അധികാരം ഊട്ടിയുറപ്പിക്കാൻ പ്രസിഡന്‍റ്; ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വച്ച് ജനം

അധികാരം ഊട്ടിയുറപ്പിക്കാൻ പ്രസിഡന്‍റ്; ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വച്ച് ജനം

ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് റോഡ്രിഗോ ദുത്തെർത്തെ (Rodrigo Duterte) അറസ്റ്റിലായിരിക്കുന്നത് കൂട്ടക്കൊലയ്ക്കാണ്. മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ നടപടികൾക്കിടെ ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദി (crimes against humanity) എന്ന നിലയ്ക്കാണ് അറസ്റ്റ്. ഹേഗിലെ കോടതി നടപടി, മറ്റ് പല രാഷ്ട്ര നേതാക്കൾക്കുമുള്ള മുന്നറിയിപ്പായി കാണണമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. റഷ്യൻ പ്രസിഡന്‍റ്, ഇസ്രയേൽ പ്രധാനമന്ത്രി എന്നിവരെ ഉദ്ദേശിച്ചാണ് ഈ മുന്നറിയിപ്പെന്ന് വ്യക്തം. രണ്ടുപേർക്കും ഐസിസി (International Criminal Court) അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. നെതന്യാഹുവിന്‍റെ പേരിലെ അറസ്റ്റ് വാറണ്ട് കാരണം, ഐസിസി പ്രോസിക്യൂട്ടർ കരിം ഖാനെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ അറസ്റ്റോടെ കരിം ഖാൻ ശക്തമായി പ്രതികരിച്ചു. അന്താരഷ്ട്ര നിയമം അത്ര അശക്തമല്ല, സഖ്യങ്ങളുണ്ടായാൽ നിയമം വിജയിക്കും എന്ന്.

2011 -ൽ മേയറായും 2016 മുതൽ പ്രസിഡന്‍റായുമുള്ള ദുത്തെർത്തെയുടെ ഭരണകാലത്ത് ഫിലിപ്പീൻസിൽ ഒരുപാട് പേർ കൊല്ലപ്പെട്ടു. ചെറിയ മയക്കുമരുന്ന് കടത്തുകാർ തുടങ്ങി വൻ സ്രാവുകൾ വരെ. 6,000 എന്ന് ഔദ്യോഗിക കണക്ക്. പക്ഷേ, സത്യത്തിൽ പതിനായിരങ്ങൾ വരുമെന്നാണ് അനൗദ്യോഗിക കണക്ക്, കുറ്റവാളികൾ മാത്രമല്ല കൊല്ലപ്പെട്ടത്. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ വിരോധികളെയെല്ലാം വെടിവച്ചു കൊന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. കേസില്ല, വഴക്കില്ല, കുടുംബാംഗങ്ങൾക്ക് പേടിയാണ്. പരാതിപ്പെട്ടാൽ ബാക്കിയുള്ളവരുടെയും ഗതി അതുതന്നെയെന്ന പേടി. അതാണ് ദുത്തർത്തെയുടെ പാരമ്പര്യ സ്വത്ത്.

‘വെടിവച്ച് കൊല്ലൂ, നിയമ നടപടി താൻ നേരിട്ടോളാം’

പക്ഷേ, അതേസമയം ഈ കടുത്ത നടപടികളെ പിന്തുണക്കുന്നവരുമുണ്ട്. മയക്കുമരുന്ന് സംഘങ്ങളുടെ പിടിയിൽ പെട്ട് ജീവിതം നശിച്ചവരുടെ ബന്ധുക്കളും, അക്രമം കാരണം പേടിച്ച് ജീവിച്ചിരുന്നവരും ഈ നയങ്ങളെ അനുകൂലിക്കുന്നു. മയക്കുമരുന്നിനെതിരായ യുദ്ധമായിരുന്നു ദുത്തെർത്തെയുടെ സിഗ്നേച്ചർ നയം. പൊലീസ് മാത്രമല്ല, മുഖംമൂടിയിട്ട അജ്ഞാതരും ഉണ്ടായിരുന്നു രംഗത്ത്. അതും പൊലീസായിരുന്നെന്ന ഒരു വെളിപ്പെടുത്തലും ഉണ്ടായി ഇടക്ക്. ‘വെടിവച്ച് കൊല്ലൂ, നിയമ നടപടി താൻ നേരിട്ടോളാം’ എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട് ദുത്തെർത്തെ. മയക്കുമരുന്നിന് അടിമകളായ 30 ലക്ഷം പേരെ വെടിവച്ചു കൊല്ലുന്നത് തനിക്ക് സന്തോഷമെന്ന് പറഞ്ഞ ദുത്തെർത്തെ തന്‍റെ നടപടി ജൂതകൂട്ടക്കൊലയോട് ഉപമിച്ച് ജർമ്മനിയുടെ എതിർപ്പും വാങ്ങിക്കൂട്ടി.

