‘എമ്പുരാന്‍’ അഡ്വാന്‍സ് ബുക്കിം​ഗില്‍ സംശയം പ്രകടിപ്പിച്ച് മാധ്യമ പ്രവര്‍ത്തക; പൃഥ്വിരാജിന്‍റെ പ്രതികരണം

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് വലിയ പ്രീ റിലീസ് പ്രതീക്ഷകളുമായി എത്തുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗം, മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസില്‍ എത്തുന്ന ചിത്രം, നായകന്‍ മോഹന്‍ലാല്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ നേരത്തേ ഹൈപ്പ് സൃഷ്ടിച്ചിരുന്ന ചിത്രം പ്രീ റിലീസ് പ്രൊമോഷന്‍ പരിപാടികളോടെ രാജ്യമൊട്ടാകെ ചര്‍ച്ചയായിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗില്‍ മലയാളത്തിലെ റെക്കോര്‍ഡ് ആണ് എമ്പുരാന്‍ സൃഷ്ടിച്ചിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രം 60 കോടി പിന്നിട്ടിരിരുന്നു. മറുഭാഷാ സിനിമാപ്രേമികളില്‍ ചിലര്‍ ഈ കണക്കുകളില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ടും സോഷ്യല്‍ മീഡിയയില്‍ സമീപദിവസങ്ങളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. 

ഇന്നലെ ദില്ലിയില്‍ നടത്തിയ പ്രൊമോഷണല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തക ഇക്കാര്യം ചോദിക്കുകയായിരുന്നു. ഈദ് റിലീസ് ആയി എത്തുന്ന സല്‍മാന്‍ ഖാന്‍റെ ബോളിവുഡ് ചിത്രത്തിന്‍റെ കണക്കുകളുമായി തട്ടിച്ചുകൊണ്ടായിരുന്നു എമ്പുരാന്‍ അഡ്വാന്‍സ് കളക്ഷനെക്കുറിച്ചുള്ള ചോദ്യം. അതിനുള്ള പൃഥ്വിരാജിന്‍റെ മറുപടി ഇങ്ങനെ- അഡ്വാന്‍സ് ബുക്കിം​ഗ് ഡാറ്റ വെറുതെ ഉണ്ടാക്കി എടുക്കുന്നതല്ല. അതെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ്. നിലവില്‍ മലയാളം സിനിമയെ സംബന്ധിച്ചെങ്കിലും ഇത്തരത്തില്‍ ഒരു സംഖ്യയുമായി വെറുതെ കടന്നുവരാന്‍ പറ്റില്ല, പൃഥ്വിരാജ് പറഞ്ഞു. 

കാരണം ഓരോ തിയറ്ററുകളിലെയും ഡിസിആര്‍ (ഡെയ്‍ലി കളക്ഷന്‍ റിപ്പോര്‍ട്ട്) ഇന്ന് ഓണ്‍ലൈന്‍ ആയി ലഭ്യമാണ്. ആര്‍ക്ക് വേണമെങ്കിലും അത് പരിശോധിക്കാവുന്നതാണ്. ഏതൊക്കെ സ്ഥലത്ത് എത്രയൊക്കെ ടിക്കറ്റുകള്‍ വിറ്റു എന്നത്. പിന്നെ, ഈ സംഖ്യകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളല്ല, മറിച്ച് മറ്റുള്ളവര്‍ ആണ്. ഈ സിനിമയ്ക്ക് ഇത്രത്തോളം കാത്തിരിപ്പ് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നത് ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്ന സംഖ്യ സാധാരണ മലയാളത്തിലെ വലിയ മലയാളം ഹിറ്റുകളുടെ ലൈഫ് ടൈം ​ഗ്രോസ് ആണ്. അതാണ് അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഞങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. 27-ാം തീയതി പ്രേക്ഷകരുടെ ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പൃഥ്വിരാജ് പറഞ്ഞവസാനിപ്പിക്കുന്നു.

ALSO READ : സംവിധാനം സഹീര്‍ അലി; ‘എ ഡ്രമാറ്റിക്ക് ഡെത്ത്’ ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin