ആര്യക്ക് ഡ്രസ് സെൻസ് ഉണ്ടെന്ന കാര്യം പണ്ടേ മനസിലായതാണ്; രമേഷ് പിഷാരടി

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍തിരുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോ ആണ് ആര്യ ബഡായ‍്‍യും രമേഷ് പിഷാരടിയും. സിനിമാ, ടെലിവിഷൻ രംഗത്ത് സജീവമായ ഇരുവരും ഇപ്പോൾ തങ്ങളുടെ സംരംഭങ്ങളുമായും തിരക്കിലാണ്. ഇപ്പോളിതാ ആര്യയുടെ കാഞ്ചീവരം എന്ന സ്റ്റോറിന്റെ  ഓഫ്‍ലൈൻ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തി രമേഷ് പിഷാരടി പറഞ്ഞ വാക്കുകളും വൈറലാകുകയാണ്.

”ആര്യ ഇപ്പോൾ പേരിനൊപ്പം കൊണ്ടു നടക്കുന്ന ബഡായ് എന്ന പേരുണ്ടല്ലോ, സത്യത്തിൽ ആ പ്രോഗ്രാമിന് ബഡായ് ബംഗ്ലാവ് എന്ന പേര് നിർദേശിച്ചത് ഞാനാണ്. ആ വേഷം ചെയ്യാൻ ശരിക്കും ഒരു സ്ത്രീ തന്നെ വേണമെന്നും തീരുമാനിക്കുകയായിരുന്നു. പെൺവേഷം ചെയ്തിരുന്ന ധർമജന് അതിൽ നിന്നും ഒരു മോചനവുമാകും എന്നും കരുതി. അന്ന് ആര്യ സീരിയലിൽ വില്ലത്തി വേഷം ചെയ്യുകയാണ്. ഈ കുട്ടി കോമഡി ചെയ്താൽ ശരിയാകുമോ എന്നൊക്കെ ചോദ്യങ്ങൾ വന്നിരുന്നു. എന്നാൽ അന്നും എല്ലാവരും ഒരുപോലെ പറഞ്ഞ കാര്യമുണ്ട്, ഈ കുട്ടിക്ക് നല്ല ഡ്രസ് സെൻസ് ഉണ്ടല്ലോ എന്നത്. അതുകൊണ്ട് ആര്യക്ക് എന്തുകൊണ്ടും ചേർന്ന ഒരു ബിസിനസ് ആണിത്”, രമേഷ് പിഷാരടി പറഞ്ഞു.

എറണാകുളം പാലാരിവട്ടത്താണ് ആര്യയുടെ കാഞ്ചീവരം എന്ന സാരി സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ ഓൺലൈൻ ആയിട്ടായിരുന്നു കാഞ്ചീവരത്തിന്റെ പ്രവർത്തനം എന്നും ഇനി മുതൽ എല്ലാ ഓൺലൈൻ, ഓഫ്‍ലൈൻ ബിസിനസും ഈ ഷോറൂം കേന്ദ്രീകരിച്ചായിരിക്കും നടക്കുകയെന്നും ആര്യ അറിയിച്ചു.  

അറോയ ബൈ ആര്യ എന്ന ബിസിനസ് ആണ് ആര്യ ആദ്യം ആരംഭിച്ചത്. എന്നാൽ ആ സംരംഭം അത്ര വിജയിച്ചില്ല. പിന്നീടാണ് കാഞ്ചീവരം എന്ന ബ്രാന്‍ഡ് ആരംഭിച്ചത്.

Read More: ‘ഒരു വലിയ സർപ്രൈസ് വരുന്നു’; വെളിപ്പെടുത്തി സൽമാനും മേഘയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin