ഉത്തര്‍പ്രദേശില്‍ തൊഴിലുറപ്പ് പദ്ധതിക്കായി പേര് രജിസ്റ്റര്‍ ചെയ്തവരില്‍ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭര്‍ത്താവും
ലക്നൗ: ഉത്തര്‍പ്രദേശില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിയുടെ സഹോദരിയുമുണ്ടെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ നിന്നാണ് ഷമിയുടെ സഹോദരി ഷാബിനയും ഭര്‍ത്താവും ഭര്‍ത്യ സഹോദരിയും തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്തതായി കാണിച്ച് പണം കൈപ്പറ്റിയതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2021-2024 കാലയളവില്‍ തൊഴിലുറപ്പ് പദ്ധിതി പ്രകാരം ജോലി ചെയ്തതിന് ഇരുവരുടെയും അക്കൗണ്ടുകളില്‍ വേതനത്തുക എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്തയെക്കുറിച്ച് ഷമിയോ കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അംരോഹ ജില്ലയിലെ ജോയ ബ്ളോക്കിലെ പലോല ഗ്രാമത്തിലാണ് സർക്കാർ ഫണ്ട് വൻതോതിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷമിയുടെ സഹോദരി ഷാബിനയുടെ ഭർതൃമാതാവാണ് ഗുലേ ഐഷയാണ് ഇവിടുത്തെ ഗ്രാമാധ്യക്ഷ
തൊഴിലുറപ്പ് പദ്ധതിപ്രകാരം ആകെ 657 തൊഴിൽ കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ പട്ടികയിലെ 473-ാം പേരുകാരിയാണ് ഷാബിനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ൽ രജിസ്‌ട്രേഷൻ നടത്തിയശേഷം ഷാബിനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം 70,000 രൂപയോളം കൂലിയായി വന്നിട്ടുണ്ടെന്നും അതുപോലെ ഷാബിനയുടെ ഭർത്താവ് ഗസ്‌നവിയുടെ അക്കൗണ്ടിലേക്ക് കൂലിയായി ഏകദേശം 66,000 രൂപ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഷാബിനയുടെ ഭര്‍തൃസഹോദരി നേഹയുടെ പേരും ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഗ്രാമാധ്യക്ഷയായ ഗുലെ ഐഷയുടെ മകളാണ് നേഹ. ഇരുനില വീടുള്ള ഗ്രാമത്തിലെ കരാറുകാരൻ സുൽഫിക്കറിന്‍റെ പേര് പോലും തൊഴിലുറപ്പ് പദ്ധതിക്കായി പേര് രജിസ്റ്റർ ചെയ്തവരുടെ പട്ടികയിലുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് ഷമി ഇപ്പോള്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന ഷമിയെ 10 കോടി രൂപക്കാണ് ഹൈദരാബാദ് ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയത്.