തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ആശ പ്രവർത്തകരുമായി നടത്തിയ സമരത്തിന് ശേഷമായിരുന്നു പ്രതികരണം. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാൽ വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 26125 ആശമാരാണ് ഉള്ളത്. 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 2006 ൽ നിശ്ചയിച്ച ഇൻസന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കാണുമെന്ന് സമരക്കാരെ അറിയിച്ചതാണ്. ചർച്ചയിൽ സമരക്കാരോട് സമരത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചു. സമരക്കാർ പറഞ്ഞതെല്ലാം അനുഭാവ പൂർവ്വം കേട്ടു. ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.