ആ നിര്‍ഭയത്വത്തിന്റെ പേരായിരുന്നു സൂസന് സൊന്റാഗ്, ന്യൂയോര്‍ക്കിലിരുന്ന് അവര്‍ യുഎസിനെ ആക്രമിച്ചു!
2001 സെപ്റ്റംബര്‍ 11. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണ്‍ ടവറും ഭീകരാക്രമണത്തില്‍ തകര്‍ന്നു. പ്രപഞ്ചം മുഴുവന്‍ നിരീക്ഷിക്കാന്‍ നക്ഷത്രക്കണ്ണുകളുള്ള, ലോകം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന് അഹങ്കരിച്ചിരുന്ന അമേരിക്കയുടെ മുഖത്തിനേറ്റ ഒരടിയായിരുന്നു അത്. ലോകജനത ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
അക്ഷരങ്ങള്‍ക്ക് തീപിടിച്ചൊരു കാലത്ത് ന്യൂയോര്‍ക്കിലിരുന്നുകൊണ്ട് ഒരാള്‍, അമേരിക്കയെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ‘നിങ്ങളുടെ തീവ്രവാദി മറ്റൊരാളിന്റെ സ്വാതന്ത്ര്യഭടനാകുന്നു’ (One man’s terrorist is another man’s freedom fighter) എന്ന് ന്യൂയോര്‍ക്കില്‍ നിന്ന് അവര്‍ വിളിച്ചു പറഞ്ഞു. അമേരിക്കയുടെ ഏറ്റവും സുരക്ഷിതവും തന്ത്രപ്രധാനവുമായ രണ്ട് കേന്ദ്രങ്ങള്‍ തകര്‍ത്തവര്‍ ഭീരുക്കളല്ലെന്നും അവരുടെ ആക്രമണം നാഗരികതയ്ക്ക് നേരെയോ സമൂഹത്തിന്റെ നേരെയോ അല്ല എന്നും അവര്‍ വാദിച്ചു. ആക്രമണം അമേരിക്കയുടെ ഗുണ്ടായിസത്തിനെതിരെയുള്ള പ്രതികരണമാണ് എന്നവര്‍ നിര്‍ഭയത്തോടെ വിളിച്ചുപറഞ്ഞു. ആ നിര്‍ഭയത്വത്തിന്റെ പേരായിരുന്നു സൂസന് സൊന്റാഗ്.
മേഘഗര്‍ജനംപോലെയുള്ള ആ ശബ്ദം തെല്ലൊന്നുമല്ല വൈറ്റ് ഹൗസിനെയും പെന്റഗണിനെയും പിടിച്ചുകുലുക്കിയത്. അമേരിക്കന്‍ വിരുദ്ധ വികാരത്തിന്റെ ‘പെണ്‍വെളിച്ചപ്പാട്’ എന്നു വിളിച്ച് പത്രങ്ങള്‍ അവരെ ആക്ഷേപിച്ചു. എന്നാല്‍ അമേരിക്കയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നിലപാടുമായി അവര്‍ മുന്നോട്ടു പോയി.
ചൂഷക വര്‍ഗത്തോടുള്ള ശക്തമായ പോരാട്ടമായിരുന്നു സൂസന് സൊന്റാഗിന്റേത്. മനുഷ്യചരിത്രത്തിലെ അര്‍ബുദമാണ് വെള്ളക്കാര്‍ എന്ന് അവര്‍ എഴുതി. പരിസ്ഥിതിയെ നശിപ്പിക്കുന്നതും മാനവ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതും വെള്ളക്കാരും അവരുടെ ആശയങ്ങളുമാണെന്ന് അവര്‍ വിശദീകരിച്ചു. വിയറ്റ്നാം യുദ്ധകാലത്തും അമേരിക്കക്കെതിരെ കടുത്ത ഭാഷയില്‍ അവര്‍ പ്രതികരിച്ചു. യുദ്ധകാലത്ത് സൂസന് ഹാനോയിലേക്ക് പോയി. ‘ട്രിപ് ടു ഹാനോയ്’ എന്ന പുസ്തകമെഴുതി. യൂഗോസ്ലാവിയുടെ ശിഥിലീകണ കാലത്ത് സരയേവോ ഉപരോധത്തില്‍ പങ്കെടുത്ത് അമേരിക്കക്കെതിരെ സംസാരിച്ചു. ‘സെയ്റ്റനിക് വേഴ്സസ്’ എഴുതിയതിന്റെ പേരില്‍ സല്മന് റുഷ്ദി ആക്രമണം നേരിട്ടപ്പോള്‍ നോവലിസ്റ്റിന് പിന്തുണയുടെ കൂടാരമൊരുക്കി അവര്‍ ആദ്യം എത്തി. വാക്കുകള്‍ അഗ്നിയാണെന്നും അതിന് സര്‍വതിനെയും ഭസ്മീകരിക്കാനുള്ള കഴിവുണ്ടെന്നും സൂസന് സൊന്റാഗ് തന്റെ രചനകളിലൂടെ തെളിയിക്കുകയായിരുന്നു. മഞ്ഞലപോലെയും വാള്‍ത്തലപോലെയും സൂസന്റെ അക്ഷരങ്ങള്‍ തിളങ്ങി. അര്‍ബുദത്തിന്റെ ഞണ്ടുകള്‍ തന്റെ ശരീരത്തെ ഭീകരമായി കാര്‍ന്നു തിന്നപ്പോഴും ലോകത്തിലെ വേദനിക്കുന്നവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും പാരതന്ത്ര്യത്തില്‍ അമര്‍ന്നു കിടന്നവര്‍ക്കും വേണ്ടി അവര്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. മരണത്തോടും രോഗത്തോടും അവര്‍ നാക്കുകൊണ്ടും വാക്കുകൊണ്ടും പൊരുതി. ജീവിതത്തെ അതിന്റെ സത്യസന്ധതയോടും നേര്‍രേഖയിലും കാണാനായിരുന്നു സൂസന് ഇഷ്ടം. കപടസദാചാരങ്ങള്‍ക്കെതിരെ അവര്‍ ശക്തമായ നിലപാടെടുത്തു.
തീവ്രപ്രണയത്തിന്റെ വഴികള്‍
സൂസന്റെ ജീവിതം തുറന്നുവച്ച ഒരു പുസ്തകമായിരുന്നു. ചൈനയില്‍ വ്യാപാരിയായിരുന്ന ജാക്ക് റോസന്‍ ബ്ലട്ടിന്റെയും മില്‍ഡ്രസിന്റെയും മകളായി 1933 ജനുവരി 16-ന് ന്യൂയോര്‍ക്ക് സിറ്റിയിലാണ് സൂസന് ജനിച്ചത്. അഞ്ചാമത്തെ വയസില്‍ അവളുടെ പിതാവ് മരിച്ചു. എട്ടു വര്‍ഷത്തിനു ശേഷം മാതാവ് മില്‍ഡ്രസ് ആര്‍മി ക്യാപ്റ്റനായിരുന്ന നാതന് സൊന്റാഗിനെ വിവാഹം കഴിച്ചു. ഇതോടെ രണ്ടാനച്ഛന്റെ കുലനാമമായ സൊന്റാഗ് സൂസന് സ്വീകരിച്ചു. അരിസോണയില്‍ ബാല്യകൗമാരങ്ങള്‍ കഴിച്ച സൂസന് പഠിക്കാന്‍ മിടുക്കിയായിരുന്നു. ഉപരിപഠനത്തിനായി അവള് ഷിക്കാഗോയിലേക്ക് പോയി. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലും തുടര്‍ന്ന് പാരീസിലും ഗവേഷക വിദ്യാര്‍ത്ഥിയായി. പഠനശേഷം അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപികയായി. 1950ല്‍ ഷിക്കാഗോ യൂനിവേഴ്സിറ്റിയിലെ അധ്യാപകനും എഴുത്തുകാരനുമായിരുന്ന ഫിലിപ് റീഫിനെ വിവാഹം കഴിച്ചു.
അന്നവള്‍ക്ക് വയസ് 17. അധികകാലം ആ കുടുംബജീവിതം നീണ്ടു നിന്നില്ല. ഉഭയലൈംഗികതയുള്ള സ്ത്രീയായിരുന്നു സൂസന്. ഒമ്പതു പേരുമായി താന്‍ പ്രണയബന്ധത്തിലായിരുന്നു എന്ന് സൂസന് കുമ്പസരിക്കുന്നുണ്ട്. അതില്‍ അഞ്ചു പേരും സ്ത്രീകളായിരുന്നു. തന്റെ ലെസ്ബിയന്‍ താല്പര്യത്തെ പതിനഞ്ചു വയസില്‍ തന്നെ അവള് തിരിച്ചറിഞ്ഞിരുന്നു. ലൈംഗികത എന്നത് സ്വകാര്യമായ കാര്യമാണെന്നും സമൂഹം അതില്‍ ഇടപെടേണ്ടതില്ലെന്നും സൂസന് പ്രഖ്യാപിച്ചു. ഐറിനെ ഫോംസ് എന്ന വനിതാ നാടകകൃത്തുമായി അവള് ഒന്നിച്ചു താമസിച്ചു. ലൂസിന്‍ഡ ചൈല്‍ഡ്സ് എന്ന സംവിധായികയുമായി അടുപ്പത്തിലായി. ആഗ്രഹങ്ങളുടെ ഒരു ശേഖരമാണ് തന്റെ ലൈബ്രറി എന്ന് അവര്‍ ഒരിക്കല്‍ എഴുതി. സ്നേഹിക്കുക എന്നാല്‍ വേദനിപ്പിക്കുക എന്നാണെന്നും അത് സ്വയം തൊലിയുരിയുന്നതിന് തുല്യമാണെന്നും സൂസന് വിശ്വസിച്ചിരുന്നു. ഏതു നിമിഷവും ഒരാള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് ഇറങ്ങിപോയേക്കാം എന്നറിയുന്നതു പോലെയാണെന്നും സൂസന് തുടര്‍ന്ന് പറയുന്നു.
സൂസന് സെന്റാഗ് ഫോട്ടോ:ഗെറ്റി ഇമേജസ്
സൗന്ദര്യത്തിന്റെ ചരിത്രനിര്‍മ്മിതി
നോവലിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടാനാണ് സൂസന് ആഗ്രഹിച്ചത്. എന്നാല്‍ സാംസ്കാരിക വിമര്‍ശകയായിട്ടാണ് ലോകം അവരെ തോളിലേറ്റിയത്. ശുദ്ധ സൗന്ദര്യ വാദിയായിരുന്നു സൂസന് സൊന്റാഗ്. ഉന്മത്തയായ സൗന്ദര്യവാദി എന്ന് അവര്‍ സ്വയം വിശേഷിപ്പിച്ചു. നിശബ്ദതയില്‍ നിന്ന് അവര്‍ സൗന്ദര്യത്തിന്റെ ശുദ്ധ സംഗീതത്തെ സൃഷ്ടിച്ചു. കലയുടെ ഏറ്റവും വലിയ തലം അതിലെ നിശബ്ദത അല്ലെങ്കില്‍ മൗനമാണെന്ന് സൂസന് നിരീക്ഷിച്ചു. തന്റെ എഴുത്ത് സ്വാതന്ത്ര്യത്തെയും സ്വയം വെളിപ്പെടുത്തലിനെയും അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് അവര്‍ പറഞ്ഞു.
ഫെമിനിസത്തിനോട് സൂസന് താല്പര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും ലേബലിലേക്ക് ചുരുങ്ങാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തികഞ്ഞ ഭൗതികവാദിയായ സൂസന് മരണാനന്തര ജീവിതത്തെ മികച്ച ഫലിതങ്ങളിലൊന്നായി കണ്ടു. ഇമ്മാനുവല്‍ കാന്റ്, ഹെഗല്‍, അന്ദ്രേ ഴീത്, കാഫ്ക എന്നിവരുടെ കൃതികളും ദര്‍ശനങ്ങളും സൂസനെ സ്വാധീനിച്ചതായി അവര്‍ പറഞ്ഞിട്ടുണ്ട്. കാല്പനികവാദികളെപോലെ വ്യക്തിയുടെ സ്വകാര്യതയായിരുന്നില്ല സൂസന് സൊന്റാഗ് എഴുത്തിന് വിഷയമാക്കിയത്. സൗന്ദര്യത്തിന്റെ പുതിയ നിര്‍വചനങ്ങള്‍ നിര്‍മ്മിക്കാനാണ് സൂസന് കലാസൃഷ്ടികളിലൂടെ ശ്രമിച്ചത്. എവിടെയും സൗന്ദര്യം അന്വേഷിക്കുക, ഏതിലും സൗന്ദര്യം കണ്ടെത്തുക എന്നതാണ് സാഹിത്യത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്ന് സൂസന് എഴുതി. മറ്റൊരര്‍ത്ഥത്തില്‍ സൗന്ദര്യത്തിന്റെ ചരിത്രം നിര്‍മ്മിക്കാനാണ് സൂസന് ശ്രമിച്ചത്. അത് സാഹിത്യ ചരിത്രത്തില്‍ അനിവാര്യമായ ഒരു കാലത്താണ് സൂസന് സാഹിത്യരചനാരംഗത്തേക്ക് കടന്നുവന്നത്. ധാര്‍മ്മിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മതത്തിന്റെ നിലനില്‍പ്പ് എന്ന കാന്റിന്റെ ദര്‍ശനത്തെയും ഫ്രഡറിക് നെഗറിന്റെ താര്‍ക്കിക ബുദ്ധിയെയും ഒരുപോലെ സൂസന് തന്റെ സൗന്ദര്യബോധത്തിലേക്ക് സ്വീകരിച്ചു. സ്വാതന്ത്ര്യം എന്ന വാക്ക് പ്രാണവായു പോലെ അവര്‍ ഉള്ളിലേക്കെടുത്തു.
സ്വാതന്ത്ര്യത്തിലേക്കുള്ള ഏതു വഴിയും സൂസന് സൊന്റാഗിന് സൗന്ദര്യത്തിലേക്ക് തുറന്നിട്ട കവാടമായിരുന്നു. സാഹിത്യം സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരാണ് എന്ന് ജിയോ ഫ്രിമോവിസുമായി നടത്തിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എഴുത്തുകാരന് ലോകത്തെ നിരന്തരം നിരീക്ഷിക്കുന്ന ഒരാളാണ്, അങ്ങനെ ആയിരിക്കുകയും വേണം എന്ന് സൂസന് മറ്റൊരിക്കല്‍ പറഞ്ഞു. എല്ലാറ്റിലും താല്പര്യമുള്ള ഒരാളാണ് (One who is interested in everything) സാഹിത്യകാരന് എന്ന് എഴുത്തുകാരെ സൂസന് നിര്‍വചിച്ചു. ‘അറ്റ് ദ സെയിം ടൈം’ എന്ന പുസ്തകത്തില്‍ സൂസന് തന്റെ സൗന്ദര്യശാസ്ത്രം അവതരിപ്പിക്കുന്നുണ്ട്. സാമൂഹ്യ ജീവിതത്തോട് ഒരു എഴുത്തുകാരി എന്ന നിലയിലുള്ള സൂസന് സൊന്റാഗിന്റെ ജാഗ്രത നമുക്ക് ഈ പുസ്തകത്തില്‍ കാണാം. ജാഗ്രതക്ക് രണ്ട് അവസ്ഥകളുണ്ടെന്ന് സൂസന് പറയുന്നു. ഉറക്കം നടിച്ചിരിക്കുന്ന അവസ്ഥയും, ഉറങ്ങുന്നു എന്ന തോന്നല്‍ നിലനിറുത്തിക്കൊണ്ട് ഉറങ്ങുന്ന അവസ്ഥയും. ഇവയ്ക്കിടയിലാണ് തന്റെ ജാഗ്രതയെന്നും താന്‍ ഉറങ്ങുന്നില്ലെന്നും ഉറങ്ങാനാകാത്ത വിധം സമൂഹം ഉണര്‍ന്നിരിക്കുമ്പോള്‍ തനിക്കെങ്ങനെയാണ് ഉറങ്ങാന്‍ കഴിയുക എന്നും സൂസന് തുടര്‍ന്നു പറയുന്നുണ്ട്.
എഴുത്തിന്റെ പാതകള്‍
സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ ഫിലോസഫി അധ്യാപികയായിരിക്കുമ്പോഴാണ് ‘ദ ബെനിഫാക്ടര്‍’ എന്ന ആദ്യ നോവല്‍ സൂസന് പ്രസിദ്ധീകരിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ‘ഡെത്ത് കിറ്റ്’ എന്ന രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്, എഴുത്തില്‍ സജീവമാകാന്‍ അവര്‍ അധ്യാപന ജോലി ഉപേക്ഷിച്ചു. ദ വേ വീ ലൈവ് ഉള്‍പ്പെടെയുള്ള ശ്രദ്ധേയമായ പല കഥകളും അച്ചടിച്ചു വന്നത് ഈ കാലത്താണ്. ഈ കഥയുടെ ആഖ്യാനകലയില്‍ സൂസന് ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ദ വോല്‍ക്കാനോ ലവര്, ഇന്‍ അമേരിക്ക എന്നീ നോവലുകളും പിന്നീട് പ്രസിദ്ധീകരിച്ചു.
നോവലുകളും കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ടെങ്കിലും സാംസ്കാരിക വിമര്‍ശക എന്ന നിലയിലാണ് സൂസന് സൊന്റാഗിനെ ലോകം അറിയുന്നത്. എല്ലാ പ്രധാനപ്പെട്ട ആനുകാലികങ്ങളിലും സൂസന്റെ രചനകള്‍ മുഖ്യസ്ഥാനം പിടിച്ചു. ‘നോട്സ് ഓണ്‍ ക്യാമ്പ്’ എന്ന ദീര്‍ഘമായ പ്രബന്ധം ദ ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്സില്‍ പ്രസിദ്ധീകരിച്ചതോടെ ബുദ്ധിജീവികളുടെ നിരയിലേക്ക് സൂസന് സൊന്റാഗ് ഉയര്‍ന്നു. പിന്നീട് ഈ പ്രബന്ധം ‘എഗന്‍സ്റ്റ് ഇന്റര്‍പ്രെറ്റേഷന്‍ ആന്റ് അദര്‍ എസേസ്’ എന്ന ആദ്യ ലേഖന സമാഹാരത്തില്‍ ചേര്‍ത്തു. 1966-ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ചുരുങ്ങിയ കാലം കൊണ്ട് നിരവധി പതിപ്പുകള്‍ ഉണ്ടായി.
