തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി ബന്ധം തള്ളിയ ഇ ഡി കുറ്റപത്രത്തിന് വിരുദ്ധമായി സംസ്ഥാന പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ട്. ആറ് കോടി രൂപ കള്ളപ്പണം ബി ജെ പി ജില്ലാ ഓഫീസിൽ എത്തിയിട്ടുണ്ടെന്ന പാർട്ടി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശിന്റെ മൊഴിയിൽ വസ്തുതയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാൽ പണത്തിന്റെ ഉറവിടത്തെ പറ്റി അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണെന്നാണ് ഇ ഡി ആവർത്തിക്കുന്നത്.
കൊടകര കുഴൽപ്പണ കേസിൽ ഉത്തരങ്ങളേക്കാൾ നിരവധി ചോദ്യങ്ങളുയർത്തുന്ന ഇ ഡി കുറ്റപത്രം. കവർച്ചക്ക് ശേഷമുള്ള കള്ളപ്പണത്തിന്റെ വിനിമയം മാത്രമാണ് അന്വേഷണത്തിന്റെ പരിധിയിലെന്നും ഉറവിടം അന്വേഷിക്കേണ്ടത് ആദായ നികുതി വകുപ്പെന്നുമാണ് എൻഫോഴ്സ്മെന്റ് നിലപാട്. ഹവാല ഇടപാടുകാരനെന്ന് പൊലീസ് വിശേഷിപ്പിച്ച ധർമ്മരാജൻ പണത്തിന്റെ ഉറവിടം കാണിച്ചതോടെ കേസിൽ മുഖ്യസാക്ഷിയായി. പണത്തിന്റെ ഉറവിടം ഇ ഡി അംഗീകരിക്കുമ്പോഴും 3.5 കോടി രൂപ കവർച്ച ചെയ്യപ്പെട്ട ശേഷം മാത്രം എങ്ങനെ കള്ളപ്പണമായി മാറി എന്നതിൽ അവ്യക്തതയുണ്ട്.
പണം കവർച്ച ചെയ്തവരും ചിലവാക്കിയവരുമായ 23 പേർ മാത്രം ഇ ഡി കേസിൽ പ്രതികളാകുമ്പോൾ ബി ജെ പി ബന്ധം ആവർത്തിക്കുകയാണ് തുടരന്വേഷണ റിപ്പോർട്ടിലും സംസ്ഥാന പൊലീസ്. ആറ് കോടി രൂപ കള്ളപ്പണം തൃശൂർ ബി ജെ പി ഓഫീസിൽ എത്തിച്ചിരുന്നുവെന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തലും പ്രത്യേക അന്വേഷണ സംഘം ശരിവയ്ക്കുന്നു. പൊലീസിന്റെ അന്വേഷണ പരിധിക്ക് അപ്പുറമായതിനാൽ കേന്ദ്ര ഏജൻസികളും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധന നടത്തണമെന്നും ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെടുന്നു.
നേരത്തെ കേസിൽ ബി ജെ പി ബന്ധം ചൂണ്ടിക്കാട്ടുന്ന കുറ്റപത്രവും എഫ് ഐ ആറും പൊലീസ് കൈമാറിയിരുന്നുവെങ്കിലും ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഒന്നും ഇല്ലെന്നായിരുന്നു ഇ ഡി പ്രതികരണം. നിയമനടപടി തുടരുമെന്ന് തിരൂർ സതീശ് ആവർത്തിച്ചു. ബി ജെ പി നേതാക്കളായ കെ കെ അനീഷ് കുമാർ, അഡ്വ. കെ ആർ ഹരി , സുജൈ സേനൻ എന്നിവരെ പ്രതിചേർത്താണ് തൃശൂർ കോടതിയിൽ തിരൂർ സതീഷ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.