മിഡ്-റേഞ്ചുകാരെ സന്തോഷിപ്പിക്കാന്‍ സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി; ഗാലക്‌സി എ26 ഫീച്ചറുകളും വിലയും
ദില്ലി: സാംസങ് പുതിയ 5ജി സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എ26 5ജി (Samsung Galaxy A26 5G) ഇന്ത്യയിൽ അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.7 ഇഞ്ച് വലിയ ഫുള്‍എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഡിസ്‌പ്ലേയ്ക്ക് ഇൻഫിനിറ്റി-യു നോച്ച് ഉണ്ട്, അത് ഫോണിനൊരു ആധുനിക രൂപം നൽകുന്നു. ഇതിനുപുറമെ, ഉപകരണത്തിൽ 8 ജിബി റാമും നൽകിയിട്ടുണ്ട്. ഒപ്പോ എഫ്29 5ജിക്ക് കടുത്ത മത്സരം നൽകാൻ ഈ ഫോണിന് കഴിയുമെന്ന് കമ്പനി പറയുന്നു.
ഗാലക്‌സി എ26 സ്‍മാർട്ട്‌ഫോണിൽ എക്‌സിനോസ് 1380 പ്രോസസർ ലഭിക്കുന്നു. അത് 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ് ഓപ്ഷനും ഉൾക്കൊള്ളുന്നു. ഇതുകൂടാതെ, ഇത് വൺ യുഐ 7.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്‌ഡ് 15-ൽ പ്രവർത്തിക്കുന്നു, കൂടാതെ 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 6 ഒഎസ് പതിപ്പ് അപ്‌ഡേറ്റുകളും ലഭിക്കുമെന്നും ഉറപ്പുനൽകുന്നു. ഈ ഫോണിന് ഐപി67 റേറ്റിംഗ് ഉണ്ട്. അതായത് വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഈ സ്‍മാർട്ട് ഫോൺ സംരക്ഷിക്കപ്പെടുന്നു. ഈ ശ്രേണിയിൽ ആദ്യമായിട്ടാണ് ഈ സവിശേഷത.
ഈ സ്മാർട്ട്‌ഫോണിന്‍റെ ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഓഐഎസ് പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറയാണ് ഇതിനുള്ളത്. ഇതോടൊപ്പം 8 എംപി അൾട്രാ-വൈഡ് ലെൻസും 2 എംപി മാക്രോ ക്യാമറയും ഇതിനുണ്ട്. അതേസമയം, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഫോണിൽ 13 എംപി മുൻ ക്യാമറയുണ്ട്. പവറിന് വേണ്ടി ഫോണിന് 5000 എംഎഎച്ചിന്‍റെ ശക്തമായ ബാറ്ററിയുണ്ട്. ഈ ബാറ്ററി 25 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
രൂപകൽപ്പനയുടെയും കണക്റ്റിവിറ്റിയുടെയും കാര്യത്തിൽ, സാംസങ്ങ് ഗ്യാലക്സി എ26 5ജി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഉപയോഗിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, 5 ജി കണക്റ്റിവിറ്റി, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.3, എൻഎഫ്‌സി പിന്തുണ എന്നിവ ഫോണിൽ ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാരം 200 ഗ്രാമും കനം 7.7 മില്ലിമീറ്ററുമാണ്.
ഈ ഫോണിന്‍റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, സാംസങ് ഗാലക്‌സി എ26 5ജിയുടെ 8 + 128 ജിബി വേരിയന്‍റിന് 24,999 രൂപയും 8 + 256 ജിബി മോഡലിന് 27,999 രൂപയുമാണ് വില. ഓസം ബ്ലാക്ക്, ഓസം മിന്‍റ്, ഓസം വൈറ്റ്, ഓസം പീച്ച് എന്നിങ്ങനെ നാല് നിറങ്ങളിലാണ് കമ്പനി ഇത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.