അധികാരം ഊട്ടിയുറപ്പിക്കാൻ പ്രസിഡന്‍റ്; ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വച്ച് ജനം

(മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ദുത്തെർത്തെ)

Read More: ടെസ്‍ല വീണപ്പോൾ കൈ പിടിച്ച് ട്രംപ്; മസ്കിന് ഇത് മധുരപ്രതികാരം

അക്രമം പ്രോത്സാഹിപ്പിക്കുന്നത് പുതിയ കാര്യമായിരുന്നില്ല ദുത്തെർത്തെക്ക്. ശീതയുദ്ധ കാലത്ത്  ഫിലിപ്പീൻസിൽ കമ്മ്യൂണിസ്റ്റുകൾക്കെതിരെ ജനം സംഘടിച്ചപ്പോൾ അവർക്ക് ആയുധം നൽകിയത് സർക്കാരാണ്. വിയറ്റ്നാമിൽ നിന്ന് തോറ്റ് പിൻമാറിയ അമേരിക്കയ്ക്കും അതിലൊരു കൈയുണ്ടായിരുന്നു എന്നാണ് കരുതുന്നത്. അന്ന് മുന്നേറ്റത്തിന്‍റെ കേന്ദ്രമായിരുന്ന ദവാഓ നഗരത്തിലെ രാഷ്ട്രീയ നേതാവായിരുന്നു ദുത്തെർത്തെ. 88 -ൽ മേയറുമായി. പക്ഷേ, ‘ആരെയും കൊല്ലാൻ താൻ നേരിട്ടുത്തരവ് നൽകിയിട്ടില്ല, നിയമ വിരുദ്ധമായ കൊലകൾക്ക് താൻ ഉത്തരവാദിയാണ്’ എന്നാണ് ദുത്തെർത്തെയുടെ നിലപാട്.

അതേസമയം ചില നല്ല കാര്യങ്ങൾ നടന്നു എന്നാണ് പൊതുപക്ഷം. സമ്പദ് രംഗം മെച്ചപ്പെട്ടു. നികുതി രംഗം പരിഷ്കരിച്ചു. യൂണിവേഴ്സിറ്റി പഠനം സൗജന്യമാക്കി. ആരോഗ്യരംഗം മെച്ചപ്പെട്ടു. അങ്ങനെ പലതും. എല്ലാം ശരിയായതുമില്ല. അഴിമതി ഇല്ലാതാക്കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ദുത്തർത്തെ സർക്കാർ തന്നെ കോടികളുടെ കരാർ ഒരു മെ‍ഡിക്കൽ കമ്പനിക്ക് നൽകിയതിലെ അഴിമതിക്കഥയും പുറത്തുവന്നു. വിമതസ്വരങ്ങൾ അനുവദിച്ചില്ല ദുത്തെർത്തെ. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. പലരും ജയിലിലായി. രാജ്യദ്രോഹം വരെ ആരോപിക്കപ്പെട്ടു.

കുടിപ്പക

പക്ഷേ, ഇതൊക്കെ പുറമേക്ക് കാണുന്ന കഥ. ദുത്തർത്തെയുടെ വീഴ്ച ഒരു രാഷ്ട്രീയ വടംവലിയുടെ, കുടിപ്പകയെന്ന് തന്നെ പറയാവുന്ന  കഥയും കൂടിയാണ്. മുൻ ഏകാധിപതി ഫെർഡിനാൻഡ് മാർക്കോസിന്‍റെ (Ferdinand Marcos) കുടുംബമാണ് ആ കഥയിലെ മറ്റ് കളിക്കാർ. അധികാരത്തിനായി ഒരു ധാരണയുണ്ടായിരുന്നു ഇടക്ക്. പക്ഷേ, നീണ്ടുനിന്നില്ല.

