ദേശീയ സുരക്ഷാ രഹസ്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയുന്നത് അപകടമാണെന്നൊരു അടക്കം പറച്ചിൽ നേരത്തെയുണ്ട്. ആദ്യ ഭരണ കാലത്ത് ട്രംപ് റഷ്യൻ വിദേശകാര്യ മന്ത്രിയോട് ചില രഹസ്യങ്ങൾ പറഞ്ഞു. മറ്റൊരു രാജ്യത്തെക്കൂടി റഷ്യക്ക് മുന്നിലിട്ട് കൊടുത്തു ട്രംപ്. ഇസ്രയേലിനെ. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ നീക്കങ്ങളായിരുന്നു വിഷയം. അന്നത് കൈകാര്യം ചെയ്ത് ഒതുക്കാൻ കുറേ പാടുപെട്ടു ഉദ്യോഗസ്ഥർ. അതുണ്ടാക്കിയ കോളിളക്കം ചെറുതല്ല. ഇപ്പോൾ അബദ്ധം പറ്റിയത് ട്രംപിന്റെ വിശ്വസ്തർക്കാണ്. അബദ്ധം എന്ന് ആരും അംഗീകരിക്കുന്നില്ല. ട്രംപ് സർക്കാർ എപ്പോഴും അങ്ങനെയായിരുന്നു. കൈകഴുകി, ഉത്തരവാദിത്തം കഥയേ അറിയാത്ത ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കും. ഇത്തവണ പ്രതിരോധ സെക്രട്ടറി സ്വയം കുറ്റം ഏറ്റെടുത്തു. വൈറ്റ് ഹൌസ് വക്താവ്, മുൻ പ്രസിഡന്റ് ജോ ബൈഡനെയാണ് ചീത്ത പറഞ്ഞത്. ഇപ്പോൾ തർക്കം നടക്കുന്നത് ചോർന്നതൊക്കെ അതീവ രഹസ്യ സ്വഭാവമുള്ള, classified info ആണെന്നതിലാണ്. അല്ല എന്നാണ് ട്രംപ് സർക്കാരിന്റെ വാദം. പക്ഷേ, ആണെന്ന് സാധാരണക്കാരന് പോലും മനസിലാകും.
ആപ്പിലായ ചാറ്റ്
യെമനിലെ വ്യോമാക്രമണത്തെ കുറിച്ചുള്ള ആശയ കൈമാറ്റത്തിന് ട്രംപ് സർക്കാരിലെ ഉന്നതർ രൂപീകരിച്ച സിഗ്നൽ (Signal) എന്ന ചാറ്റ് ആപിലെ ഗ്രൂപ്, ഹൂത്തി പിസി സ്മാൾ ഗ്രൂപ്പ് (Houthi PC small group). അതാണ് പേര്. ഗ്രൂപ്പിലെ അംഗങ്ങൾ അമേരിക്കൻ വൈസ്പ്രസിഡന്റ്, പ്രതിരോധ സെക്രട്ടറി, സിഐഎ ഡയറക്ടർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് – അടക്കമുള്ളവർ. അതിൽ ദേശീയ ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡും (Tulsi Gabbard), പ്രസിഡന്റിന്റെ പശ്ചിമേഷ്യൻ -യുക്രൈയ്നന് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും (Steve Witkoff) ഉണ്ടായിരുന്നു. പക്ഷേ, രണ്ട് പേരും വിവാദമായ സംഭാഷണം നടക്കുമ്പോൾ രാജ്യത്തേ ഉണ്ടായിരുന്നില്ല. അബദ്ധത്തിൽ മറ്റൊരാളെ കൂടി അതിലംഗമാക്കിയിരുന്നു. മാധ്യമപ്രവർത്തകനും ദി അറ്റ്ലാന്റിക് (The Atlantic) എന്ന മാധ്യമസ്ഥാപനത്തിന്റെ എഡിറ്റർ ഇൻ ചീഫുമായ ജെഫ്രി ഗോൾഡ്ബർഗ് (Jeffrey Goldberg).
