ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി, 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കല്‍പ്പറ്റ: ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്തത് അറിഞ്ഞ് പ്രതി ഒളിവില്‍ പോകുകയായിരുന്നു.
വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, പ്രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, സച്ചിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് സാബു പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ക്ക് വിധേയമാക്കി.