Startup India Guide: സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ, സമഗ്രവിവരങ്ങള്‍
ഇന്ത്യയില്‍, സ്റ്റാര്‍ട്ടപ്പുകള്‍ അതിവേഗം വളരുകയാണ്. സാങ്കേതികവിദ്യ, ഉത്പാദനം, സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പുതിയ ബിസിനസുകള്‍ ഉയര്‍ന്നുവരുന്നു. സംരംഭകത്വം, നവീന ആശയങ്ങള്‍, എളുപ്പത്തിലുള്ള ബിസിനസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചതോടെ ഈ വളര്‍ച്ചയ്ക്ക് ആക്കം കൂടി. 2016-ല്‍ ആരംഭിച്ച ഈ പദ്ധതി സാമ്പത്തിക സഹായം, നികുതി ഇളവുകള്‍, ലളിതമായ നിയമങ്ങള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നു. ഇത് മത്സരാധിഷ്ഠിത വിപണിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ സഹായിക്കുന്നു.
സ്വന്തമായി ഒരു സംരംഭകനാകാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തെക്കുറിച്ചും അതില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്നും മനസിലാക്കുന്നത് ഗുണകരമാണ്. രജിസ്‌ട്രേഷന്‍ പ്രക്രിയ, ലഭ്യമായ ആനുകൂല്യങ്ങള്‍, രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള യോഗ്യതകള്‍ എന്നിവ താഴെ പറയുന്നു.
എന്താണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം?
ഇന്ത്യയിലുടനീളമുള്ള പുതിയ ബിസിനസുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് 2016 ജനുവരി 16-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം. നവീന ആശയങ്ങള്‍, സാങ്കേതികവിദ്യ, വലിയ തോതിലുള്ള ബിസിനസ് മോഡലുകള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ബിസിനസുകള്‍ എളുപ്പമാക്കുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സങ്കീര്‍ണ്ണ നിയമങ്ങള്‍, സാമ്പത്തിക ലഭ്യതയുടെ കുറവ്, ആശയങ്ങള്‍ വികസിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള യോഗ്യതകള്‍ എന്തൊക്കെ?
രജിസ്‌ട്രേഷന് ഒരുങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ബിസിനസ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ നിര്‍വചന പ്രകാരം ഒരു ‘സ്റ്റാര്‍ട്ടപ്പ്’ യോഗ്യത ഉള്ളതാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ പദ്ധതി പ്രകാരം നവീനാശയങ്ങള്‍ ഉള്ളതും വലിയ സാധ്യതയുള്ളതുമായ ബിസിനസ്സുകള്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂ എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പ് നിര്‍വ്വചനം:
സ്ഥാപനം അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍: ഇന്ത്യയില്‍ സ്ഥാപിച്ചതും രജിസ്റ്റര്‍ ചെയ്യതുമായിരിക്കണം. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (LLP) അല്ലെങ്കില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമോ ആകാം.
സംരംഭത്തിന്റെ പഴക്കം: സ്റ്റാര്‍ട്ടപ്പിന് 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകാന്‍ പാടില്ല. അവ എത്ര വളര്‍ന്നാലും പ്രശ്‌നമില്ല.
വാര്‍ഷിക വിറ്റുവരവ്:
വാര്‍ഷിക വിറ്റുവരവ് മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ 100 കോടിയില്‍ കൂടാന്‍ പാടില്ല.
നവീനാശയങ്ങള്‍: നവീനാശയങ്ങള്‍, സാങ്കേതികവിദ്യ അല്ലെങ്കില്‍ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള വലിയ മോഡലുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ അല്ലെങ്കില്‍ വാല്യു ആഡഡ് സൊല്യൂഷന്‍സ് എന്നിവ ലക്ഷ്യമിടണം.
പുതുക്കിയ ബിസിനസ് ആവരുത്: നിലവിലുള്ള ഒരു സ്ഥാപനം വിഭജിച്ചോ പുനഃസംഘടിപ്പിച്ചോ ഉണ്ടാക്കിയ ബിസിനസ്സിനെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം: 30 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും
ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയില്ലാത്തത് ആര്‍ക്കൊക്കെ?
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബിസിനസ് സംരംഭത്തെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നവീനാശയങ്ങളോ സാങ്കേതികവിദ്യയോ ഉള്‍പ്പെടാത്തതോ വികസിപ്പിക്കാന്‍ കഴിയാത്തതോ ആയ ഒരു ബിസിനസിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയില്ല.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങള്‍ എന്തൊക്കെ?
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചുവെങ്കില്‍, സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യാം. ഇത് സാമ്പത്തിക സഹായം, നികുതി ഇളവുകള്‍, നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങള്‍ ഇവയാണ്:
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്: സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ, വിഭവങ്ങള്‍, ഉപദേശം, അവസരങ്ങള്‍ എന്നിവ ലഭ്യമായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ് ഏകജാലക പ്ലാറ്റ്ഫോം നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയും. ഇത് ഇന്‍കുബേറ്ററുകള്‍, നിക്ഷേപകര്‍, ആക്‌സിലറേറ്ററുകള്‍ എന്നിവയുടെ ശൃംഖലയുമായി നിങ്ങളെ ബന്ധിപ്പിക്കുന്നു.
ആദായ നികുതി ഇളവ്: ആദ്യ ഏഴ് വര്‍ഷങ്ങളില്‍ മൂന്ന് വര്‍ഷത്തേക്ക് ആദായനികുതി ഇളവിന് അര്‍ഹത ലഭിക്കുന്നു.
ഏഞ്ചല്‍ ടാക്‌സ് ഇളവ്: ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏഞ്ചല്‍ ടാക്‌സ് ഒഴിവാക്കുന്നു,
നികുതി ഇളവ്: ആദ്യ മൂന്ന് വര്‍ഷത്തേക്ക് ലാഭത്തിന്മേല്‍ 100% നികുതി ഇളവ് നേടാനാകും. പണത്തിന്റെ ഒഴുക്ക് കുറവുള്ള ആദ്യ ഘട്ടങ്ങളില്‍ ഇത് വളരെ സഹായകമാകും.
സാമ്പത്തിക സഹായവും ഫണ്ടിംഗും: വെഞ്ച്വര്‍ ക്യാപിറ്റല്‍ (VC) സ്ഥാപനങ്ങള്‍ വഴി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാര്‍ 10,000 കോടിയുടെ ഒരു ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നേരിട്ട് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നില്ല, മറിച്ച് നൂതനമായ ബിസിനസ്സുകളില്‍ നിക്ഷേപം നടത്തുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ക്ക് പണം നല്‍കുന്നു.
വായ്പകളിലേക്ക് എളുപ്പത്തില്‍ പ്രവേശനം: ഈടില്ലാതെ വായ്പകള്‍ നല്‍കുന്ന CGTMSE-Credit Guarantee Fund Trust for Micro and Small Enterprises പോലുള്ള പദ്ധതികളിലൂടെ വായ്പകള്‍ ലഭ്യമാക്കുന്നു.
ഇന്‍കുബേഷന്‍, നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍: ബിസിനസുകള്‍ക്ക് വളരാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം, വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന നിരവധി ഇന്‍കുബേഷന്‍ സെന്ററുകളും ആക്‌സിലറേറ്ററുകളും ആക്‌സസ് ചെയ്യാന്‍ കഴിയും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഈ സ്‌കീമുകള്‍ക്കായി അപേക്ഷിക്കാന്‍ കഴിയും, ഇത് സാധ്യതയുള്ള നിക്ഷേപകരുമായും പങ്കാളികളുമായും നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍ നല്‍കുന്നു.
ബൗദ്ധിക സ്വത്തവകാശ നിയമ പിന്തുണ: നൂതനമായ പരിഹാരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശം ഒരു പ്രധാന ആസ്തിയാണ്. പേറ്റന്റ്, വ്യാപാരമുദ്ര ഫയലിംഗ് ഫീസുകളില്‍ സര്‍ക്കാര്‍ 80% കിഴിവ് നല്‍കുന്നു, ഇത് ബൗദ്ധിക സ്വത്തവകാശങ്ങള്‍ (Intellactual Property Rights (IPR)) സംരക്ഷിക്കുന്നതിനുള്ള ചിലവ് കുറയ്ക്കുന്നു.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയില്‍ സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?
1: ബിസിനസ്സ് ഘടന തീരുമാനിക്കല്‍
സ്റ്റാര്‍ട്ടപ്പ് ഇനി പറയുന്ന രീതികളില്‍ ഒന്ന് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്:
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (പ്രൈവറ്റ് ലിമിറ്റഡ്): പരിമിതമായ ബാധ്യതയും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് സ്വരൂപിക്കുന്നതിനുള്ള മികച്ച അവസരങ്ങളും ഉള്ളതാണ് ഇത്.
ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (LLP): കൂടുതല്‍ വഴക്കമുള്ളതും കുറഞ്ഞ പങ്കാളികളുള്ള ചെറിയ സംരംഭങ്ങള്‍ക്ക് അനുയോജ്യം.
പാര്‍ട്ണര്‍ഷിപ്പ് വ്യവ്‌സഥ: പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥ മറ്റൊരു മാര്‍ഗമാണ്. ഇത് മറ്റ് രണ്ട് രീതികളേക്കാളും ഔപചാരികത കുറഞ്ഞതാണ്.
ബിസിനസ് ഘടന തീരുമാനിച്ചു കഴിഞ്ഞാല്‍, Ministry of Corporate Affairs (MCA) -ല്‍ നിന്ന് ആവശ്യമായ രജിസ്‌ട്രേഷന്‍ നേടണം. ഈ പ്രക്രിയയുടെ ഭാഗമായി, നിങ്ങള്‍ ഒരു Director Identification Number (DIN), Digital Signature Certificate (DSC) എന്നിവയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.
