ആഗോള എണ്ണ, സ്വർണ വിലയിൽ കനത്ത ഇടിവ്, ആശങ്കയിൽ വിദഗ്ദർ; കോവിഡിന് ശേഷമുള്ള വലിയ ഇടിവിൽ ലോക ഓഹരിവിപണി
ആഗോള എണ്ണവിലയിൽ കനത്ത ഇടിവ്. ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വർണ വിലയിലും ഇടിവ്. ട്രംപിന്റെ തിരിച്ചടി തീരുവ ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളുമോ എന്ന ആശങ്കയിൽ വിദഗ്ധർ. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിൽ ലോക ഓഹരിവിപണി.
ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍ എന്നിവയ്ക്കും താരിഫ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ച തീരുവ പട്ടികയില്‍ ഫാര്‍മ, സെമികണ്ടക്ടറുകള്‍ എന്നിവ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവയ്ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവന വന്നയുടനെ ഇന്നലെ നേട്ടം കൈവരിച്ച ഫാര്‍മ ഓഹരികളില്‍ ഇന്ന് 7 ശതമാനം വരെ ഇടിവുണ്ടായി. ഇതിനിടെ, കുവൈത്തിനും താരിഫ് ഏർപ്പെടുത്തി ട്രംപ്. ഡോണൾഡ് ട്രംപ് കുവൈത്തിന് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ് യുഎസ് ഓഹരി വിപണികള്‍. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്. ഡൗ ജോണ്‍സ് 1,600 പോയിന്റിലധികം ആണ് ഇടിഞ്ഞത്. യുഎസ് വിപണികളിലെ തകര്‍ച്ച ആഗോള ഓഹരി വിപണികളെയും ബാധിച്ചു. പരസ്പര താരിഫുകള്‍ യുഎസ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ട്രംപ് പ്രഖ്യാപിച്ചതെങ്കിലും, ഒരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതയാണ് ഇതിലൂടെ തുറക്കപ്പെടുന്നതെന്നും അത് വഴി ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കുമെന്നുള്ള ആശങ്കകളുമാണ് ഓഹരി വിപണികളെ പ്രതികൂലമായി ബാധിക്കുന്നത്. ആപ്പിള്‍, എന്‍വിഡിയ തുടങ്ങിയ പ്രധാന യുഎസ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ആപ്പിളിന്റെ ഓഹരികള്‍ 9% ല്‍ കൂടുതല്‍ നഷ്ടം നേരിട്ടു. ടെക്, റീട്ടെയില്‍ ഓഹരികളെയാണ് ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.