സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ശീലം അവസാനിപ്പിക്കുക, കാരണം ഇതാണ്

മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യുക എന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. പക്ഷേ അത് അമിതമാകുമ്പോൾ മാനസികാരോഗ്യത്തെ വലിയ രീതിയിൽ നെഗറ്റീവായി ബാധിക്കും. പലതരത്തിലും നമ്മൾ താരതമ്യം ചെയ്യാറുണ്ട്.

1.    നമ്മളെക്കാളും മികച്ച ആളുകളുമായി താരതമ്യം ചെയ്യുക- ഉദാഹരണത്തിന് ഓഫീസിൽ നമ്മളെക്കാളും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുമായി. ഇതിന്റെ ഒരു നല്ല വശം നമുക്കും അവരേപ്പോലെ ആകണം എന്ന നല്ല ഒരു ആഗ്രഹം വരും എന്നതാണ്. പക്ഷേ ഇത് നെഗറ്റീവ് ആയി മാറാതെ സൂക്ഷിക്കണം. അസൂയ, എനിക്കതുപോലെ അകാൻ കഴിയുന്നില്ല എന്ന് സ്വയം കുറ്റപ്പെടുത്തുക, ഞാൻ ഒരു വിലയില്ലാത്ത ആളാണ് എന്ന് ചിന്തിക്കുക എന്നിവ മാനസികാരോഗ്യത്തെ തകർക്കും.

2.    നമ്മളെക്കാളും മോശം അവസ്ഥയിൽ ഉള്ളവരുമായി താരതമ്യം ചെയ്യുക- നമുക്ക് അത്രയും മോശം അവസ്ഥ ഉണ്ടായില്ലല്ലോ എന്ന് ആശ്വസിക്കാൻ ഇത് സഹായകരമാണ്. പ്രത്യേകിച്ചും മനസ്സു മടുത്തിരിക്കുമ്പോൾ, ഡിപ്രെഷൻ ബാധിച്ച അവസ്ഥകളിൽ ഒക്കെ. പക്ഷേ ഇതു അമിതമാകുന്നത് മുന്നോട്ടു മെച്ചപ്പെടാൻ ആഗ്രഹിക്കാത്ത അവസ്ഥ ഉണ്ടാക്കും.

3.  സോഷ്യൽ മീഡിയയിൽ കാണുന്ന ജീവിതങ്ങളുമായി താരതമ്യം ചെയ്യുക- സുഹൃത്തുക്കൾ അവധികാലം ചിലവഴിക്കുന്നതോ, കുടുംബവുമായി സന്തോഷം പങ്കുവെക്കുന്നതോ സോഷ്യൽ മീഡിയയിൽ കണ്ട് എന്റെ ലൈഫ് മാത്രം ബോറിങ് ആണ് എന്ന് നിരന്തരം ചിന്തിക്കുന്നത് മനസ്സിനെ വിഷമിപ്പിക്കും. യഥാർത്ഥ ജീവിതത്തിൽ അവർ അങ്ങനെയാകണം എന്നില്ല. മറ്റുള്ളവർ എല്ലാവരും വീടു വെച്ചു, യാത്രകൾ പോകുന്നു എന്നതെല്ലാം നമ്മളെ അമിതമായി ബാധിച്ചു നമുക്കു കഴിയുന്നതിലും അധികം പണം ചിലവാക്കി പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന രീതി അപകടകരമാണ്.

അമിതമായി താരതമ്യം ചെയ്യാനുള്ള കാരണങ്ങൾ  

●    മറ്റെല്ലാവരും നമ്മളെക്കാൾ മികച്ചവർ ആണ് എന്ന തോന്നൽ 
●    സ്വയം വിലയില്ലായ്മ 
●    മറ്റുള്ളവർ വിജയിക്കുന്നത് കാണുമ്പോൾ നമ്മൾ  ഒന്നുമില്ലാത്തവരാണ് എന്ന് തോന്നുക 
●    സ്വന്തം നേട്ടങ്ങളെക്കുറിച്ചു അമിതമായ പ്രതീക്ഷ വെക്കുക- എന്നാൽ അതിൽ ഒരു ശതമാനം എങ്കിലും കുറവു വന്നാൽ അതിനെ വലിയ പരാജയമായി കാണുക 
●    ചെറുപ്പം മുതലേ കൂട്ടുകാരുമായും സഹോദരങ്ങളുമായും പഠനത്തിലും എല്ലാ കാര്യങ്ങളിലും താരതമ്യം ചെയ്തു വന്ന സാഹചര്യം വീട്ടിൽ ഉണ്ടാവുക. 

മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും 

അമിതമായി താരതമ്യം ചെയ്യുന്ന രീതി ആത്മവിശ്വാസം കുറയ്ക്കും, സ്വന്തം കഴിവുകളെപ്പറ്റി സംശയം തോന്നും, നമ്മൾ വിജയിക്കുമ്പോൾ പോലും അത് വളരെ നിസ്സാരമാണ് എന്ന് ചിന്തിക്കും, അമിതമായി ചിന്തിച്ചുകൂട്ടും, ആളുകൾ കളിയാക്കും എന്നു ഭയന്ന് അവരെ ഒഴിവാക്കും. 
എങ്ങനെ ഇതു പരിഹരിക്കാം. 

എന്തൊക്കെയാണ് നമ്മളെ നെഗറ്റീവ് ആയി ബാധിക്കുന്നതു എന്ന് ആദ്യം തിരിച്ചറിയുക. ഉദാ: സോഷ്യൽ മീഡിയ ആണോ, ചില വ്യക്തികൾ ആണോ, അതോ ജോലി സ്ഥലമാണോ എന്ന് മനസ്സിലാക്കുക. സ്വന്തം കുറവിനെപ്പറ്റി ആലോചിച്ചു സമയം കളയാതെ മെച്ചപ്പെടാൻ എന്തു ചെറിയ സ്റ്റെപ് ഇപ്പോൾ എടുക്കാം എന്ന് കരുതുക. നമുക്കു പ്രചോദനമാകുന്ന വ്യക്തികളെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുക.

നമ്മൾ ഓരോ വർഷവും എത്രമാത്രം മെച്ചപ്പെടുന്നുണ്ട് എന്ന് നമ്മുടെ തന്നെ വിവിധ ഘട്ടങ്ങളെ താരതമ്യം ചെയ്യുക. നമുക്കു സന്തോഷം കിട്ടുന്ന രീതിയിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം. എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി മാത്രം എല്ലാ കാര്യങ്ങളും ചെയ്യേണ്ട കാര്യമില്ല. ജീവിതത്തിലെ നല്ല കാര്യങ്ങളെ ഓർത്തു സമാധാനിക്കാൻ ശീലിക്കാം. 

(ലേഖിക പ്രിയ വർ​ഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ :  8281933323) 

കണ്ണൂരിൽ സ്നേഹത്തിനായി 12 വയസ്സുകാരിയുടെ ക്രൂരകൃത്യം; സിബ്ലിങ്ങ് റൈവൽറിയും മനഃശാസ്ത്രപരമായ മറ്റു കാര്യങ്ങളും

 

 

By admin