഇന്ത്യക്ക് വേണ്ടി റണ്‍സ് വാരിക്കൂട്ടിയിരുന്ന തിലകിന് ഇന്നലെ 23 പന്തില്‍ 25 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് ബൗണ്ടറികള്‍ മാത്രമാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഇംപാക്റ്റ് സബ്ബായി ക്രീസിലെത്തിയ തിലക് വര്‍മ, ദയനീയ ഫോമിലാണ് ബാറ്റ് വീശിയത്. ഒട്ടും ടച്ചില്‍ അല്ലാതിരുന്ന അദ്ദേഹം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും ബുദ്ധിമുട്ടി. ഇത് മറുവശത്ത് സൂര്യകുമാര്‍ യാദവിനെ സമ്മര്‍ദ്ദത്തിലാക്കുകയും, മുംബൈയുടെ റിക്വയേഡ് റണ്‍ റേറ്റ് ഉയര്‍ത്തുകയും ചെയ്തു.

മത്സരത്തിന്റെ പത്തൊന്‍പതാം ഓവറിനിടെ തിലക് വര്‍മ റിട്ടയേര്‍ഡ് ഔട്ടാവാന്‍ തീരുമാനിക്കുകയായിരുന്നു. കോച്ച് മഹേല ജയവര്‍ധനെ താരത്തെ തിരിച്ചുവിളിക്കുകയായിരുന്നു. സ്വയം ഔട്ടായ തിലക് വര്‍മക്ക് പകരം ക്രീസിലേക്ക് വന്നത് മിച്ചല്‍ സാന്റ്‌നര്‍. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവറില്‍ ജയിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തില്‍ എത്തിയില്ല. തിലക് വര്‍മയുടെ പുറത്താകലുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ചില പ്രതികരണങ്ങള്‍ വായിക്കാം…

പരിക്കേറ്റ രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ കളിച്ചിരുന്നില്ല. മത്സരത്തിന്റെ തലേന്ന് നെറ്റ് സെഷനില്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സ്ഥിരീകരിച്ചു.
 

By admin