സൂസന് സെന്റാഗ് ഫോട്ടോ:ഗെറ്റി ഇമേജസ്
ഫോട്ടോഗ്രാഫി എന്ന കൊലപാതകം
‘ഓണ്‍ ഫോട്ടോഗ്രഫി’ എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ സംസ്കാരിക വിമര്‍ശന രംഗത്തെ ധീരതയുള്ള ശബ്ദമായി സൂസന് സെന്റാഗ് മാറി. ഒരാളുടെ ഫോട്ടോ എടുക്കുക എന്നത് കൊലപാതകം പോലെയാണെന്നും, മൃദുവായ കൊലപാതകമാണതെന്നും സൂസന് എഴുതി. യാഥാര്‍ത്ഥ്യത്തെ തടവിലാക്കാനുള്ള മാര്‍ഗമാണ് ഫോട്ടോഗ്രാഫുകള്‍ എന്നു പറഞ്ഞുകൊണ്ട് മുതലാളിത്ത ഉപഭോക്തൃ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെ സൂസന് തന്റെ പുസ്തകത്തില്‍ അന്വേഷിക്കുന്നു. ചിത്രം എടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം അവരെ ബലാല്ക്കാരം ചെയ്യുകയാണ്. മറ്റൊരാളുടെ സ്വകാര്യതകളിലേക്ക്, അസ്തിത്വത്തിലേക്ക് കടന്നുകയറുകയാണ്. ഇതൊരു സൗന്ദര്യാത്മക ഉപഭോക്തൃത്വമാണ്. അതിന് എല്ലാവരും അടിമകളാകുന്നു. വ്യാവസായിക സമൂഹം അവരുടെ പൗരന്മാരെ പ്രതിച്ഛായാ ഭ്രാന്തന്മാരാക്കി മാറ്റുന്നു. മാനസിക മലിനീകരണത്തിന്റെ ഏറ്റവും അപ്രതിരോധ്യ രൂപമാണ് ഫോട്ടോഗ്രാഫിയെന്നും സൂസന് വിശദീകരിക്കുന്നു.
‘ഓണ്‍ ഫോട്ടോഗ്രഫി’യില്‍ അവതരിപ്പിച്ച തന്റെ കാഴ്ചപ്പാടിന് കൂടുതല്‍ കരുത്തുപകരാനും ആശയങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കാനുമാണ് അവസാന രചനയായ ‘റിഗാഡിംഗ് ദ പെയ്ന് ഓഫ് അദേഴ്സി’ല്‍ സൂസന് ശ്രമിക്കുന്നത്. ഈ പുസ്തകം ‘ഓണ്‍ ഫോട്ടോഗ്രഫി’യുടെ തുടര്‍ച്ചയായി വായിക്കാവുന്നതാണ്. വര്‍ത്തമാനകാല ദുരന്തങ്ങളെ നാം ഫോട്ടോഗ്രഫിയിലൂടെയും ടെലിവിഷന്‍ സ്ക്രീനിലൂടെയും കാണുന്നു. ഇങ്ങനെ ഹിംസയുടെ, കൂട്ടക്കുരുതിയുടെ, പീഡനങ്ങളുടെ പ്രകൃതി ദുരന്തങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും നാം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. കാമറയ്ക്ക് മുന്നില്‍ സമസ്തവും കീഴടങ്ങുന്ന ഒരവസ്ഥ. ഈ ദൃശ്യങ്ങളെ ആഗോള മുതലാളിമാര്‍ കച്ചവടം ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരുടെ വേദനകള്‍ എങ്ങനെ വിപണിവല്‍ക്കരിക്കാമെന്ന പാഠം നമ്മള് പഠിക്കുന്നു എന്നു പറഞ്ഞുകൊണ്ട് മുതലാളിത്തത്തിന്റെയും കമ്പോളവല്‍ക്കരണത്തിന്റെയും സാംസ്കാരിക ജീര്‍ണതയെ തന്റെ മൂര്‍ച്ചയേറിയ നിരീക്ഷണങ്ങള്‍ കൊണ്ട് സൂസന് വിമര്‍ശനവിധേയമാക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകളെ ഫോട്ടോഗ്രഫി എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ രണ്ടു കൃതികളിലൂടെയും സൂസന് വിശദമായി ചര്‍ച്ച ചെയ്യുന്നു.
