ആശ-അങ്കണവാടി സമരം സഭയില്‍, കൊടുംക്രൂരതയെന്ന് പ്രതിപക്ഷം, രാഷ്ട്രീയക്കളിയെന്ന് പി രാജീവ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരവും അങ്കണവാടി ജീവനക്കാരുടെ സമരവും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.
ലോക സന്തോഷ ദിനമായ ഇന്ന് ആശ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും സര്‍ക്കാര്‍ ക്രൂശിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം ആരോപിച്ചു. ‘സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു. സ്ത്രീകള്‍ എന്ന പരിഗണന പോലും നല്‍കുന്നില്ല. വെയിലത്തും മഴയത്തും സമരം ചെയ്യുന്നവര്‍ക്ക് നീതിയില്ല. സര്‍ക്കാരിന് ഇപ്പോള്‍ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ് സി അംഗങ്ങള്‍ക്കും കയ്യില്‍ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍’-അദ്ദേഹം പറഞ്ഞു.
കേന്ദ്രവിഷ്‌കൃത പദ്ധതിയാണെങ്കിലും നല്‍കുന്ന വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നല്‍കുന്നതെന്ന് മന്ത്രി പി രാജീവ് വിശദീകരിച്ചു. ശമ്പളം പരമാവധി അഞ്ചാം തീയതിക്ക് മുമ്പ് വിതരണം ചെയ്യും. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരല്‍ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുത്. സമരത്തോട് ഐഎന്‍ടിയുസിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. അങ്കണവാടി -‘ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ ട്രേഡ് യൂണിയനുകള്‍ നിലപാടെടുക്കാത്തതെന്താണ്. യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയില്‍ വന്നാല്‍ അതിന്റെ രാഷ്ട്രീയം കേരളം തിരിച്ചറിയും’-മന്ത്രി പറഞ്ഞു.
അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂട്ടിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ‘ജീവനക്കാര്‍ക്ക് കടുത്ത ജോലി ഭാരമാണ്. ദിവസം മുഴുവന്‍ ചെയ്താലും തീരാത്ത അത്രയും ജോലി ചെയ്യുന്നവരാണ്. ശമ്പളത്തില്‍ നിന്ന് പണമെടുത്താണ് പലരും അങ്കണവാടിയുടെ കെട്ടിടവാടകയും കറന്റ് ബില്ലും വരെ കൊടുക്കുന്നത്. കേരളത്തില്‍ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ ഈ ഗതികേട് ഉണ്ടോ. പച്ചക്കറിയും പാലും മുട്ടയും വാങ്ങിയതിന്റെ തുക വരെ കിട്ടുന്നത് എപ്പോഴെങ്കിലും ആണ്. ‘ന്യായമെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ആശ -അങ്കണവാടി സമരങ്ങളെ പിന്തുണക്കുന്നത്. അല്ലാതെ ബിജെപിയെ കണ്ടുകൊണ്ടല്ല’-അദ്ദേഹം വിശദീകരിച്ചു