2: സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക
ഒരു അക്കൗണ്ട് ഉണ്ടാക്കുക: ഔദ്യോഗിക സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വെബ്‌സൈറ്റില്‍ (https://www.startupindia.gov.in/) രജിസ്റ്റര്‍ ചെയ്ത് ഒരു അക്കൗണ്ട് ഉണ്ടാക്കുക.
രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക: ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, ബിസിനസ്സ് വിഭാഗം, പ്രധാന ബിസിനസ്സ് ആശയങ്ങള്‍ എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കണം. കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കുക.
രേഖകള്‍ അപ്ലോഡ് ചെയ്യുക: നിങ്ങളുടെ സ്ഥാപന സര്‍ട്ടിഫിക്കറ്റ്, PAN കാര്‍ഡ്, ബിസിനസ്സ് പ്രവര്‍ത്തനത്തിന്റെ തെളിവ് തുടങ്ങിയ പ്രധാന രേഖകള്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ബാധകമെങ്കില്‍, നിങ്ങളുടെ GST രജിസ്‌ട്രേഷന്‍ നമ്പറും നല്‍കുക.
സ്വയം സാക്ഷ്യപ്പെടുത്തല്‍: രജിസ്‌ട്രേഷന്റെ ഭാഗമായി, നിങ്ങളുടെ ബിസിനസ്സ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.
അംഗീകൃത സര്‍ട്ടിഫിക്കറ്റ് നേടുക: നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്ത് അംഗീകരിച്ച ശേഷം, നിങ്ങള്‍ക്ക് ഒരു സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിങ്ങളുടെ യോഗ്യതയുടെ തെളിവായി ഈ സര്‍ട്ടിഫിക്കറ്റ് വര്‍ത്തിക്കുന്നു.
അധിക സൗകര്യങ്ങള്‍ക്കായി അപേക്ഷിക്കുക (ആവശ്യമെങ്കില്‍)
സ്റ്റാര്‍ട്ടപ്പ് സ്ഥാപനം രജിസ്റ്റര്‍ ചെയ്ത ശേഷം, നിങ്ങള്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്ന അധിക സൗകര്യങ്ങള്‍ക്കായി അപേക്ഷിക്കാവും.
ആദായനികുതി ഇളവ്: നികുതി ആനുകൂല്യങ്ങള്‍ നേടുന്നതിന് ആദായനികുതി നിയമപ്രകാരം ആദായനികുതി ഇളവിനായി അപേക്ഷിക്കുക.
ധനകാര്യവും വായ്പകളും: നിങ്ങള്‍ക്ക് പണം ആവശ്യമുണ്ടെങ്കില്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ട് ഓഫ് ഫണ്ട്‌സില്‍ (FFS) നിന്ന് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.
IPR പിന്തുണ: നിങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്, കുറഞ്ഞ ഫയലിംഗ് ഫീസ് ആനുകൂല്യങ്ങള്‍ നേടാനും സാധിക്കും.
സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെ?
സ്ഥാപന സര്‍ട്ടിഫിക്കറ്റ്: നിങ്ങളുടെ ബിസിനസ്സ് Ministry of Corporate Affairs (MCA) ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവ്.
PAN കാര്‍ഡ്: നിങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ PAN കാര്‍ഡിന്റെ ഒരു പകര്‍പ്പ്.
GST രജിസ്‌ട്രേഷന്‍: നിങ്ങളുടെ GST രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു പകര്‍പ്പ് നല്‍കുക.
ആധാര്‍ കാര്‍ഡ്: സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുടെയോ സ്ഥാപകരുടെയോ ആധാര്‍ കാര്‍ഡ്.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍: സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും.
ബിസിനസ് പ്ലാന്‍: നിങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന വിശദമായ ബിസിനസ് പ്ലാന്‍.
സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍
സ്റ്റാര്‍ട്ടപ്പ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നത് ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
നിയന്ത്രണപരമായ തടസ്സങ്ങള്‍ മറികടക്കുക: സര്‍ക്കാര്‍ ഏജന്‍സികളുമായി ഇടപഴകുമ്പോള്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ ചില ചുവപ്പുനാടകള്‍ നേരിടേണ്ടി വന്നേക്കാം.
സാമ്പത്തിക സഹായത്തിനായുള്ള മത്സരം: സാമ്പത്തിക സഹായം ലഭ്യമാണെങ്കിലും, വെഞ്ച്വര്‍ ക്യാപിറ്റലിനോ വായ്പകള്‍ക്കോ വേണ്ടിയുള്ള മത്സരം കടുത്തതാകാം.
അവബോധ പ്രശ്‌നങ്ങള്‍: സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്ക് കീഴില്‍ ലഭ്യമായ എല്ലാ ആനുകൂല്യങ്ങളെക്കുറിച്ചും പല സംരംഭകര്‍ക്കും പൂര്‍ണ്ണമായ അവബോധമില്ല. വിഭവങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള അറിവില്ലായ്മ ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തടസ്സമായേക്കാം.