ചാറ്റ് ഗ്രൂപ്പിൽ നടന്ന ആശയ വിനിമയം യെമനിലെ ഹൂതികളെ ആക്രമിക്കാനുള്ള പദ്ധതിയെ കുറിച്ചും ഏറ്റവും ഒടുവിൽ അതിന്റെ സമയവും വിമാനങ്ങളും അടക്കമുള്ള വിശദ വിവരങ്ങളുമാണ്. ആദ്യം ഗോൾഡ് ബെർഗ് വിചാരിച്ചത് ഇതെല്ലാം ട്രോൾ ആണെന്നാണ്. പക്ഷേ, ആക്രമണ പദ്ധതിയും സമയവും ഒക്കെ ഹെഗ്സെത്ത് പങ്കുവച്ചതോടെ ട്രോൾ അല്ലെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടക്കുകയാണെന്ന് എക്സിലൂടെ മനസിലാക്കി. അതോടെ ചാറ്റ് ഗ്രൂപ്പിൽ നിന്ന് സ്വയം ഒഴിവായി ഗോൾഡ് ബർഗ്.
പിന്നീടാണ് ഈ അബദ്ധത്തെക്കുറിച്ച് ദി അറ്റ്ലാന്റിക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതോടെ ഡാമേജ് കൺട്രോൾ തുടങ്ങി. പക്ഷേ, ട്രംപ് സർക്കാരിന്റെ ഡാമേജ് കൺട്രോൾ എപ്പോഴും ഒരേപോലെയാണ്. ‘It is a Hoax’. ‘അതൊരു തട്ടിപ്പാണ്. അസത്യം മാത്രം.’ എന്ന വാദം. തനിക്കെതിരെ വന്നിട്ടുള്ള എല്ലാ കേസുകളും ട്രംപ് വിശേഷിപ്പിച്ചത് HOAX എന്നാണ്. അതൊരു യുദ്ധ പദ്ധതിയേ ആയിരുന്നില്ലെന്ന് പീറ്റ് ഹെഗ്സെത്ത് (Pete Hegseth) പ്രതികരിച്ചു. പിന്നാലെ ബാക്കിയുള്ളവരും.
Read More: എല്ലാത്തരം കുടിയേറ്റവും തടയാന് ട്രംപ്; എതിര്പ്പുമായി കോടതിയും മനുഷ്യാവകാശ സംഘടനകളും
ചോദ്യശരങ്ങൾ നേരിട്ടത് ഉദ്യോഗസ്ഥർ. അറ്റ്ലാന്റിക്കിനെതിരെയയി ആക്രമണം പിന്നെ. അതോടെ അവർ ചാറ്റ് പൂർണരൂപത്തിൽ പ്രസിദ്ധീകരിച്ചു. സെൻസിറ്റീവ് പക്ഷേ, ക്ലാസിഫൈഡ് എന്നായിരുന്നു പ്രതിരോധം. ട്രംപിന്റെ നാഷണൽ സെക്യുരിറ്റി അഡ്വൈസർ മൈക്കൽ വാൾട്ട്സിന്റെ (Michael Waltz) പേരിലാണ് അറ്റ്ലാന്റിക് എഡിറ്റർ ഇൻ ചീഫിന് ക്ഷണം വന്നത്. മൈക്കൽ വാൾട്ട്സ് സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. താനാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. അപ്പോഴും സെൻസിറ്റിവ് വാദത്തിൽ ഉറച്ചുനിന്നു എല്ലാവരും. പീറ്റ് ഹെഗ്സെത്ത് അടക്കം.
ചോരുന്ന യുദ്ധ തന്ത്രം
ക്ലാസിഫൈഡ് ആണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം. കാരണം പീറ്റ് ഹെഗ്സെത്തിനാണ് ക്ലാസിഫൈഡ് ആക്കാനും അല്ലാതെയാക്കാനും ഉള്ള അധികാരം. എങ്കിലും ഈ ചാറ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അങ്ങനെ എല്ലാവരും അറിയേണ്ടതല്ല. അമേരിക്കൻ പൈലറ്റുമാർക്ക് ജീവന് തന്നെ ഭീഷണിയാകാവുന്ന കാര്യങ്ങളാണ്. യെമനിലെ ആക്രമണം തുടങ്ങാൻ പോകുന്ന സമയം, കോ ഓർഡിനേറ്റ്സ് എല്ലാം പരസ്പരം അറിയിക്കുന്നുണ്ട് ഗ്രൂപ്പിലെ അംഗങ്ങൾ. പ്രസിഡന്റിന് ചില കാര്യങ്ങളെ പറ്റി ധാരണയില്ല എന്നതുൾപ്പടെ.