കാമറാക്കണ്ണുകള്‍ പകര്‍ത്തിയെടുക്കുന്ന മനുഷ്യരാശിയുടെ വേദനകളുടെ ലോകത്തെ സൂസന് വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ചിത്രങ്ങള്‍ എങ്ങനെയാണ് ഹിംസയും അഭിപ്രായ ഭിന്നതയും പരിപോഷിപ്പിക്കുന്നത് എന്ന് അവര്‍ അന്വേഷിക്കുന്നു. ഇതിനായി ഗോയയുടെ പ്രസിദ്ധമായ ചിത്രം, ‘യുദ്ധക്കെടുതികള്‍’ മുതല്‍ അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന്റെയും നാസി തടവറയുടെയും ലോക മഹായുദ്ധങ്ങളുടെയും ചിത്രങ്ങള്‍വരെ വിശദമായ പഠനത്തിന് സൂസന് വിധേയമാക്കുന്നുണ്ട്. സൂസന് എഴുതി: ‘ഫോട്ടോഗ്രാഫ് ഒരു ഉദ്ധരണി പോലെയാണ്. അല്ലെങ്കില്‍ നീതിവാക്യം പോലെയോ പഴഞ്ചൊല്ലുപോലെയോ ആണ്. യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കാണുമ്പോള്‍ അതനുഭവിച്ച മനുഷ്യരുടെ വേദനകള്‍ നമ്മുടെ വേദനയായി മാറുകയാണ്. ഫോട്ടോഗ്രഫി പോലെ വേദനയുടെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മറ്റൊരു മാധ്യമമില്ല. മനുഷ്യയാതനകളുടെ രേഖപ്പെടുത്തലാണ് ഫോട്ടോഗ്രഫി.’
അരികുകളിലെ സഞ്ചാരങ്ങള്‍
കാലം അവഗണിച്ച എഴുത്തുകാരെ വീണ്ടെടുക്കുക എന്നത് ചരിത്രം നിരൂപകരെ ഏല്‍പ്പിക്കുന്ന ദൗത്യമാണ്. ഇത്തരം ചരിത്രപരമായ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് സൂസന് ഇറ്റാലിയന്‍ എഴുത്തുകാരി അന്ന ബാന്‍ടിയെയും റഷ്യന്‍ എഴുത്തുകാരന് വിക്ടര്‍ സെര്‍ജിയെയും ആവേശത്തോടെ വീണ്ടെടുക്കുന്നത്. അന്നയുടെ ‘ആര്‍ടിമിസിയ’ എന്ന നോവലിനെയും സെര്‍ജിയുടെ ‘ദ കേസ് ഓഫ് കൊമ്രേഡ് ടുലായ് വ്’ എന്ന കൃതിയെയും സൂസന് വിശദമായ പഠനത്തിന് വിധേയമാക്കുന്നു. സെര്‍ജിയുടെ പുസ്തകം സൗന്ദര്യത്തിന്റെ വന്യമായൊരു വഴിയാണെന്നും അന്നയുടെ പുസ്തകം ദാരുണമായ ജീവിതത്തിന്റെ കലാപരമായ പര്യായമാണെന്നും സൂസന് നിരീക്ഷിക്കുന്നു. അരികുവല്‍കരിക്കുകയോ അവഗണിക്കുകയോ ചെയ്ത രണ്ട് എഴുത്തുകാരെ ‘അറ്റ് ദ സെയിം ടൈം’ എന്ന കൃതിയിലൂടെ സൂസന് വിണ്ടെടുക്കുന്നു. അവര്‍ എഴുതി: ‘നഷ്ടപ്പെടുന്നതില്‍ നിന്നു തന്നെ പുതിയൊരു സൃഷ്ടി ഉണ്ടാകുന്നു. സൗന്ദര്യത്തിന്റെ മറ്റൊരു വേദിയാണത്. എല്ലാം നഷ്ടപ്പെടുമ്പോഴും എന്തൊക്കെയോ ബാക്കിയാകുന്നു.’
