2 കുട്ടികളെ തനിയെ നോക്കാനാവുന്നില്ല, കാമുകന് വിവാഹം ചെയ്ത് നൽകിയ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്
ലഖ്നൌ: കൊലപ്പെടുത്തുമോയെന്ന ഭയത്താൽ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഉത്തർ പ്രദേശിലെ ഖൊരക്പൂരിൽ മാർച്ച് 25നാണ് ബബ്ലു എന്ന യുവാവ് ഭാര്യ രാധികയെ അവരുടെ കാമുകനെന്ന് ആരോപിക്കപ്പെട്ട യുവാവിന് വിവാഹം ചെയ്ത് നൽകിയത്. രാധികയിൽ തനിക്കുള്ള മക്കളെ ഇനിയുള്ള കാലം തനിയെ നോക്കുമെന്ന് വിശദമാക്കിയ ശേഷം ജീവനിൽ കൊതിയുള്ളതിനാലാണ് ഭാര്യയുടെ വിവാഹം കാമുകന് ചെയ്ത് നൽകുന്നതെന്നായിരുന്നു ഇയാൾ പ്രതികരിച്ചത്. എന്നാൽ ഈ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയും മുൻപ് ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ് ഇയാൾ.
സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു 2017 ലാണ് രാധികയെ വിവാഹം കഴിച്ചത്. ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇവരുടെ വിവാഹം ഹിന്ദു വിവാഹരീതിയിൽ നടത്തി നൽകിയത്. ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിർന്നവരെ അറിയിച്ച ശേഷം എല്ലാവരേയും സാക്ഷിയാക്കിയായിരുന്നു ഈ വിവാഹം. മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ഉറ്റസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവാഹം വലിയ വാർത്താ പ്രാധാന്യവും നേടിയിരുന്നു.
ഈ വിവാഹം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന്റെ നാലാം നാൾ വികാസിന്റെ വീട്ടിലെത്തിയ ബബ്ലു ഭാര്യയെ തിരികെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. രണ്ട് കുട്ടികളെ തനിയെ നോക്കാനാവുന്നില്ലെന്ന് വ്യക്തമാക്കി ഏറെ നേരം രാധികയോട് സംസാരിച്ച ശേഷമായിരുന്നു ഇത്. കുട്ടികൾക്ക് വേണ്ടി രാധികയെ ബബ്ലുവിനൊപ്പം പോവാൻ വികാസും അനുവദിക്കുകയായിരുന്നു. വികാസിനൊപ്പം ഭാര്യയെ നിർബന്ധിച്ചാണ് വിവാഹം ചെയ്ത് അയച്ചതെന്നും ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമായെന്നുമാണ് ഇതിന് പിന്നാലെ ബബ്ലു പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. രാധികയ്ക്കൊപ്പം സമാധാന പൂർണമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും ഇയാൾ മാധ്യമങ്ങളോട് വിശദമാക്കി. മക്കളേയും രാധികയേയും കൂട്ടി ബബ്ലു മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം