105 മീറ്റര്‍ സിക്സ് പറത്തിയതിന് പിന്നാലെ സാള്‍ട്ടിനോട് സിറാജിന്‍റെ മധുരപ്രതികാരം-വീഡിയോ

ബെംഗളൂരു: ഐപിഎല്ലില്‍ ഏഴ് വര്‍ഷത്തിനുശേഷം ആദ്യമായി മുഹമ്മദ് സിറാജ് ആര്‍സിബിക്കെതിരെ ചിന്നസാമി സ്റ്റേഡിയത്തിൽ പന്തെറിയാനിറങ്ങിയപ്പോള്‍ ആരാധകര്‍ ഇത് പ്രതീക്ഷിച്ചു കാണില്ല. ഏഴ് സീസണുകളില്‍ ടീമിന്‍റെ വിശ്വസ്തനായിരുന്ന സിറാജ് തന്നെ ഇന്നലെ തങ്ങളുടെ അന്തകനാകുന്നത് കണ്ട് ആര്‍സിബി ആരാധകര്‍ ഗ്യാലറിയില്‍ തരിച്ചിരിക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചനകള്‍ സിറാജ് നല്‍കിയിരുന്നു.

സിറാജിന്‍റെ പന്തുകള്‍ക്ക് മുന്നില്‍ പതറിയ ഫില്‍ സാള്‍ട്ട് ഒടുവില്‍ കണ്ണുംപൂട്ടി അടിക്കാനായി ക്രീസ് വിട്ടിറങ്ങിയെങ്കിലും  എഡ്ജ് ചെയ്ത പന്ത് നേരെ പോയത് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലറുടെ കൈകളിലേക്കായിരുന്നു. വിക്കറ്റെന്നുറപ്പിച്ച് സ്ലിപ്പില്‍ നിന്ന ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഓടിയെത്തുമ്പോഴേക്കും ഇംഗ്ലണ്ട് ടീമിലെ സഹതാരത്തെ ബട്‌ലര്‍ അവിശ്വസനീയമായി നിലത്തിട്ടിരുന്നു. ബട്‌ലറെപ്പോലൊരു താരത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പിഴവായിട്ടും സിറാജ് ദേഷ്യമോ നിരാശയോ പുറത്തെടുത്തില്ല.

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താൻ കൊല്‍ക്കത്തയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേർ

ആദ്യ ഓവറിലെ നിരാശ തന്‍റെ രണ്ടാം ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് സിറാജ് മറികടന്നത്. പവര്‍ പ്ലേയില്‍ തന്നെ മൂന്നാം ഓവര്‍ നല്‍കിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ തീരുമാനം സിറാജ് ശരിവെക്കുന്നതാണ് അഞ്ചാം ഓവറില്‍ കണ്ടത്. ലൈഫ് കിട്ടിയിട്ടും റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടിട്ടും തട്ടിമുട്ടി ക്രീസില്‍ നിന്ന് ക്ഷമ നശിച്ച സാള്‍ട്ട് ഒടുവില്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി സിറാജിനെ ചിന്നസാമി സ്റ്റേഡിയത്തിന്‍റെ പുറത്തേക്ക് പായിച്ചു.

105 മീറ്റര്‍ സിക്സ്. സാള്‍ട്ടിനെ കൈവിട്ട ബട്‌ലര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് തോന്നിച്ച നിമിഷം. എന്നാല്‍ ആ ചിന്തക്ക് അല്‍പായുസേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത പന്തില്‍ വീണ്ടും ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിയ സാള്‍ട്ടിന്‍റെ ഓഫ് സ്റ്റംപ് കാറ്റില്‍ പറത്തിയാണ് സിറാജ് പ്രതികാരം ചെയ്തത്. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ സിറാജ് ലിയാം ലിവിംഗ്സ്റ്റണിന്‍റെ കൂടെ വിക്കറ്റെടുത്ത് കളിയിലെ താരമാകുകയും ചെയ്തു. നാലോവറില്‍ 19 റണ്‍സ് വഴങ്ങിയാണ് സിറാജ് മൂന്ന് വിക്കറ്റെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin