പുതിയ ബിജെപി ദേശീയ അധ്യക്ഷനാര്? ഏപ്രിൽ 15 ന് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
ദില്ലി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഏപ്രിൽ 15 ന് ശേഷം പ്രഖ്യാപിക്കും എന്ന് സൂചന. 13 സംസ്ഥാനങ്ങളിലെ സംഘടന തെരഞ്ഞെടുപ്പ് നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള 19 ഇടങ്ങളിൽ വരുന്നയാഴ്ച നടപടികൾ പൂർത്തിയാക്കും. ശേഷമാകും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക. ഇന്നലെ ദില്ലിയിൽ കേന്ദ്ര മന്ത്രി അമിത് ഷായുമായി ജെപി നദ്ദ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. ഒരു മതത്തിൻ്റെയും സ്വാതന്ത്ര്യത്തിൽ കടന്ന് കയറിയിട്ടില്ലെന്ന് കിരൺ റിജിജു സഭയില്‍ പറഞ്ഞു. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല.