കേരളത്തിൻ്റെ കുതിപ്പിന് വേഗമേകാൻ കാസർകോട്; സർവേ നടപടികൾ തുടങ്ങി; 150 ഹെക്ടറിൽ ബോക്സൈറ്റ് നിക്ഷേപം?
കാസര്‍കോട്: നാര്‍ളത്ത് ബോക്സൈറ്റ് ഖനനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ നടപടികൾ തുടങ്ങി. സംസ്ഥാന മൈനിംഗ് ആന്‍റ്
ജിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങളിൽ വാണിജ്യപരമായി പര്യവേഷണം ചെയ്യാവുന്ന രീതിയില്‍ കാസര്‍കോട്ടെ വിവിധ സ്ഥലങ്ങളില്‍ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കാറഡുക്ക റിസര്‍വ് വനത്തിലെ നാര്‍ളം ബ്ലോക്കിലാണ് സര്‍വേ. എത്രത്തോളം വനഭൂമി ബോക്സൈറ്റ് ഖനനത്തിന് ലഭ്യമാകുമെന്ന് കണ്ടെത്താനാണിത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന മൈനിംഗ് ആന്‍റ് ജിയോളജി, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സര്‍വേയില്‍. ഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ അതിരുകള്‍ അടയാളപ്പെടുത്തി. പാറപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാവും ഖനനം. മണ്ണ് നിറഞ്ഞ വനഭൂമിയും ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളും ഒഴിവാക്കിയാണ് ഖനനം നടത്തുകയെന്നാണ് അധികൃതര്‍ പറയുന്നത്.
എത്ര ആഴം വരെ ബോക്സൈറ്റ് നിക്ഷേപം ഉണ്ടെന്ന് കണ്ടെത്താന്‍ സര്‍വേ റിപ്പോര്‍ട്ടിന് ശേഷം ഭൂമി തുരന്നുള്ള പരിശോധനയും ഉണ്ടാകും.
നാര്‍ളം ബ്ലോക്കില്‍ 150 ഹെക്ടര്‍ ഭൂമിയില്‍ ബോക്സൈറ്റ് നിക്ഷേപമുണ്ടന്നാണ് കരുതുന്നത്. സര്‍വേയ്ക്ക് ശേഷം വനംവകുപ്പിന്‍റെ അടക്കം അനുമതി ലഭിച്ചാല്‍ മാത്രമേ ഖനനം തുടങ്ങാനാവൂ.