തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെ കര്‍ഷകര്‍ ജീവനൊടുക്കുമ്പോള്‍  സര്‍ക്കാരിന്റെ നെല്ല് സംഭരണത്തില്‍ വന്‍ അഴിമതി നടക്കുന്നതായി ഓപ്പറേഷന്‍ റൈസ് ബൗള്‍ എന്ന കൂട്ട റെയ്ഡുകളില്‍ അടുത്തിടെ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ തട്ടിപ്പ് നടത്തിയും സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവിലയില്‍ വെട്ടിപ്പ് നടത്തിയുമാണ് ക്രമക്കേടുകളേറെയും. സപ്ലൈകോ മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, ഏജന്റുമാര്‍ എന്നിവര്‍ ചേര്‍ന്ന് വന്‍തുക തട്ടിയെടുക്കുന്നെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഈ തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടും കാര്യമായ തുടര്‍നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നില്ലെങ്കിലും വ്യാജന്മാര്‍ തട്ടിപ്പിലൂടെ പണം കൈക്കലാക്കുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടില്‍ ഒരു കര്‍ഷകന്‍ യഥാര്‍ത്ഥത്തില്‍ 65 സെന്റില്‍ നെല്‍കൃഷി നടത്തിയ ശേഷം നാലേക്കറില്‍ കൃഷി ചെയ്യുന്നതായി കാണിച്ച് സബ്‌സിഡി നേടി. 
കൊല്ലം ഇടമുളയ്ക്കലില്‍ നാലേക്കറില്‍ ഒരു കര്‍ഷകന്‍ നെല്‍കൃഷി നടത്തി സബ്‌സിഡി വാങ്ങി സപ്ലൈകോയ്ക്ക് നെല്ല് നല്‍കുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും സ്ഥല പരിശോധനയില്‍ ഈ കര്‍ഷകന് 1.55 ഏക്കറില്‍ മാത്രമേ നെല്‍കൃഷിയുള്ളൂവെന്ന് കണ്ടെത്തി. 
ഓടനാവട്ടത്ത് 140 സെന്റ് സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നതായി രേഖയുണ്ടെങ്കിലും യാഥാര്‍ത്ഥത്തില്‍ 73 സെന്റ് സ്ഥലത്ത് മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. ശൂരനാട് 1.5 ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ 91 സെന്റ് സ്ഥലത്ത് മാത്രമേ നെല്‍കൃഷി ചെയ്യുന്നുള്ളൂവെന്നും വിജിലന്‍സ് കണ്ടെത്തി.
കോട്ടയത്ത് സപ്ലൈകോയുടെ കീഴിലുള്ള പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ ചില കര്‍ഷകര്‍ മില്ലുകാര്‍ക്ക് വേണ്ടി ഏജന്റുമാരായി പ്രവര്‍ത്തിച്ച് കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ഓരോ ക്വിന്റല്‍ നെല്ലിനും 2 മുതല്‍ 8 കിലോഗ്രാം നെല്ല് വരെ കൂടുതല്‍ ശേഖരിക്കുന്നതായും കണ്ടെത്തി. കല്ലറ കൃഷി ഓഫീസിന്റെ പരിധിയിലുള്ള പാടശേഖരത്തെ ഒരു കര്‍ഷകന്‍ യഥാര്‍ത്ഥത്തിലുള്ള കൃഷി ഭൂമിയേക്കാള്‍ രണ്ടേക്കര്‍ കൂടുതല്‍ സപ്ലൈകോയുടെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ആനുകൂല്യങ്ങള്‍ നേടി. 
ആലപ്പുഴ മങ്കൊമ്പില്‍ ഏഴ് കര്‍ഷകരുടേതായി 4.80 ഏക്കറില്‍ നെല്‍കൃഷി നടത്തുന്നതായി രജിസ്റ്റര്‍ ചെയ്ത ശേഷം യാതൊരു കൃഷിയും നടത്താതെ   ആനുകൂല്യങ്ങള്‍ കൈപ്പറ്റി. മങ്കൊമ്പില്‍ മറ്റൊരു കര്‍ഷകന്‍ 4.12 ഏക്കര്‍ നെല്‍കൃഷി നടത്തുന്നതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും സ്ഥലപരിശോധനയില്‍ 3.2 ഏക്കര്‍ സ്ഥലം മാത്രമേ ഇയാള്‍ക്ക് ഉള്ളൂവെന്നും ആ സ്ഥലത്ത് നെല്‍കൃഷി നടത്തുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി.
എറണാകുളം കരുമാലൂര്‍ സപ്ലൈകോ അഗ്രികള്‍ച്ചര്‍ ഓഫീസിന്റെ കീഴില്‍ 3.3 ഏക്കര്‍ ഭൂമി കൃഷി ചെയ്തതായി കാണിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി പറഞ്ഞിട്ടുണ്ടെങ്കിലും സ്ഥലപരിശോധനയില്‍ 2.3 ഏക്കര്‍ ഭൂമിയില്‍  മാത്രമേ കൃഷിയുള്ളൂവെന്ന് കണ്ടെത്തി.   വടക്കാഞ്ചേരിയില്‍  പ്രവര്‍ത്തിക്കുന്ന മില്ലില്‍ ഗുണനിലവാരമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്തിയ 20000 കിലോ വീതമുള്ള 12 ബാച്ച് അരി  എറണാകുളം ഹെഡ് ഓഫീസില്‍ നിന്ന് തിടുക്കത്തില്‍ പരിശോധന നടത്തി ഗുണ നിലവാരമുള്ളതാണെന്ന് അംഗീകരിച്ചതായും കണ്ടെത്തി. 
ഈ മില്ലിലും സപ്ലൈകോ കരാറുകാരുമായുള്ള ഉടമ്പടിക്ക് വിരുദ്ധമായി കര്‍ഷകരില്‍ നിന്ന് സപ്ലൈകോയ്ക്ക് വേണ്ടി ശേഖരിച്ച നെല്ലും അന്യ സംസ്ഥാനത്തുള്ള നെല്ലും ഒരുമിച്ച് സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഇവിടെ കര്‍ഷകനില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിനായി ഏജന്റുമാരെ നിയോഗിച്ച് സംഭരണ സമയത്ത് കര്‍ഷകര്‍ക്ക് രസീത് നല്‍കാതെ ഒരു മാസം കഴിഞ്ഞ് രസീത് നല്‍കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
നെല്ല് സംഭരണത്തിനായി സര്‍ക്കാരുമായി ഒപ്പ് വച്ചിട്ടുള്ള മില്ലുടമകള്‍ കൂടുതല്‍ ഉല്പാദനമുള്ള പാടശേഖരങ്ങള്‍ അനുവദിച്ച് കിട്ടുന്നതിനായി പാഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതായും കണ്ടെത്തി. കോട്ടയത്തെ മില്ലില്‍ കര്‍ഷകരില്‍ നിന്നും നെല്ല് വാങ്ങി ശേഖരിക്കുകയും, അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ നെല്ലെത്തിച്ച് ലക്ഷ്മി, സുരേഖ, രാജധാനി എന്നീ പേരുകളില്‍ അരി കയറ്റി അയയ്ക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *