അതിർത്തി നിരീക്ഷണത്തിനായി എഐ റോബോട്ടുകൾ നിർമ്മിച്ച് ഐഐടി ഗുവാഹത്തി പിന്തുണയുള്ള സ്റ്റാർട്ടപ്പ്
ഗുവാഹത്തി: അന്താരാഷ്ട്ര അതിർത്തികളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന വിധത്തിലുള്ള നൂതന റോബോട്ടുകൾ ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗവേഷകർ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ട്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ എഐ-പവർഡ് നിരീക്ഷണവും തടസമില്ലാത്ത, തത്സമയ നിരീക്ഷണവും ഇത് വാഗ്ദാനം ചെയ്യുന്നു.
ഗുവാഹത്തി ഐഐടിയുടെ പിന്തുണയുള്ള സ്റ്റാർട്ടപ്പായ ഡോ സ്പേഷ്യോ റോബോട്ടിക് ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡ് (ഡിഎസ്ആർഎൽ) വികസിപ്പിച്ചെടുത്ത ഈ റോബോട്ടുകൾക്ക് ഇന്ത്യയുടെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുമായി സംയോജിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈ നിരീക്ഷണ സംവിധാനത്തിനായി ഇന്ത്യൻ സൈന്യം ഇതിനകം തന്നെ ഫീൽഡ് പരീക്ഷണങ്ങൾ നടത്തിവരികയാണ്.
ഈ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് റോബോട്ടുകൾ നിരവധി പ്രശ്‍നങ്ങൾ പരിഹരിക്കുന്നുവെന്ന് ഡിഎസ്ആർഎൽ സിഇഒ അർണാബ് കുമാർ ബർമൻ പറഞ്ഞു. ഡ്രോണുകൾ, സ്റ്റേഷണറി ക്യാമറകൾ, മാനുവൽ പട്രോളിംഗ് എന്നിവയെ ആശ്രയിക്കുന്ന പരമ്പരാഗത സുരക്ഷാ നടപടികളിൽ നിന്ന് വ്യത്യസ്‍തമായി, ഈ ഓട്ടോമേറ്റഡ് റോബോട്ടിക് സംവിധാനം ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പരിമിതികളെ മറികടക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തദ്ദേശീയമായ ഹൈടെക് പരിഹാരങ്ങൾ ഉപയോഗിച്ച് ദേശീയ സുരക്ഷ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് ഈ നവീകരണം പ്രതീകപ്പെടുത്തുന്നതെന്ന് ഐഐടി ഗുവാഹത്തിയിലെ ടെക്‌നോളജി ഇൻകുബേഷൻ സെന്‍റർ മേധാവി കെയൂർ സൊറാത്തിയ പറഞ്ഞു. ഈ റോബോട്ടുകൾക്ക് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആർഡിഒ) അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത് ഈ റോബോട്ടിനെ രാജ്യത്തിന്റെ പ്രതിരോധ ഘടനയിൽ ഇവ ഉൾപ്പെടുത്താനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.
ആളുകൾക്ക് പോകാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രത്യേകിച്ചും ഉപയോഗപ്രദമാകും. ഈ റോബോട്ടുകൾക്ക് രാവും പകലും പ്രവർത്തിക്കാൻ മാത്രമല്ല, കാലാവസ്ഥയുടെ വെല്ലുവിളികളെ നേരിടാനും കഴിയും. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും സംശയാസ്‍പദമായ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നത് ഇത് എളുപ്പമാക്കും. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർന്നുവരുന്ന ശക്തിയും സാങ്കേതിക നവീകരണവും ഈ സ്റ്റാർട്ടപ്പിന്‍റെ വിജയം കാണിക്കുന്നു. വരും ദിവസങ്ങളിൽ ഈ റോബോട്ടുകളുടെ വ്യാപകമായ ഉപയോഗം മൂലം രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
Read more: മൊബൈലില്‍ സ്ഥലമില്ലേ, 50 ജിബി സൗജന്യ സ്റ്റോറേജ് നേടാം; ജിയോക്ലൗഡിന്‍റെ ഏറ്റവും പുതിയ ഓഫര്‍