ഹീറോ വിദ ഇസെഡ് പരീക്ഷണയോട്ടം ആരംഭിച്ചു
ഏതാനും മാസങ്ങൾക്ക് മുമ്പ്, ഹീറോയുടെ ഇലക്ട്രിക് സ്‍കൂട്ടർ ബ്രാൻഡായ വിഡ, ലൈറ്റ്, പ്ലസ്, പ്രോ എന്നീ മൂന്ന് വേരിയന്റുകളിൽ V2 അവതരിപ്പിച്ചു. ഇപ്പോൾ കമ്പനി V2 ന്റെ പോർട്ട്ഫോളിയോ വികസിപ്പിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. അപ്‌ഡേറ്റ് ചെയ്‌ത Z പതിപ്പിന്റെ പരീക്ഷണ ചിത്രം ക്യാമറയിൽ പതിഞ്ഞു. ഇത് കൂടുതൽ താങ്ങാനാവുന്ന വിലയുള്ള ഒരു വകഭേദം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരീക്ഷണത്തിനിടെ കണ്ടെത്തിയ പ്രോട്ടോടൈപ്പ് പുതിയ സിംഗിൾ-ടോൺ മഞ്ഞ ഷേഡിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. മറ്റ് V2 വകഭേദങ്ങളെപ്പോലെ, ഇതിന് എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ് സിഗ്നേച്ചർ, സ്ലീക്ക് എഇഡി ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ ലഭിക്കുന്നു. അതേസമയം ഡ്യുവൽ-സ്‌പോക്ക് അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഇരട്ട പിൻ ഷോക്ക് അബ്സോർബറുകൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ എന്നിവയുടെ ഡിസൈൻ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മിലാനിൽ നടന്ന EICMA 2024-ൽ യൂറോപ്യൻ വിപണിയിൽ വിഡ ഇസെഡ് അവതരിപ്പിച്ചു.
ഇതിന്റെ പ്രധാന വ്യത്യാസങ്ങൾ ചെറുതായി പരിഷ്‍കരിച്ച ടെയിൽ ലാമ്പുകളും എക്സ്റ്റെൻഷനുകളില്ലാത്ത പുതുക്കിയ ഫ്രണ്ട് ഏപ്രണുമാണ്. ഇത് ഇതിന് കൂടുതൽ വൃത്തിയുള്ള രൂപം നൽകുന്നു. ഇത് സിംഗിൾ-ടോൺ ബോഡി നിറത്തിലാണ് എത്തുന്നത്. പുതിയ സിംഗിൾ-പീസ് ട്യൂബുലാർ ഗ്രാബ് റെയിലും സിംഗിൾ-പീസ് സീറ്റും ഉപയോഗിച്ച് സൈഡ് പ്രൊഫൈലും പരിഷ്‍കരിച്ചിട്ടുണ്ട്. ബേസ് ലൈറ്റ് വേരിയന്റിന് സമാനമായ ബാറ്ററി പായ്ക്ക് ഇതിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിന് ചില ഫീച്ചറുകൾ ഇതിൽ നഷ്‍ടമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പരീക്ഷണ ഓട്ടം അതിന്റെ അന്തിമ രൂപത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു ഉൽപ്പന്നം പോലെയാണ് തോന്നുന്നത്. അതിനാൽ, ഇലക്ട്രിക് സ്‍കൂട്ടർ ഉടൻ തന്നെ രാജ്യത്ത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ഇവിയുടെ പവർട്രെയിൻ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഇതിന് 2.2 kWh മുതൽ 4.4 kWh വരെ ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ വിഡ വി2 നിരയിലെ എല്ലാ വകഭേദങ്ങളും ബാറ്ററി ശേഷിയിലും പ്രകടനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. V2 ലൈറ്റിന് 2.2 kWh ബാറ്ററിയുണ്ട്, അതിൽ 94 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു, അതേസമയം V2 പ്ലസിന് 3.44 kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് 143 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ശ്രേണിയിലെ ഏറ്റവും മികച്ച V2 പ്രോയ്ക്ക് 3.94 kWh ബാറ്ററിയാണ് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 165 കിലോമീറ്റർ ഐഡിസി റേഞ്ച് ഇത് വാഗ്‍ദാനം ചെയ്യുന്നു.
പ്രകടനത്തിന്റെ കാര്യത്തിൽ, V2 ലൈറ്റ് മണിക്കൂറിൽ 69 കിലോമീറ്റർ വേഗത കൈവരിക്കുന്നു. അതേസമയം V2 പ്ലസിന് മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. പ്രോ വേരിയന്റിൽ, ഇതിന് 90 കിലോമീറ്റർ വേഗതയുണ്ട്. വെറും 2.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. മൂന്ന് ട്രിമ്മുകളിലും നീക്കം ചെയ്യാവുന്ന ബാറ്ററികൾ, ഒരു ടിഎഫ്‍ടി ഡിസ്പ്ലേ, എൽഇഡി ലൈറ്റിംഗ്, കീലെസ് ഓപ്പറേഷൻ, ക്രൂയിസ് കൺട്രോൾ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ ഉൾപ്പെടുന്നു, പ്രോ വേരിയന്റിൽ നാല് റൈഡ് മോഡുകൾ ലഭിക്കുന്നു.