ന്യൂസിലൻഡിനെതിരെ പാകിസ്ഥാന് വീണ്ടും നാണംകെട്ട തോല്‍വി, 38 പന്തില്‍ 97 റണ്‍സടിച്ച് സീഫര്‍ട്ട്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്ഥാന് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തപ്പോള്‍ 38 പന്തില്‍ 97 റണ്‍സടിച്ച ഓപ്പണര്‍ ടിം സീഫര്‍ട്ടിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ വെറും 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി. 38 പന്തില്‍ 97 റണ്‍സുമായി സീഫര്‍ട്ട് പുറത്താകാതെ നിന്നപ്പോള്‍ ഫിന്‍ അലന്‍ 12 പന്തില്‍ 27 റണ്‍സടിച്ചു. ജയത്തോടെ അഞ്ച് മത്സര പരമ്പര 4-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 128-9, ന്യൂസിലന്‍ഡ് 10 ഓവറില്‍ 131-2.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് തുടക്കം മുതലെ തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഹസന്‍ നവാസിനെ(0) ജേക്കബ് ഡഫി പൂജ്യനായി മടക്കി. പവര്‍ പ്ലേ തിരും മുമ്പ് ഒമൈര്‍ യൂസഫും(7), മുഹമ്മദ് ഹാരിസും(11) ഡഗ് ഔട്ടില്‍ തിരിച്ചെത്തിയതോടെ പാകിസ്ഥാന്‍ 25-3ലേക്ക് വീണു. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ അര്‍ധസെഞ്ചുറിയുമായി(51) പൊരുതിയെങ്കിലും ഉസ്മാന്‍ ഖാനും(7), അബ്ദുള്‍ സമദും(4) കൂടി നിരാശപ്പെടുത്തിയതോടെ 58-5ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ ഷദാബ് ഖാനും സല്‍മാന്‍ ആഗയും ചേര്‍ന്നാണ് 100 കടത്തിയത്. മൂന്ന് പേര്‍ മാത്രമാണ് പാക് ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. ന്യൂസിലന്‍ഡിനായി ജിമ്മി നീഷാം നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജേക്കബ് ഡഫി രണ്ട് വിക്കറ്റെടുത്തു.

ഉത്തര്‍പ്രദേശില്‍ തൊഴിലുറപ്പ് പദ്ധതിക്കായി പേര് രജിസ്റ്റര്‍ ചെയ്തവരില്‍ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭര്‍ത്താവും

മറുപടി ബാറ്റിംഗില്‍ സീഫര്‍ട്ടിന്‍റെ വെടിക്കെട്ട് കിവീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സീഫര്‍ട്ട് ജഹ്നാദ് ഖാന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 18ഉം, അവസാന ഓവറില്‍ 25ഉം റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഫിൻ അലനുമൊത്ത് സീഫര്‍ട്ട് 6.2 ഓവറില്‍ 93 റണ്‍സടിച്ചു. ഫിന്‍ അലനെയും മാര്‍ക്ക് ചാപ്മാനെയും സൂഫിയാൻ മുഖീം പുറത്താക്കിയെങ്കിലും സീഫര്‍ട്ട് തകര്‍ത്തടിച്ച് കിവീസിനെ 10 ഓവറില്‍ വിജയത്തിലെത്തിച്ചു.  ടിം സീഫര്‍ട്ട് തന്നെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ജിമ്മി നീഷാമാണ് കളിയിലെ താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin