എട്ടു വര്‍ഷം കൊണ്ട് സൗരോര്‍ജ ശേഷി പത്ത് മടങ്ങായി വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ എട്ടു വര്‍ഷം കൊണ്ട് സൗരോര്‍ജ ശേഷി പത്ത് മടങ്ങായി വര്‍ദ്ധിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 2017 -ല്‍ 288 മെഗാവാട്ട് ആയിരുന്ന സൗരോജശേഷി 2025 ഓടെ 2,653 മെഗാവാട്ടായി വര്‍ദ്ധിച്ചു. പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമായ ഊര്‍ജ്ജസ്രോതസ്സുകള്‍ പരമാവധി വികസിപ്പിക്കുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍കൈയില്‍ തയ്യാറാക്കിയ സൗരോജ നയമാണ് ഈ മാറ്റത്തിന് വഴി തെളിയിച്ചത്. 

അഞ്ച് വര്‍ഷത്തിനുള്ളില്‍ 22,000 മെഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022-ല്‍ സൗരോര്‍ജ നയം നിലവില്‍ വന്നത്.  ബുന്ദേല്‍ഖണ്ഡില്‍ ഒരു ഗ്രീന്‍ എനര്‍ജി കോറിഡോര്‍ വികസിപ്പിക്കുക, ഈ പ്രദേശത്തെ സൗരോര്‍ജ്ജ ഉല്‍പാദനത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റുക എന്നിവയും ഈ നയം ലക്ഷ്യം വെക്കുന്നു. 

ബുന്ദേല്‍ഖണ്ഡില്‍ 4,000 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്ക് നിര്‍മ്മാണത്തിലാണ്. കൂടാതെ ചിത്രകൂട്, ബാന്ദ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനായി 800 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതികളും നടക്കുന്നു.

എടിപിസി ഗ്രീന്‍ എനര്‍ജി, യുപിഎന്‍ഇഡിഎ, ഹിന്ദുജ, ടാസ്‌കോ തുടങ്ങിയ പ്രമുഖ ഊര്‍ജ്ജ കമ്പനികള്‍ ഝാന്‍സി, ജലൗണ്‍, ചിത്രകൂട്, ലളിത്പൂര്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. കാര്യക്ഷമമായ ഊര്‍ജ്ജ വിതരണത്തിനായി ചിത്രകൂടില്‍ 400/220 കെ വി സബ്‌സ്റ്റേഷനും ട്രാന്‍സ്മിഷന്‍ ലൈനുകളും നിര്‍മ്മിക്കുന്നുണ്ട്.

റൂഫ് ടോപ്പ്, ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതികളെ സര്‍ക്കാര്‍ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിലവില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി നല്‍കി, വീടുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമായി 508 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ റൂഫ് ടോപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ലഖ്നൗവിലെ രാജ്ഭവനിലും ഗാസിപൂര്‍, ബല്‍റാംപൂര്‍, മുസാഫര്‍ നഗര്‍, ബാഗ്പത്, സഹാറന്‍പൂര്‍, കാണ്‍പൂര്‍, ഗാസിയാബാദ്, ആഗ്ര, ബറേലി, ജൗണ്‍പൂര്‍ ജില്ലകളിലെ കളക്ടറേറ്റ് കെട്ടിടങ്ങളിലും സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റൂഫ് ടോപ്പ് സോളാര്‍ സ്ഥാപനങ്ങളില്‍ ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ശേഷം ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്താണ്.

സംസ്ഥാനത്തെ ആദ്യത്തെ ഫ്‌ലോട്ടിംഗ് സോളാര്‍ പ്ലാന്റ് ഔറയ്യയിലെ ദിബിയാപൂരില്‍ സ്ഥാപിച്ചു. ലളിത്പൂരില്‍ 1 GW ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതി നടന്നുവരുന്നു. 2026-27 ഓടെ 2.15 GW സോളാര്‍ പിവി ശേഷി വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

By admin