ചന്ദനയുടെ മൃതദേഹം ആദ്യം കണ്ടത് നൃത്തം പഠിക്കാനെത്തിയ വിദ്യാർഥികൾ, നടുക്കം മാറാതെ കോടഞ്ചേരി ഗ്രാമം
കോഴിക്കോട്: നാദാപുരം വെള്ളൂരില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ കോടഞ്ചേരി ഗ്രാമം. വടകര മടപ്പള്ളി കോളേജ് വിദ്യാര്‍ത്ഥിനിയും നൃത്താധ്യാപികയുമായ ചന്ദന (19) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതോടെ വീട്ടില്‍ നൃത്തം പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളാണ് അധ്യാപികയായ ചന്ദനയുടെ മൃതദേഹം കണ്ടത്. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
പിതാവും ബേക്കറി ജീവനക്കാരനുമായിരുന്ന അച്ഛന്‍ ആയാടത്തില്‍ അനന്തന്‍ ഈ സമയം എടച്ചേരിയിലായിരുന്നു. അമ്മ ആശുപത്രിയില്‍ പോയതായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മടപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദനയും സഹോദരിയും ചെറിയ പ്രായത്തില്‍ തന്നെ നൃത്ത കലയില്‍ പ്രാവീണ്യം നേടിയിരുന്നു. തുടര്‍ന്നാണ് നാട്ടിലുള്ള കുട്ടികളെ അഭ്യസിപ്പിക്കാന്‍ ആരംഭിച്ചത്.
നാടിന്റെ പ്രിയങ്കരികളായ സഹോദരിമാരില്‍ ഒരാളുടെ ആകസ്മിക വിയോഗത്തില്‍ കോടഞ്ചേരിയാകെ വിഷമത്തിലാവുകയായിരുന്നു. ഇന്ന് രാവിലെ പത്തോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചന്ദനയുടെ ശിഷ്യരും സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. മരണത്തില്‍ നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് യുവാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന വാർത്ത താമരശ്ശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച കണ്ടെത്തിയത്. ഫ്ലാറ്റിലെ മുറിയിലെ ജനൽ കമ്പനിയിൽ തൂങ്ങി നിലയിലായിരുന്നു മൃതദേഹം. ടൂറിസ്റ്റ് ബസിലെ ക്ലീനറായിരുന്നു സഞ്ജയ്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി ഭാര്യയുമായി കലഹമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഭാര്യ ഇന്നലെ തൊട്ടടുത്ത റൂമിലാണ് കിടന്നത്. ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)