മലയാളിയായ സിബിഐ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
കൊച്ചി: മലയാളിയായ സിബിഐ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്ന എസ് ഉണ്ണികൃഷ്ണൻ നായരെയാണ് പിരിച്ചുവിട്ടത്. കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്ണൻ നായര്‍.
പാലക്കാട്ടെ സമ്പത്തിന്‍റെ കസ്റ്റഡി മരണക്കേസ് അടക്കം ഉണ്ണികൃഷ്ണൻ നായര്‍ അന്വേഷിച്ചിരുന്നു. സസ്പെൻഷനിൽ ആയിരുന്ന കാലത്തെ യാതൊരാനുകൂല്യങ്ങൾക്കും അർഹതയുണ്ടാകില്ലെന്നും പിരിച്ചുവിട്ടല്‍ ഉത്തരവിലുണ്ട്. കൊച്ചി സിബിഐ എസ് പിയായിരുന്ന എസ് ഷൈനിയുടെ ടെലിഫോൺ കോളുകൾ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്തു, കേസ് രേഖകളും തെളിവുകളും അടക്കമുള്ളവ കൈവശം സൂക്ഷിച്ചു തുടങ്ങിയവയാണ് ഉണ്ണികൃഷ്ണനെതിരായ കുറ്റങ്ങൾ. 2012 മുതൽ 2016 വരെ സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെ പിന്നീട് കോൽക്കത്തയിലേക്ക് സ്ഥലം മാറ്റിയിരുന്നു.