ശത്രുക്കൾ അറിഞ്ഞാൽ ദൌത്യം തന്നെ പരാജയപ്പെടുമായിരുന്നു. സൂയസ് കനാലിലെ ചരക്കുക്കപ്പൽ ഗതാഗതം സുഗമമാക്കാൻ ഹൂതികളെ ആക്രമിക്കേണ്ടത് ആവശ്യം എന്ന് പറയുന്നുണ്ട് ചാറ്റിൽ. അത് അമേരിക്കയ്ക്ക് അല്ല, യൂറോപ്പിനാണ് കൂടുതൽ ഗുണം ചെയ്യുകയെന്നും അങ്ങനെ സഹായിക്കാൻ താൽപര്യമില്ലെങ്കിലും ചെയ്തേ തീരൂ, എന്നും. ചരക്കുകപ്പൽ നീക്കം ബാധിച്ച ഒരു കമ്പനി പക്ഷേ, ടെസ്ലയാണ്. മസ്കിന്റെ സ്വന്തം ടെസ്ല. വിതരണ ശൃംഖലയിലെ തടസം കാരണം ജനുവരിയിൽ ബെർലിനിലെ ഫാക്ടറി തന്നെ അടക്കേണ്ടി വന്നിരുന്നു മസ്കിന്. അതുമാത്രമല്ല, ‘അമേരിക്ക ഫസ്റ്റ്’ എന്ന് നയത്തിന് വിരുദ്ധമല്ലേ ആഗോളവ്യാപാരത്തെ സഹായിക്കുന്ന ആക്രമണമെന്ന് പ്രസിഡന്റിന് മനസിലാക്കുന്നില്ലേ എന്നൊരു സംശയം പ്രകടിപ്പിക്കുന്നുണ്ട് വൈസ്പ്രസിഡന്റ് ജെഡി വാൻസ്.
പ്രതികരണങ്ങൾ
വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ (Marco Rubio) പ്രതികരിച്ചത് ആർക്കോ തെറ്റുപറ്റി എന്നാണ്. പക്ഷേ, അതായിരുന്നില്ല പൊതുവേ ആരുടെയും നിലപാട്. സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ മുമ്പിൽ ഹാജരായ തുൾസി ഗബ്ബാർഡും സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫും (John Ratcliffe) പറഞ്ഞതിൽ നിന്ന് അവർക്ക് വലിയ ധാരണയുണ്ടായിരുന്നില്ല, ആക്രമണത്തെക്കുറിച്ച് എന്നാണ് വ്യക്തമായത് എന്നാണ് റിപ്പോർട്ട്.
Read More: പ്രശ്നത്തിലാകുന്ന അമേരിക്കന് വിദ്യാഭ്യാസം; ട്രംപിന്റെ കണ്ണ് വോട്ട് ബാങ്കിൽ
HOAX എന്നാണ്. സത്യം അംഗീകരിക്കാൻ വിസ്സമ്മതിക്കുക, സ്വന്തം വാദം തിരുകിക്കയറ്റുക, എങ്ങനെ വളച്ചൊടിച്ചിട്ടായാലും. തീവ്രപക്ഷ സർക്കാരുകളുടെ പതിവ് രീതിയാണത്. അത് അമേരിക്കയിൽ മാത്രമല്ല താനും. അവർ പറയുന്നത് മാത്രം ശരി, പകൽപോലെ തെളിഞ്ഞുകാണുന്നത് തെറ്റ്. പിന്നെ എല്ലാവരും കൂടി ആക്രമിച്ചത് അറ്റ്ലാന്റിക് എഡിറ്റർ ഇൻ ചീഫിനെയാണ്, മാധ്യമങ്ങളെയും. മാധ്യമങ്ങൾ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു, ജനങ്ങൾ സൂക്ഷിക്കണം, വളരെ പരിചിതമായ വാദങ്ങൾ. ഗോൾഡ്ബെർഗിനെ (Jeffrey Goldberg) ‘ലൂസർ’ (Loser) എന്ന് വിളിച്ചു വാൾട്സ്. ‘ആരോ ഹാക്ക് ചെയ്തു, തങ്ങളുടെ സംഘം’ എന്നൊരു പുതിയ ഗൂഡാലോചനക്കഥയും മെനഞ്ഞെടുത്തു. തങ്ങൾക്കെതിരെയുള്ള, ട്രംപ് സർക്കാരിനെതിരെയുള്ള ഗൂഢാലോചന എന്നൊക്കെയായി വാദം. ഇതെല്ലാം പരിചിതമാണ് ലോകരാഷ്ട്രീയത്തിൽ.
ഡമോക്രാറ്റുകൾ ഞെട്ടിയിരിക്കയാണ്. അമ്പരപ്പ് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. എത്രമാത്രം സെൻസിറ്റിവ് ആണ് ചോർന്ന വിഷയങ്ങൾ എന്ന് ഇതുവരെ പ്രസിഡന്റിന് മനസിലായിട്ടില്ല. ഹൂതികളുടെ നേതാവ് അയാളുടെ ഗേൾഫ്രണ്ടിന്റെ വീട്ടിലേക്ക് കയറിയപ്പോഴാണ് ആക്രമിച്ചത്. കെട്ടിടം തന്നെ തകർന്നു എന്നാണ് പീറ്റ് ഹെഗ്സെത്ത് ഗ്രൂപ്പിലിട്ട സന്ദേശം. ഈ അവകാശവാദത്തിൽ നിന്ന് ഹൂതികൾക്ക് ഒരു കാര്യം മനസിലാക്കാനായിക്കാണണം. തങ്ങൾക്ക് ചുറ്റും അമേരിക്കയുടെ കണ്ണുകളുണ്ടെന്ന്. അമേരിക്കയിലെ ചിന്തിക്കുന്ന വിഭാഗത്തിനും ഒരു കാര്യം മനസിലായിട്ടുാവണം. ഈ സർക്കാർ എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അതീതമാണ്. സ്വന്തം ചട്ടങ്ങളാണ് അവർക്കെന്ന്.
അവഗണിക്കപ്പെടുന്ന മുന്നറിയിപ്പുകൾ
യുദ്ധ പദ്ധതി അല്ല, ആക്രമണ പദ്ധതി മാത്രമാണ് ചാറ്റിൽ പറഞ്ഞത് എന്നവർ പറയുന്നു. യുദ്ധ പദ്ധതിയും ഈ ആപ്പിൽ ചർച്ച ചെയ്തിട്ടുണ്ടെന്ന ആരോപണം നിഷേധിക്കുന്നു പീറ്റ് ഹെഗ്സെത്ത്. ആയിരക്കണക്കിന് പേജ് നീളമുണ്ടാവും യുദ്ധ പദ്ധതിക്ക്. പക്ഷേ, ഇപ്പോഴത്തെ ആക്രമണ പദ്ധതി തന്നെ സിഗ്നൽ എന്ന കമേഴ്സ്യൽ ആപ്പിലൂടെ പങ്കുവച്ചത് അപകടം എന്നാണ് നിരീക്ഷണം. ടെക്സ്റ്റ് എൻക്രിപ്റ്റഡ് ആണ്. പക്ഷേ, ആപ്പ് എത്രമാത്രം സുരക്ഷിതമെന്ന് ഒരു വിവരവും ഇല്ല. ആർക്ക് വേണമെങ്കിലും ഹാക്ക് ചെയ്യാം. സിഗ്നൽ ഉപയോഗിക്കരുതെന്ന് പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു, യെമനിലെ ആക്രമണത്തിന് മുമ്പ്. എന്നിട്ടും അത് ഉപയോഗിച്ചു ട്രംപ് സംഘം. എത്രനാളായി, എന്തിനൊക്കെ ഉപയോഗിച്ചു എന്നറിയില്ല. ജോ ബൈഡന്റെ കാലത്ത് സിഗ്നൽ അധികം ഉപയോഗിക്കരുതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥക്ക് കർശന നിർദ്ദേശമുണ്ടായിരുന്നു.
ഇപ്പോഴും ജെഫ്രി ഗോൾഡ്ബർഗ് എങ്ങനെ അതിലുൾപ്പെട്ടു എന്നാർക്കും വ്യക്തമായിട്ടില്ല. അബദ്ധം എന്ന് വാൾട്സ് സമ്മതിച്ചെങ്കിലും. പ്രതിരോധ വകുപ്പിലെ വിവരച്ചോർച്ചയിൽ വൻ അന്വേഷണവും നടപടികളും എടുക്കുകയാണ് ഹെഗ്സെത്ത്. ചിലരെയൊക്കെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുമെന്ന് മെമ്മോ അയച്ചിരുന്നു മാർച്ച് 21 -ന്. ഹെഗ്സെത്ത് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് തുടങ്ങി ഡമോക്രാറ്റുകൾ. അതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രസിഡന്റിന് ദേഷ്യം വന്നു. ഹെഗ്സെത്ത് ഇതിലുൾപ്പെട്ടിട്ടേയില്ല എന്ന് പ്രഖ്യാപിച്ചു.
പുതുമുഖമെന്ന പരിചയക്കുറവ്
ഏറ്റവും ഉയർന്ന പദവികളിലേക്ക് പരിചയസമ്പന്നരെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. അനുസരണശീലമുള്ള, തന്നോട് വിശ്വസ്തത പുലർത്തുന്ന ഒരു സംഘത്തെയാണ് ട്രംപ് തെരഞ്ഞെടുത്തത്. അതിന്റെ ഫലം ഇപ്പോഴനുഭവിക്കുന്നു എന്ന വിമർശനമുണ്ട്. ഫോക്സ് ന്യൂസ് അവതാരകനായിരുന്നു പ്രതിരോധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. പ്രസിഡന്റിന്റെ പശ്ചിമേഷ്യൻ, യുക്രൈയ്ൻ ദൂതനായ സ്റ്റീവ് വിറ്റ്കോഫ് (Steve Witkoff) റിയൽ എസ്റ്റേറ്റ് വ്യവസായിയാണ്.
ഇത്തരം അബദ്ധങ്ങൾ ആദ്യമായല്ലെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കുന്നു മാധ്യമങ്ങൾ. റഷ്യയുടെ വാദങ്ങൾ എല്ലാം ഒരഭിമുഖത്തിൽ വിറ്റ്കോഫ് ആവർത്തിച്ചത്, സിഐഎ ഏജന്റുമാരുടെ ഫസ്റ്റ്നെയിം അൺക്ലാസിഫൈഡ് ഇമെയിലിൽ അയച്ചത്, മസ്കിന് ചൈനയുടെ കാര്യത്തിൽ പെന്റഗണിന്റെ ഇന്റലിജൻസ് ബ്രീഫിംഗ് കിട്ടുമെന്ന റിപ്പോർട്ട് വന്നത്, ആ വിവരം ചോർന്നതോടെയാണ് പ്രതിരോധ വകുപ്പിൽ പോളിഗ്രാഫ് ടെസ്റ്റ് അടക്കം നടത്താൻ തീരുമാനമായത്. അത്തരത്തിൽ ഒരു ബ്രീഫിംഗും മസ്കിന് കിട്ടില്ലെന്ന് പ്രസിഡന്റ് തന്നെ വ്യക്തമാക്കിയെങ്കിലും.
2018 -ലെ തെരഞ്ഞെടുപ്പ് കാലത്ത് ഹിലരി ക്ലിന്റൺ ഔദ്യോഗിക കാര്യങ്ങൾക്ക് സ്വകാര്യ ഇ മെയിൽ ഐഡി ഉപയോഗിച്ചതായി വെളിപ്പെട്ടപ്പോൾ ഹിലരിയെ തുടർച്ചയായി ആക്രമിച്ചിരുന്നു ട്രംപ്. ഇപ്പോൾ സ്വന്തം ഉദ്യോഗസ്ഥരുടെ ഒരുസംഘം തന്നെ ചാറ്റിലൂടെ പലതും വെളിപ്പെടുത്തിയിട്ടും അവരെ പ്രസിഡന്റ് പിന്തുണക്കുകയാണ്.
Read More: ടെസ്ല വീണപ്പോൾ കൈ പിടിച്ച് ട്രംപ്; മസ്കിന് ഇത് മധുരപ്രതികാരം
മാധ്യമങ്ങൾ വിഷയം വിട്ടിട്ടില്ല. ആഗോളതലത്തിൽ എല്ലാ നയങ്ങളും സഖ്യങ്ങളും അട്ടിമറിച്ച് മുന്നേറുന്ന ട്രംപിന്റെ വിദേശനയ സംഘത്തിന് ഇതിനെപ്പറ്റിയൊന്നും ഒന്നുമറിയില്ലെന്നാണ് പരിഹാസം. യെമനിലെ ആക്രമണത്തോട് ചാറ്റ് ഗ്രൂപ്പ് അംഗങ്ങൾ പ്രതികരിച്ച ഇമോജികളും പരിഹാസ വിഷയമാണ്. ചുരുട്ടിയ മുഷ്ടി, സ്വയം പ്രശംസ ഒക്കെ ഒരു ഹൈസ്കൂൾ തലത്തിലെ കുട്ടികളെപ്പോലെയാണ്. അല്ലാതെ കരുത്തരായ ദേശീയ സുരക്ഷാ സംഘത്തെപ്പോലെയല്ലെന്നും. അതുമാത്രമല്ല, പ്രസിഡന്റിനെക്കാൾ കൂടുതൽ യൂറോപ്പ് വിരുദ്ധരായ ഒരു സംഘമെന്നും.
