അലൂമിനിയം കുടത്തിൽ തല കുടുങ്ങി പരക്കംപാഞ്ഞ് നായ, നാട്ടുകാർ ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല; ഒടുവിൽ ഫയർഫോഴ്സെത്തി
തിരുവല്ല: വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തിൽ തല കുടുങ്ങിയ തെരുവ് നായയെ അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. തിരുവല്ലയിലെ പെരിങ്ങര പേരൂർക്കാവിന് സമീപം ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. പേരൂർക്കാവിന് സമീപത്തെ വീടിന്റെ അടുക്കള ഭാഗത്ത് വെള്ളം നിറച്ചു വച്ചിരുന്ന കൂട്ടത്തിൽ നായ തലയിടുകയായിരുന്നു.
തല കുടത്തിൽ കുടുങ്ങിയതോടെ നായ ലക്ഷ്യമില്ലാതെ പരക്കംപാഞ്ഞു. സമീപത്തെ ഒരു പുരയിടത്തിൽ അവശനായി കിടന്നിരുന്ന നായയുടെ തലയിൽ നിന്നും കുടം നീക്കം ചെയ്യുവാൻ പരിസരവാസികളായ ചിലർ ചേർന്ന് ശ്രമം നടത്തി. ഇത് പരാജയപ്പെട്ടതോടെ തിരുവല്ലയിലെ അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് കുടത്തിന്റെ വായ് ഭാഗം മുറിച്ചു നീക്കി നായയെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, ഉദ്യോഗസ്ഥരായ ശിവപ്രസാദ്, സൂരജ് മുരളി, രഞ്ജിത്ത് കുമാർ, ഷിബിൻ രാജ്, അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.