എന്തിനാണ് ടോയ്‌ലറ്റ് ഫ്ലഷിൽ രണ്ട് ബട്ടൺ കൊടുത്തിരിക്കുന്നത്; നിങ്ങൾക്കറിയാമോ?
പണ്ടത്തെ രീതികളിൽനിന്നും നിരവധി വ്യത്യാസങ്ങൾ വീട് നിർമ്മാണത്തിൽ ഇന്ന് വന്നിട്ടുണ്ട്. ടെക്നോളജികൾ വളരുന്നതിന് അനുസരിച്ച് ഓരോ സമയത്തും വ്യത്യസ്ത സാധനങ്ങളും ഉപയോഗവും ഉണ്ടാകുന്നുണ്ട്. 5 വർഷങ്ങൾക്ക് മുന്നേ ഉപയോഗിച്ചിരുന്ന സാധനങ്ങൾ അല്ല ഇന്ന് വീട് വയ്ക്കുമ്പോൾ ഉപയോഗിക്കുന്നത്. നമ്മുടെ ജോലികൾ എളുപ്പമാക്കാൻ വേണ്ടിയാണ് ഇത്തരം സംവിധാനങ്ങൾ രൂപംകൊള്ളുന്നത്. അത്തരത്തിൽ ടോയ്‌ലെറ്റിൽ വന്ന മാറ്റമാണ് ഡ്യുവൽ ഫ്ലഷ് സംവിധാനം. ഡ്യുവൽ ഫ്ലഷ് ടോയ്‌ലെറ്റിൽ ചെറുതും വലുതുമായ രണ്ട് തരം ബട്ടണുകളാണ് ഉള്ളത്. എന്തിനായിരിക്കും ചെറുതും വലുതുമായ ബട്ടണുകൾ കൊടുത്തിട്ടുള്ളതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പലരും ഇതിന് പിന്നിലെ വ്യക്തമായ ഉദ്ദേശം മനസ്സിലാക്കാതെയാണ് ഉപയോഗിക്കുന്നത്.
സിംപിളായി പറഞ്ഞാൽ വെള്ളം അമിതമായി പാഴാകാതിരിക്കാൻ വേണ്ടിയാണ് ഈ ഒരു ആശയം കൊണ്ട് വന്നിരിക്കുന്നത്. ഒന്ന് ചെറിയ രീതിയിൽ വെള്ളം പോകാനും മറ്റൊന്ന് വലിയ തോതിൽ പോകാനും. ഇത് നമ്മുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും. ചെറിയ ബട്ടണാണ് അമർത്തുന്നതെങ്കിൽ മൂന്ന് മുതൽ നാല് ലിറ്റർ വെള്ളമേ വേണ്ടിവരുള്ളൂ. എന്നാൽ വലിയ ബട്ടണാണ് ഉപയോഗിക്കുന്നതെങ്കിൽ ആറ് ലിറ്റർ മുതൽ ഒൻപത് ലിറ്റർ വരെ വെള്ളം ചിലവാകും. അപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവാം ചെറിയ തോതിൽ വെള്ളം കുറച്ചിട്ട് എന്താണ് കാര്യമെന്ന്. ഒറ്റനോട്ടത്തിൽ കുറവായി തോന്നുമെങ്കിലും ഒരുമിച്ചെടുത്താൽ എപ്പോഴും ഉപയോഗിക്കുന്നതിൽ നിന്നും കൂടുതൽ സംഭരിക്കാൻ സാധിക്കുമെന്നതാണ് വസ്തുത. ഡ്യുവൽ ഫ്ലഷ് സംവിധാനത്തിൽ വെള്ളം പോകുന്നതിന്റെ ശക്തിയും കൂടുതലാണ്. അതിനാൽ തന്നെ വെള്ളം പോകുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ അവയെ നീക്കം ചെയ്യാനും ഇതുവഴി സാധിക്കും. എന്നാൽ ഡ്യുവൽ ഫ്ലഷ് സംവിധാനത്തിന് സാധാരണയെക്കാളും ചിലവ് കൂടുതലാണ്. ഒരു തവണ ചിലവ് കൂടിയാലും ദീർഘ നാളത്തേക്ക് ലാഭകരമായി ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.