പവര്‍ പ്ലേയിൽ കരുത്തുകാട്ടി പഞ്ചാബ്; അടിച്ചുതകർത്ത് പ്രിയാൻഷും ശ്രേയസും

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബിന് മികച്ച തുടക്കം. പവ‍ര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് കിംഗ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്. 5 റൺസ് നേടി പുറത്തായ ഓപ്പണ‍ര്‍ പ്രഭ്സിമ്രാൻ സിംഗിന്റെ വിക്കറ്റാണ് പവർ പ്ലേയ്ക്കുള്ളിൽ പഞ്ചാബിന് നഷ്ടമായത്. പവർ പ്ലേ പൂർത്തിയായതിന് പിന്നാലെ ഫോമിലായിരുന്ന പ്രിയാൻഷ് ആര്യയുടെ (23 പന്തിൽ 47) വിക്കറ്റും പഞ്ചാബിന് നഷ്ടമായിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 പന്തിൽ 24 റൺസുമായി നായകൻ ശ്രേയസ് അയ്യരും 3 പന്തിൽ 7 റൺസുമായി അസ്മത്തുള്ള ഒമർസായിയുമാണ് ക്രീസിൽ. 

ആദ്യ ഓവറിൽ മുഹമ്മദ് സിറാജാണ് ഗുജറാത്തിന് വേണ്ടി പന്തെറിയാനെത്തിയത്. ആദ്യ പന്തിൽ റൺസ് കണ്ടെത്താനായില്ലെങ്കിലും തൊട്ടടുത്ത പന്ത് ബൗണ്ടറി കടത്തി പ്രിയാൻഷ് ആര്യ സാന്നിധ്യമറിയിച്ചു. രണ്ടാം പന്തിൽ ലെഗ് ബൈ ബൗണ്ടറി. ആദ്യ ഓവ‍ര്‍ അവസാനിച്ചപ്പോൾ 8 റൺസ്. രണ്ടാം ഓവറിൽ കാഗിസോ റബാഡയെ കടന്നാക്രമിക്കാനുള്ള പ്രിയാൻഷിന്റെ ശ്രമം പാളിയെങ്കിലും ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ ഗുജറാത്ത് ഫീൽഡര്‍മാര്‍ക്ക് കഴിഞ്ഞില്ല. അവസാന പന്തിൽ പ്രഭ്സിമ്രാൻ സിംഗ് ബൗണ്ടറി കണ്ടെത്തി. രണ്ട് ഓവറിൽ 16 റൺസ്. സിറാജ് എറിഞ്ഞ മൂന്നാം ഓവറിൽ ആദ്യ നാല് പന്തുകളിൽ പ്രഭ്സിമ്രാൻ വിയര്‍ത്തെങ്കിലും അവസാന രണ്ട് പന്തിൽ ഒരു ബൗണ്ടറിയും സിക്സറും കണ്ടെത്തി പ്രിയാൻഷ് സമ്മര്‍ദ്ദമകറ്റി. 

നാലാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ പ്രഭ്സിമ്രാനെ പുറത്താക്കി കാഗിസോ റബാഡ ഗുജറാത്തിന് മേൽക്കൈ സമ്മാനിച്ചു. 8 പന്തിൽ 5 റൺസുമായി പ്രഭ്സിമ്രാൻ മടങ്ങിയതോടെ നായകൻ ശ്രേയസ് അയ്യ‍ര്‍ ക്രീസിലെത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ മനോഹരമായ സ്ര്ടെയ്റ്റ് ഡ്രൈവിലൂടെ ശ്രേയസ് അക്കൗണ്ട് തുറന്നു. അഞ്ചാം പന്തിൽ ഒരു സിക്സ‍ര്‍ സഹിതം റബാഡയുടെ ഓവറിൽ പിറന്നത് 14 റൺസ്. അഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ടീം സ്കോര്‍ 50 കടത്തി പ്രിയാൻഷിന്റെ ബൗണ്ടറിയെത്തി. അ‍കര്‍ഷാദ് ഖാൻ എറിഞ്ഞ 5-ാം ഓവറിൽ മാത്രം മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 21 റൺസാണ് പ്രിയാൻഷ് അടിച്ചെടുത്തത്. പവര്‍ പ്ലേയുടെ അവസാന ഓവറിൽ 10 റൺസ് കൂടി അടിച്ചെടുത്ത് പഞ്ചാബ് സ്കോര്‍ ഉയര്‍ത്തി.

READ MORE: ഹോം ഗ്രൗണ്ടിൽ നിർണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റൻസ്; പഞ്ചാബ് കിംഗ്സിനെതിരെ ഫീൽഡിംഗ് തെരഞ്ഞെടുത്തു

 

By admin