ഫിലിപ്പീൻസിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ്, പഴയ ഏകാധിപതി ഫെ‍ർഡിനന്‍റ് മാർക്കോസിന്‍റെ മകൻ ബോങ്ബോങ് മാർക്കോസ് (Bongbong Marcos) ആണ്. വൈസ് പ്രസിഡന്‍റ് ദുത്തെർത്തെയുടെ മകൾ സെയ്റ ദുത്തെർത്തെ. 2024 -ൽ സെയ്റ ഫേസ് ബുക് പേജിൽ കുറിച്ച വാക്കുകൾ ഇതാണ്, ‘താൻ കൊല്ലപ്പെട്ടാൽ, പ്രസിഡന്‍റിനെ കൊല്ലാൻ കൊലയാളിയെ വാടകക്കെടുത്തിട്ടുണ്ട്. തമാശയല്ല, പ്രസി‍ഡന്‍റിനെ മാത്രമല്ല, ഭാര്യ ലീസ, സ്പീക്കർ മാർട്ടിൻ റൊമ്വാൾഡസ്. മൂന്നുപേരെയും തന്‍റെ വാടകക്കൊലയാളി കൊല്ലും.’  അതിനും മുമ്പ്,  പ്രസിഡന്‍റിന്‍റെ തലവെട്ടുന്നത് താൻ സ്വപ്നം കണ്ടുവെന്ന് പറ‍ഞ്ഞിരുന്നു സെയ്റ. പ്രസിഡന്‍റിന്‍റെ അച്ഛന്‍റെ മൃതദേഹം കുഴിച്ചെടുത്ത് കടലിലൊഴുക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഏകാധിപതി

ഫിലിപ്പീൻസിന്‍റെ ഇരുണ്ട ചരിത്രമാണ് ഫെർഡിനന്‍റ് മാർക്കോസിന്‍റെ ഭരണകാലം. ഭരണകാലാവധി അവസാനിക്കും മുമ്പ് 1972 -ൽ രാജ്യത്തിന്‍റെ പൂർണ നിയന്ത്രണം പിടിച്ചെടുത്ത് ഫെർഡിനന്‍റ് മാർക്കോസ് ഏകാധിപതിയായി. പാർലമെന്‍റ് സസ്പെൻഡ് ചെയ്തു. പ്രതിപക്ഷം ജയിലിലായി. അഴിമതി കൊടികുത്തിവാണു. മാർക്കോസ് കുടുംബം ജീവിതം ആസ്വദിച്ചു, ജനം പട്ടിണിയിലേക്ക് മുക്കുകുത്തി വീണു. അതിനിടയിലാണ് പലായനം ചെയ്ത പ്രതിപക്ഷ നേതാവ് തിരിച്ചെത്തിയത്. വിമാനമിറങ്ങിയയുടൻ അക്വിനോ എന്ന നേതാവിനെ വെടിവച്ച് കൊന്നു. അതോടെ ജനമിളകി. അക്വിനോയുടെ വിധവ കോറി അക്വിനോയ്ക്ക് ചുറ്റും അണിനിരന്നു.

(ഫിലിപ്പീന്‍സ് പ്രസിഡന്‍റ്  ബോങ്ബോങ് മാർക്കോസ് ) 

Read More: പുടിന് വിധേയനായ ട്രംപ്; മൂന്നാം ലോക മഹായുദ്ധത്തിന് വഴി തെളിയുകയാണോ?

ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നു മാർക്കോസിന്. വ്യാപക അട്ടിമറിയിലൂടെ മാർക്കോസ് വിജയിച്ചു. പക്ഷേ, ഭരിക്കാൻ ജനം സമ്മതിച്ചില്ല. സൈന്യവും കത്തോലിക്കാ പള്ളിയും പിന്തുണച്ചു. ഒടുവിൽ മാർക്കോസും കുടുംബും ഹവായിയിലേക്ക് പലായനം ചെയ്തു. കോടിക്കണക്കിന് രൂപയും ആഭരണങ്ങളും വസ്ത്രങ്ങളും കൊണ്ടുപോയെന്നാണ് അമേരിക്കൻ കസ്റ്റംസ് റെക്കോർഡുകൾ.

അച്ഛന്‍റെ പലായനവും മകന്‍റെ വാഴ്ചയും

മാർക്കോസും ഭാര്യ ഇമെ‍ൽഡയും കൂട്ടാളികളും കൂടി 10 ബില്യന്‍റെ പൊതുപണം കൊള്ളയടിച്ചു. അതിൽ നാല് ബില്യൻ മാത്രമേ ഇന്നുവരെ വീണ്ടെടുക്കാനായിട്ടുള്ളൂ. ഡിസൈനർ ഷൂസുകൾ വാങ്ങാനായി ഇമെൽ‍ഡ വിദേശ സഞ്ചാരം പതിവാക്കിയിരുന്നു. ഈ ഷൂ കളക്ഷൻ കൊണ്ടുപോകാനായില്ല ഹവായിയിലേക്ക്. കൊട്ടാരത്തിൽ കണ്ടെത്തിയത് 3,000 ഷൂസുകളാണ്. മാർക്കോസ് മരിച്ചു. വെറും 5 വർഷത്തിന് ശേഷം കുടുംബം തിരിച്ചെത്തി. മകൻ രാഷ്ട്രീയത്തിലിറങ്ങി. ഗവർണറായി, സെനറ്ററായി.

