16 മണിക്കൂർ യാത്ര, പൊട്ടിയ സീറ്റ്, മോശം ഭക്ഷണം, പരിതാപകരം; എയർ ഇന്ത്യയിലെ ചിത്രങ്ങളുമായി യുവാവ്
എയർ ഇന്ത്യയിലെ ബിസിനസ് ക്ലാസിൽ 16 മണിക്കൂർ നീണ്ട യാത്രയിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പോസ്റ്റുമായി യുവാവ്. ചിക്കാഗോയിൽ നിന്നും ദില്ലിയിലേക്കായിരുന്നു യാത്ര.
ബിസിനസ് ക്ലാസിൽ 16 മണിക്കൂർ നീണ്ട യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അവസ്ഥയെ കുറിച്ചാണ് ഇയാൾ വിവരിക്കുന്നത്. തകരാറുള്ള സീറ്റായിരുന്നു, മോശം ഭക്ഷണമായിരുന്നു, പരിതാപകരമായിരുന്നു കാബിന്റെ അവസ്ഥ എന്നാണ് ഇയാൾ പറയുന്നത്.
സൗമിത്ര ചാറ്റർജി എന്ന യുവാവാണ് എക്സിൽ (ട്വിറ്ററിൽ) ഇതേ കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്. ക്യാബിനകത്തെ മോശം അവസ്ഥ വിവരിച്ച ശേഷം എയർ ഇന്ത്യയുടെ സേവനം തികച്ചും അപലപനീയമാണ് എന്നും ആ മനോഭാവം തുടരുന്നതിനെതിരെ പ്രതിഷേധമുണ്ട് എന്നും സൗമിത്ര ചാറ്റർജി വ്യക്തമാക്കി.
ഇത് വിവരിക്കുന്ന ഒരു പോസ്റ്റുകളുടെ സീരിസ് തന്നെ സൗമിത്ര ചാറ്റർജിയുടെ എക്സ് അക്കൗണ്ടിൽ കാണാം. വളരെ രൂക്ഷമായ ഭാഷയിലാണ് സൗമിത്ര ചാറ്റർജി എയർ ഇന്ത്യയെ വിമർശിച്ചിരിക്കുന്നത്. എക്സിൽ അദ്ദേഹം വിമാനത്തിനകത്ത് നിന്നുള്ള വിവിധ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. അതിൽ പൊട്ടിയ സീറ്റും വിമാനത്തിനകത്തെ പരിതാപകരമായ അവസ്ഥയും എല്ലാം വ്യക്തമാണ്.
Your insistence on my acceptance of the peanut you offered me against a 16hr Ordeal of a Business Class travel on a broken seat, horrible food and hospital cabin is pathetic. I already refused it. You continue with your condemnable service & attitude. We will continue to protest. pic.twitter.com/W9P8bkeOcQ
— SOUMITRA CHATTERJEE (@SOUMITRACH15577) March 21, 2025
എന്തായാലും, എയർ ഇന്ത്യ സൗമിത്ര ചാറ്റർജിയുടെ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ചാറ്റർജി, നിങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ട്, വിശദമായ കാര്യങ്ങൾ ഡിഎം ചെയ്യൂ എന്നാണ് എയർ ഇന്ത്യ കുറിച്ചത്. പിന്നീട്, നിങ്ങളുടെ ഫീഡ്‌ബാക്ക് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്, നിങ്ങൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളിൽ തങ്ങൾക്ക് ഖേദമുണ്ട്. നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും ഭാവിയിൽ മികച്ച സേവനം തന്നെ നൽകാനും ഞങ്ങൾക്ക് മറ്റൊരു അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എയർ ഇന്ത്യ കുറിച്ചു.