രോഗം എന്ന രൂപകം
‘രോഗങ്ങള്‍ ജീവിതത്തിന്റെ ഇരുണ്ട ഭാഗമാണെ’ന്ന് സൂസന് തന്റെ ഹൃദയരക്തം കൊണ്ട് കുറിച്ചിട്ടു. അങ്ങനെ കുറിക്കുമ്പോള്‍ അവര്‍ അര്‍ബുദത്തിന്റെ പിടിയില്‍ അമര്‍ന്നിരുന്നു. സ്തനാര്‍ബുദം പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ‘നിന്ദ്യമായ അര്‍ബുദം’ എന്ന് സൂസന് അതിനെ വിശേഷിപ്പിച്ചു. ഉത്കണ്ഠയുടെയും മാനസിക തകര്‍ച്ചയുടെയും നാളുകളായിരുന്നു പിന്നീട് സൂസന്. മറ്റൊരര്‍ത്ഥത്തില്‍ അര്‍ബുദം അവര്‍ക്ക് സര്‍ഗാത്മകലഹരിയുടെ വീഞ്ഞായിരുന്നു. ഇതില്‍ നിന്നാണ് സൂസന് സൊന്റാഗിന്റെ മികച്ച രണ്ട് രചനകള്‍ പിറന്നത്. രോഗികള്‍ക്ക്, രോഗികളുടെയും അരോഗികളുടെയും നാടുകളില്‍ ഇരട്ട പൗരത്വമാണുള്ളതെന്ന് സൂസന് എഴുതി. അരോഗികളുടെ നാട്ടിലെ പാസ്പോര്‍ട്ടിലാണ് എല്ലാവര്ക്കും താല്പര്യം. എന്നാല്‍ മറ്റൊരു നാട്ടിലെ പൗരന്മാര് കൂടിയാണ് നാമെന്ന് എപ്പോഴെങ്കിലുമൊരിക്കല്‍ തിരിച്ചറിയാതെ പറ്റില്ല എന്ന് സൂസന് തുടര്‍ന്ന് പറഞ്ഞു. രോഗം ഒരു രൂപകമായി സമൂഹത്തിന് മുന്നിലെത്തുന്നു. അതോടെ രോഗി അന്യവല്‍ക്കരിക്കപ്പെടുന്നു. ഇത് രോഗിയില്‍ കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ രോഗിക്ക് രോഗമല്ല പ്രശ്നം, തന്നെ രോഗിയായിക്കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടാണ്.
രോഗത്തിന്റെ ഈ രൂപകവല്‍ക്കരണത്തിനെതിരെ ശക്തമായ ഭാഷയില്‍ സൂസന് എഴുതിയ ‘ഇല്‍നസ് ആന്റ് മെറ്റഫര്‍’, ‘എയ്ഡ്സ് ആന്റ് ഇറ്റ്സ് മെറ്റഫേഴ്സ്’ എന്നീ പുസ്തകങ്ങള്‍ ലോകം വളരെ ഗൗരവത്തോടെ ചര്‍ച്ചചെയ്തു. രോഗം ഭഗവതി കോപമാണെന്ന് അപരിഷ്കൃത സമൂഹം വിശ്വസിക്കുന്നു. ഒരാളുടെ സ്വഭാവമാണ് അയാള്‍ക്ക് രോഗമുണ്ടാകാന്‍ കാരണമെന്ന വിശ്വാസം പരിഷ്കൃത സമൂഹത്തെപോലും ബാധിച്ചിട്ടുണ്ട്. ഇത്തരം സമൂഹത്തില്‍ രോഗി കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്നു. ക്ഷയം, അര്‍ബുദം, എയ്ഡ്സ് എന്നീ രോഗങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗത്തിന്റെ രൂപവല്‍ക്കരണം എന്ന ആശയത്തെ വിശാലമായ തലത്തില്‍ ഈ കൃതികളിലൂടെ ചര്‍ച്ച ചെയ്യുന്നത്.
