ബെംഗളൂരു: പെർപ്ലെക്സിറ്റി AI സഹസ്ഥാപകൻ അരവിന്ദ് ശ്രീനിവാസ് അടുത്തിടെ സീറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിന്‍റെ WTF ഓൺലൈൻ പോഡ്‌കാസ്റ്റിൽ പങ്കെടുത്തിരുന്നു, ആ പോഡ്‌കാസ്റ്റിനിടെ കാമത്ത്, പ്രതിഫലം ഇല്ലാതെ മൂന്ന് മാസത്തേക്ക് പെർപ്ലെക്സിറ്റി AI-യിൽ ഇന്‍റേണ്‍ ചെയ്യാൻ താൽപ്പര്യം അരവിന്ദ് ശ്രീനിവാസിനോട് പ്രകടിപ്പിച്ചു. രസകരമായ ഈ സംഭാഷണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
“എനിക്ക് പെർപ്ലെക്സിറ്റിയിൽ ഇന്‍റേണ്‍ ചെയ്യാൻ കഴിയുമോ, മൂന്ന് മാസം സൗജന്യമായി ജോലി ചെയ്യാൻ സാധിക്കുമോ?”- ഇതായിരുന്നു പോഡ്‌കാസ്റ്റിനിടെ നിഖില്‍ കാമത്തിന്‍റെ ചോദ്യം. കാമത്ത് ഇതിനകം ഒരുപാട് കഴിവുള്ള ആളാണെന്നും അതിപ്പോള്‍ ആവശ്യമില്ലെന്നും സൂചിപ്പിച്ച് ശ്രീനിവാസ് തമാശയായി ആദ്യം മറുപടി നൽകി.
ശ്രീനിവാസിന്‍റെ മറുപടി ഇങ്ങനെ…”നിങ്ങൾക്ക് അതിനുള്ളതിനേക്കാൾ കൂടുതൽ കഴിവുണ്ട്, പക്ഷേ…”. എന്നാല്‍ കാമത്ത് ഇടയ്ക്ക് കയറി ശ്രീനിവാസിന്‍റെ സംഭാഷണം തടസപ്പെടുത്തിക്കൊണ്ട് പറഞ്ഞു. “എന്‍റെ താല്‍പര്യം ആത്മാര്‍ഥമാണ്, കുറച്ച് മാസം അവിടെ താമസിച്ച് കുറച്ച് കാര്യങ്ങൾ പഠിച്ച് തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഞാനിപ്പോള്‍ വേണ്ടത്ര കാര്യങ്ങള്‍ പഠിക്കാത്ത ഒരാളാണ്”.
അരവിന്ദ് ശ്രീനിവാസ് ഈ ആശയം സ്വാഗതം ചെയ്തു, “നിങ്ങളെ ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ”- എന്നായിരുന്നു ശ്രീനിവാസിന്‍റെ മറുപടി. ഇതിനോട് കാമത്ത് തമാശയായി തുടർന്നു, “ഞാൻ തമാശ പറയുന്നില്ല, ഒരുപക്ഷേ അടുത്ത 30 ദിവസത്തിനുള്ളിൽ ഞാൻ അവിടെ ഉണ്ടാകും, എല്ലാ ദിവസവും നിങ്ങളെ ശല്യപ്പെടുത്തും”. ഈ സംഭാഷണത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ബെംഗളൂരുവിലെ ഇന്‍റേണ്‍ഷിപ്പ് ഓര്‍ത്തെടുത്ത് അരവിന്ദ് ശ്രീനിവാസ്
ബെംഗളൂരുവിലെ കോറമംഗലയിൽ മൂന്നാഴ്ച ജോലി ചെയ്ത ബംഗളൂരുവിലെ തന്‍റെ ഇന്‍റേണ്‍ഷിപ്പ് കാലത്തെ കുറിച്ചും പോസ്റ്റ്‌കാസ്റ്റിനിടെ അരവിന്ദ് ശ്രീനിവാസ് ഓർത്തെടുത്തു. താൻ മൂന്നാഴ്ച നഗരത്തിൽ ഇന്‍റേണ്‍ഷിപ്പ് ചെയ്തുവെന്നും, എന്നാൽ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ നഗരം ശരിയായി ചുറ്റിക്കറങ്ങാന്‍ കഴിഞ്ഞില്ലെന്നും അദേഹം പറഞ്ഞു. താൻ കൂടുതൽ സമയവും ഫ്ലാറ്റിലോ ജോലിസ്ഥലത്തോ ആയിരുന്നുവെന്നും നഗരത്തിലെ ട്രാഫിക് ഒഴിവാക്കിയെന്നും ശ്രീനിവാസ് പറഞ്ഞു. ബെംഗളൂരുവില്‍ ചെന്നൈയെക്കാൾ കാലാവസ്ഥ വളരെ മികച്ചതായിരുന്നു എന്നും അരവിന്ദ് ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.