പിന്നെ ദുത്തെർത്തെയുമായി സഖ്യത്തിലായി. ദുത്തെർത്തെയുടെ മത്സര കാലാവധി അവസാനിച്ചിരുന്നു. അതുകൊണ്ട് മകൾക്ക് വൈസ്പ്രസിഡൻസി ഉറപ്പിച്ച് മാർക്കോസ് കുടുംബത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങി ദുത്തെർത്തെ. ഒപ്പം, മാർക്കോസ് ഭരണകാലത്തെ മാതൃകാപരമെന്ന് വിശേഷിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ  കെട്ടുകഥകളിറങ്ങി. അന്നത്തെ ഭരണകാലം അറിയാത്തൊരു തലമുറ ഈ കഥകൾ വിശ്വസിച്ചു എന്ന് വേണം വിചാരിക്കാൻ. വൻഭൂരിപക്ഷത്തിൽ ജയിച്ചു മാർക്കോസിന്‍റെ മകൻ. ദുത്തെർത്തെയുടെ മകൾക്ക് വൈസ്പ്രസിഡന്‍റ്  സ്ഥാനം കിട്ടി.

(ബോങ്ബോങ് മാർക്കോസും കുടുംബവും )

Read More: എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍

എതിരാളികളെ നിശബ്ദരാക്കി

പക്ഷേ, സൗഹൃദം നീണ്ടുനിന്നില്ല. സെയ്റയുടെ പരസ്യപ്രതികരണങ്ങൾ അത് തെളിയിച്ചു. ഹോങ്കോങിലെ ഫിലിപ്പീൻ സമൂഹത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി തിരിച്ചുവന്ന ദുത്തെർത്തെയെ കാത്തിരുന്നത് ഫിലീപ്പീൻ പൊലീസാണ്. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ടുമായി. ദുത്തെർത്തെയുടെ അറസ്റ്റും കൂടിയായപ്പോൾ രാഷ്ട്രീയ എതിരാളികളെയാണ് മാർക്കോസ് കുടുംബം ഇല്ലാതാക്കിയിരിക്കുന്നത്. ഇനി കുടുംബവാഴ്ചക്ക് തടസമില്ല.

ബോങ്ബോങിന്‍റെ അമ്മ, 92 കാരിയായ ഇമെൽഡ ഇന്ന് കോൺഗ്രസംഗമാണ്, സഹോദരി സെനറ്ററും. ദുത്തെർത്തെയുടെ നയങ്ങളല്ല ബോങ്ബോങ് ഇതുവരെ പിന്തുടർന്നതും. അമേരിക്കയുമായി സഖ്യത്തിലെത്തി, തെക്കൻ ചൈന കടലിൽ ചൈനയുടെ ആധിപത്യത്തെ എതിർത്തു. പക്ഷേ, രാജ്യത്ത് ജനാധിപത്യത്തിന്‍റെ അവസ്ഥ എന്താകുമെന്നാണ് മാർക്കോസ് കുടുംബത്തിനെതിരായി നിലപാടെടുത്തവരുടെ ആശങ്ക.

അറസ്റ്റ് വാറണ്ടും ഐസിസിയും

ഇടക്കാല തെരഞ്ഞെടുപ്പ് വരാനിരിക്കയാണ്. അടുത്ത പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന സെയ്റ ദുത്തെർത്തെയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെറ്റീഷൻ നൽകിയിരിക്കയാണ് കോൺഗ്രസ് അധോസഭ. വിചാരണ ഈ വർഷം തന്നെ നടക്കും. അതേസമയം ദുത്തെർത്തെയ്ക്കും രാജ്യത്ത് പിന്തുണയുണ്ട്. അറസ്റ്റ് വാറണ്ട് എന്ന് വെളിപ്പെടുത്താതെയാണ് പ്രസിഡന്‍റ് അറസ്റ്റ് അനുവദിച്ചത്.

ദുത്തെർത്തെ പ്രസിഡന്‍റായിരുന്നപ്പോൾ ഐസിസി വിട്ടതാണ് ഫിലിപ്പീൻസ്. അപ്പോൾ എന്ത് അധികാരം അറസ്റ്റിന് എന്ന ചോദ്യവുമുണ്ട്. ഐസിസിക്കെതിരാണ് അമേരിക്കയിലെ ട്രംപ് സർക്കാർ. പല രാജ്യങ്ങളും ഐസിസിയുടെ അറസ്റ്റ് വാറണ്ട് വകവക്കാറുമില്ല. ഇസ്രയേലുൾപ്പടെ. അതായത്, ദുത്തെർത്തെയുടെ കഥ അവസാനിച്ചു എന്ന് പറയാറായിട്ടില്ലെന്ന് ചുരുക്കം.

By admin