തോൽവിയിൽ ഭയം, തീരുമാനങ്ങളില് തകിടം മറിച്ചിൽ
അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ് ഒരു തീരുമാനം പിൻവലിച്ചു. അസാധാരണമാണത്. അതും ഒരു നിയമന തീരുമാനം. എലിസ് സ്റ്റെഫാനിക്കിനെ (Elise Stefanik) യുഎൻ അംബാസിഡറാക്കാനുള്ള തീരുമാനമാണ് പിൻവലിച്ചത്. എലിസിന്റെ സീറ്റിൽ വേണ്ടിവരുന്ന തെരഞ്ഞെടുപ്പിനെ ഭയന്നാണ് നടപടി എന്നാണ് റിപ്പോർട്ട്. മാത്രമല്ല, സിഗ്നൽ ഗേറ്റ് (Signal gate) വിവാദവും ഒരു കാരണമായിരുന്നിരിക്കണം. താക്കോൽ സ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ പുതുമുഖങ്ങളെ ഇറക്കിയതിന്റെ തിരിച്ചടി എന്ന വിമർശനം കണക്കിലെടുത്തോ എന്നും സംശയിക്കണം.
ഫ്ലോറിഡയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു ആശങ്കയാണ് ട്രംപിനും സംസ്ഥാനത്തെ റിപബ്ലിക്കൻസിനും. ജയിക്കുമെന്ന് ഉറപ്പാണെങ്കിലും ഭൂരിപക്ഷം കുറയുമോ എന്നാണ് സംശയം. എങ്കിൽ അതൊരു തോൽവിയായോ തിരിച്ചടിയായോ ഒക്കെ വിമർശിക്കപ്പെടും. അതുകാരണമാണ് എലിസ് സ്റ്റെഫാനിക്കിന്റെ സീറ്റിലെ തെരഞ്ഞെടുപ്പ് ഒഴിവാക്കിയത്. ഫ്ലോറിഡ സീറ്റ് മൈക് വാൾട്സിന്റെതാണ്. വാൾട്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായതോടെ സീറ്റൊഴിഞ്ഞു. വാൾട്സാണ് സിഗ്നൽ ഗേറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് എന്നും കൂട്ടിവായിക്കണം.
ട്രംപ് സർക്കാർ രണ്ട് മാസത്തിനകം നടപ്പാക്കിയതെല്ലാം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്ന് പറയാം, വെനിസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്തിയതും, പലസ്തീൻ അനുകൂല പ്രതിഷേധത്തിനിറങ്ങിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതും ഉൾപ്പടെ… അങ്ങനെയാണ് ട്രംപ് അനുകൂലികൾ കാണുന്നത്. പക്ഷേ, നാണ്യപ്പെരുപ്പമെന്ന മുന്നറിയിപ്പ്, സാമ്പത്തിക പ്രതിസന്ധിയെന്ന ആശങ്ക, വാഹന ഇറക്കുമതിക്കുള്ള അധിക നികുതി വരുത്താൻ പോകുന്ന വിലക്കയറ്റം. എല്ലാം സാധാരണക്കാരെ പേടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാം സഹിക്കണം, വരാനിരിക്കുന്ന സുവർണ കാലത്തിന് വേണ്ടി എന്ന പ്രസിഡന്റിന്റെ വാക്കുകൾ അവരുടെ ഭാരം കുറയ്ക്കില്ല. വൈറ്റ്ഹൗസ് ഇതിനെല്ലാം നൽകുന്ന ആഖ്യാനങ്ങൾ മറ്റൊന്നാണ്. രാജ്യത്തെ ഭിന്നതകളാണ് കൂടുതൽ വെളിവാകുന്നതെന്ന് പൊതുപക്ഷം.