16 കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റിൽ കുളിമുറിയും ബാത്ത് ഡബ്ബും ഇല്ല; നഷ്ടപരിഹാരം തേടി യുവതി
തട്ടിപ്പുകൾ പല തരത്തിലാണ് നടക്കുന്നത്. അവയില്‍ മിക്കതും പ്രലോഭനത്തില്‍ നിന്നാകും തുടങ്ങുക. അത്തരമൊരു പ്രലോഭനകരമായ പരസ്യം കണ്ട് 16 കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റില്‍ ബെഡ്റൂമിലെ അറ്റാച്ച്ഡ് ബാത്ത് റൂമിലൊന്നില്‍ ബാത്ത് ഡബ്ബ് ഇല്ലെന്നും മറ്റേ ബെഡ്റൂമിനൊപ്പം കുളിമുറിപോലുമില്ലെന്നുമാണ് യുവതിയുടെ പരാതി. പ്രശസ്ത ഫാഷന്‍ കമ്പനിയായ വെർസാസുമായി ചേര്‍ന്നായിരുന്നു ഫ്ലാറ്റ് നിര്‍മ്മാണ കമ്പനി ഇന്റീരിയര്‍ ചെയ്തത്. വെര്‍സാസിന്റെ സാന്നിധ്യമാണ് ഫ്ലാറ്റിന്റെ വില കുതിച്ചുയരാന്‍ കാരണവും. എന്നാല്‍, 2019 -ല്‍ ഫ്ലാറ്റ് ബുക്ക് ചെയ്യുമ്പോൾ പറഞ്ഞിരുന്ന കാര്യങ്ങളൊന്നും ഇന്ന് ഫ്ലാറ്റിലില്ലെന്നും അതിനാല്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് യുവതി കോടതിയില്‍ കേസ് ഫയല്‍ ചെയ്തതത്.
‘ആഡംബരത്തിന്റെ അവസാനം’ എന്ന പരസ്യ വാചകത്തോടെയായിരുന്നു വെർസാസ് ടവറിന്റെ പരസ്യം. ലണ്ടനിലെ നയന്‍ എലിമിലെ അയ്കോണ്‍ ലണ്ടന്‍ ടവറിലെ 29 -ാം നിലയില്‍ രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമുള്ള ഫ്ലാറ്റും പാര്‍ക്കിംഗ് സ്ഥലം ഉൾപ്പെടെ വാങ്ങാന്‍ മി സുക് പാര്‍ക്ക് 2019 ല്‍ 4.2 കോടി രൂപ അഡ്വാന്‍സ് നല്കി. ഇതിനായി ഇവര്‍ സ്വന്തം വീട് വില്‍റ്റു. 2020 -ൽ ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു കമ്പനി ഈ സമയം മി സുകിനെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പല തവണ കൈമാറ്റം മുടങ്ങി. ഒടുവില്‍ 2022 -ലാണ് മി സുകിന് കമ്പനി ഫ്ലാറ്റ് കൈമാറിയത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം സ്വന്തം ഫ്ലാറ്റിലേക്ക് മാറാനിരുന്ന മി സുക് ഫ്ലാറ്റ് കണ്ട് ഞെട്ടി. ആദ്യം പറഞ്ഞിരുന്നതില് നിന്നും ഫ്ലാറ്റിന്റെ പ്ലാനില്‍ വലിയ വ്യാത്യാസങ്ങൾ ഉണ്ടായിരുന്നു. ഒരു ബെഡ്റൂം താരതമ്യേനെ ചെറുതായിരുന്നു. അതേസമയം ഈ ബെഡ്റൂമിന് പറഞ്ഞിരുന്ന അറ്റാച്ച്ഡ് ബാത്ത്റൂമും ഇല്ലായിരുന്നു. ഉണ്ടായിരുന്ന ഏക ബാത്ത്റൂമില്‍ ബാത്ത് ഡബ്ബും ഇല്ല.
Read More: യുഎസില്‍ പെരുമ്പാമ്പിനെ ഉപയോഗിച്ച് മോഷണ ശ്രമം; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടതായി മി സുകിന് വ്യക്തമായി. അവര്‍ ഫ്ലാറ്റ് കമ്പനിക്കെതിരെ 7.7 കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തു. എന്നാല്‍. പറഞ്ഞ സമയത്ത് മുഴുവന്‍ തുകയും നല്കി ഇടപാട് പൂര്‍ത്തിയാക്കാന്‍ മി സുകിന് കഴിഞ്ഞില്ലെന്നും ഇതിനാലാണ് അവര്‍ കേസ് ഫയല്‍ ചെയ്തതെന്നും ആരോപിച്ച കമ്പനി മി സുകിനെതിരെ, ഫ്ലാറ്റ് വാങ്ങല്‍ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ച് മറ്റൊരു കേസ് ഫയല്‍ ചെയ്തു. ഇതോടെ പരിഹാരമാകാതെ കേസ് നീണ്ടു. ഇന്നും മി സുമി താന്‍ ഫ്ലാറ്റിന് മുടക്കിയ തുക നഷ്ടപരിഹാരമടക്കും തിരികെ വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.