ദൈവത്തിന്റെ ശിക്ഷയായിട്ടാണ് ക്ഷയരോഗത്തെ ഒരു കാലത്ത് സമൂഹം കണ്ടിരുന്നത്. ഗ്വെയ്ഥേ, കീറ്റ്സ്, ദസ്തയേവ്സ്കി, ചെഖോവ്, ജിബ്രാന് എന്നിവരൊക്കെ ക്ഷയരോഗികളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കാല്പനിക രോഗം എന്നാണ് ക്ഷയരോഗത്തെ വിശേഷിപ്പിച്ചത്. ഇങ്ങനെ കാല്പനികവല്ക്കരിക്കപ്പെട്ട ക്ഷയരോഗത്തിന്റെ രൂപകങ്ങളില്‍ ഒടുവിലത്തേതാണ് ഇരുപതാം നൂറ്റാണ്ടിലെ മെലിഞ്ഞ ശരീരമുള്ള പെണ്‍കുട്ടികള്‍ എന്ന് സൂസന് നിരീക്ഷിക്കുന്നു. മെലിഞ്ഞ ഇത്തരം പെണ്‍കുട്ടികളെ ക്ഷയരോഗികളായി കരുതി സമൂഹം ഒറ്റപ്പെടുത്തി. കാന്‍സര്‍ മരണവാറണ്ടാണെന്ന വിശ്വാസത്തെ സൂസന് ചോദ്യം ചെയ്യുന്നുണ്ട്. ഒളിച്ചു വയ്ക്കേണ്ടതും ലജ്ജിക്കേണ്ടതുമായ ഒരു രോഗമല്ല കാന്‍സര്‍. ആത്മവിശ്വാസത്തോടെയും സമചിത്തതയോടെയും നമുക്ക് അതിനെ എതിരിട്ട് പരാജയപ്പെടുത്തേണ്ടതുണ്ട്. എയ്ഡ്സ് രോഗം ലോകത്തെ ഭീതിയിലാഴ്ത്തിയപ്പോഴും അതിന്റെ രൂപകവല്‍ക്കരണത്തിനെതിരെ സൂസന് ശക്തമായി പ്രതികരിച്ചു.
മരണത്തെക്കുറിച്ചുള്ള പാഠങ്ങള്‍
കാന്‍സര്‍ രോഗം തന്റെ ശരീരത്തെ വളരെ വേഗത്തില്‍ കാര്‍ന്നു തിന്നു കൊണ്ടിരുന്ന കാലത്താണ് രോഗം രൂപകമാകുന്നതിന്റെ ഭവിഷ്യത്തിനെപ്പറ്റിയുള്ള പുസ്തകങ്ങള്‍ സൂസന് രചിക്കുന്നത്. ഞണ്ടുകളുടെ ലോകത്തിരുന്നുകൊണ്ട് തന്റെ വേദനകളിലൂടെ സമൂഹത്തില്‍ രോഗികള്‍ അനുഭവിക്കുന്ന വേദനകളെയാണ് സൂസന് നോക്കിക്കണ്ടത്. അത്തരം വേദനയില്‍ നിന്നും രൂപപ്പെട്ട പുസ്തകങ്ങള്‍ക്ക് ഹൃദയത്തില്‍ തൊടാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കല്‍ ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് അവര്‍ എഴുതി: ‘ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ദ്വീപിലായിരുന്നു ഞാന്‍. അവിടെവച്ച് രോഗം എന്നെ പലതും പഠിപ്പിച്ചു. ഞാന്‍ നന്നായി പഠിച്ചു. മരണത്തെക്കുറിച്ച് മറ്റാരേക്കാളും നന്നായി പഠിപ്പിക്കുവാന്‍ അതെന്നെ പ്രാപ്തയാക്കി.’
ലോകത്തെക്കുറിച്ച് ശരിയായ രീതിയില്‍ ചിന്തിക്കാനാണ് സൂസന് പഠിപ്പിച്ചത്. സ്വയം പരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആളുകളില്‍ മാത്രമേ തനിക്ക് താല്‍പ്പര്യമുള്ളൂ എന്ന് അവര്‍ പറഞ്ഞു. സ്തനാര്‍ബുദം പതിയെ ലുക്കീമിയയായി സൂസനെ കീഴ്പ്പെടുത്തി. ഈ കാലയളവില്‍ സൂസന് സാഹിത്യചരിത്രത്തിന്റെ രചനയിലായിരുന്നു. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ അനുവദിച്ചു കിട്ടിയ അധിക കാലത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് എഴുപത്തിയൊന്നാം വയസില്‍ ഈ ലോകത്തില്‍ നിന്ന് സൂസന് സൊന്റാഗ് യാത്രയായത്. മരിക്കുമ്പോള്‍ അവര്‍ ആനി ലെബോവിറ്റ്സ് എന്ന സ്വവര്‍ഗാനുരാഗിയോടൊപ്പമായിരുന്നു താമസം. ജീവിതാവസാനം വരെ വിവാദങ്ങളുടെ നടുക്കടലില്‍ ജീവിക്കാനായിരുന്നു സൂസന് സൊന്റാഗിന് താല്പര്യം.
(മാധ്യമപ്രവര്‍ത്തകനായ ജയന് മഠത്തില്‍ എഴുതിയ, ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘പ്രണയമേ, മരണമേ എന്നെയൊന്ന് പുണരൂ’ എന്ന പുസ്തകത്തിലെ ഒരധ്യായമാണ് ഈ കുറിപ്പ്.)