ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് റീ സെന്‍സര്‍ ചെയ്യപ്പെട്ട എമ്പുരാന് സിനിമയെക്കുറിച്ച് അഭിപ്രായ പ്രകടനവുമായി എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ എസ് മാധവന്. റീ സെന്‍സറിംഗിലൂടെ എമ്പുരാന് സിനിമയ്ക്ക് വന്ന കട്ടുകള്‍ ഫാന്റം ലിംപുകള്‍ ആയി മാറുമെന്നാണ് എക്സില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്താണ് ഒരു ഫാന്റം ലിംപ് എന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്.
“ഛേദിക്കപ്പെട്ടതോ ഇല്ലാത്തതോ ആയ കൈകാലുകള്‍ ഉണ്ട് എന്ന് തോന്നിക്കുന്ന അനുഭവമാണ് ഫാന്റം ലിംപ്. അത് ചിലപ്പോള്‍ വേദനയും ചൊറിച്ചിലുമൊക്കെ തോന്നിപ്പിക്കാം. യഥാര്‍ഥത്തില്‍ ഇല്ലാത്ത കൈയോ കാലോ അനങ്ങുന്നതായും ഒരാള്‍ക്ക് തോന്നാം. എമ്പുരാന് സിനിമയുടെ കട്ടുകള്‍ ഫാന്റം ലിംപുകളായാണ് മാറാന്‍ പോകുന്നത്. എത്ര ധൈര്യമുള്ള ചിത്രം!”, എന്‍ എസ് മാധവന് എക്സില്‍ കുറിച്ചു.
അതേസമയം റീ സെന്സറിംഗില് മൂന്ന് മിനിറ്റ് രംഗങ്ങളാണ് വെട്ടി മാറ്റിയത്. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്ന രംഗമടക്കമാണ് മാറ്റുന്നത്. ഒപ്പം ചിത്രത്തിലെ പ്രതിനായകന്റെ ബജ്റംഗി എന്ന പേരും മാറ്റും. റീ എഡിറ്റ് ചെയ്ത പതിപ്പ് ഉടന്‍ തിയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ റീ സെന്‍സര്‍ ചെയ്ത പതിപ്പ് പ്രദര്‍ശനമാരംഭിക്കും.
സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. വിദേശത്ത് ഒരു മലയാള സിനിമ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന് ഇതിനകം നേടിയിരിക്കുന്നത്.