വരുന്നൂ പുതിയ എംജി വിൻഡ്‍സർ ഇവി

ജെ‌എസ്‌ഡബ്ല്യു എം‌ജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഇ‌വി വിൽപ്പന പതുക്കെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിക്ക് ശക്തമായ ഒരു ഇ‌വി വാഹന നിര ഉണ്ട്. എം‌ജി സൈബർ‌സ്റ്റർ, എം‌ജി എം 9 എം‌പി‌വി എന്നിവയുൾപ്പെടെ രണ്ട് മോഡലുകള്‍ കൂടി ഉടൻ എത്തും. ബ്രാൻഡിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ എം‌ജി വിൻഡ്‌സർ ഇവിക്ക് വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ വിപണിയിലെ ഇ‌വി വിൽപ്പനയിൽ മുന്നിലുമാണ്. വിൽപ്പന കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി, എം‌ജി വിൻഡ്‌സർ ഇവിയുടെ 50kWh പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ എം‌ജി മോട്ടോർ ഇപ്പോൾ തയ്യാറാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. 

ഉയർന്ന സ്പെക്ക് വിൻഡ്‌സർ ഇവിയുടെ ലോഞ്ചിനെക്കുറിച്ച് ജെ‌എസ്‌ഡബ്ല്യു എം‌ജി മോട്ടോർ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും എം‌ജി വിൻഡ്‌സർ ഇവിയുടെ 50kWh പതിപ്പ് 2025 ഏപ്രിലിൽ പുറത്തിറക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള 38kWh ബാറ്ററി പായ്ക്ക് ഫ്രണ്ട് ആക്‌സിൽ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ച് വിൻഡ്‌സർ ഇവി തുടർന്നും വിൽക്കും. പവർട്രെയിൻ 136bhp പീക്ക് പവറും 200Nm പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇക്കോ, ഇക്കോ+, നോർമൽ, സ്‌പോർട് എന്നീ നാല് ഡ്രൈവിംഗ് മോഡുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കുള്ള ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയാണ് വിൻഡ്‌സർ ഇവിയുടെ നിർമ്മാണം. 2025 എംജി വിൻഡ്‌സർ ഇവിക്ക് 50kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ആഗോള-സ്പെക്ക് ക്ലൗഡ് ഇവിയിലും ഇസെഡ്എസ് ഇവിയിലും ലഭ്യമാണ്. ഒറ്റ ചാർജിൽ 460 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇത് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 

നിലവിലെ മോഡലിൽ എഡിഎഎസ് ഉൾപ്പെടെയുള്ള ചില പ്രധാന സവിശേഷതകൾ ഇല്ല. ക്ലൗഡ് ഇവിയെ പോലെ, വലിയ ബാറ്ററി പായ്ക്കുള്ള 2025 MG വിൻഡ്‌സർ ഇവിക്കും എഡിഎഎസ് സാങ്കേതികവിദ്യ ലഭിച്ചേക്കാം. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യും.  നിലവിലുള്ള മോഡലിന് 14 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുണ്ട്. 2025 വിൻഡ്‌സർ ഇവിയുടെ വില 16 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിലയിൽ, ടാറ്റ കർവ്വ് ഇവിയും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കും പോലുള്ളവയുമായി ഇലക്ട്രിക് വാഹനം മത്സരിക്കും.

അതേസമയം എംജി മോട്ടോഴ്സ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ രണ്ട് പ്രീമിയം ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ് കാറും M9 ഇലക്ട്രിക് എംപിവിയും. പുതുതായി സജ്ജീകരിച്ച ‘എംജി സെലക്ട്’ പ്രീമിയം റീട്ടെയിലർ ശൃംഖല വഴിയാണ് ഇവ വിൽക്കുക.

By admin