ശ്ശോ സ്വപ്നം കാണാനാവുമോ? യുവാവ് ജോലിയിൽ നിന്നും വിരമിച്ചത് 23 -ാം വയസിൽ, ആനുകൂല്ല്യങ്ങളും ഉണ്ട്
സാധാരണയായി നമ്മുടെ നാട്ടിലൊക്കെ ഏതെങ്കിലും ജോലിയിൽ നിന്നും വിരമിക്കുന്നത് 55 ഉം 60 ഉം വയസൊക്കെ ആകുമ്പോഴാണ് അല്ലേ? എന്നിട്ടോ? ജീവിതം വിശ്രമമായി മാറും. നല്ല പ്രായത്തിൽ എല്ലാം ഏറെയും കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും പലരും. എന്നാൽ വെരും 23 -ാമത്തെ വയസിൽ വിരമിച്ച് ഒരു യുവാവ് ഇന്റർനാഷണൽ റെക്കോർഡ് രജിസ്ട്രേഷൻ ഏജൻസിയിൽ ഇടം നേടിയിട്ടുണ്ട്.
മിക്ക ആളുകളും അവരുടെ കരിയർ ആരംഭിക്കുന്ന പ്രായത്തിലാണ് ഈ യുവാവ് ജോലിയിൽ നിന്നും വിരമിക്കുന്നത്. അതിലും അമ്പരപ്പിക്കുന്ന കാര്യം ഇതൊന്നും അല്ല. അദ്ദേഹത്തിന് ആജീവനാന്ത പെൻഷൻ ഉൾപ്പെടെയുള്ള വിരമിക്കുമ്പോൾ ലഭിക്കുന്ന പല ആനുകൂല്യങ്ങലും ലഭിക്കുന്നുണ്ട് എന്നതാണ്. റഷ്യയുടെ നാഷണൽ റെക്കോർഡ് ബുക്കിലും ഈ യുവാവിന്റെ പേര് പേര് രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം, ഇത്ര ചെറിയ പ്രായത്തിൽ ആരും ഇതുവരെ വിരമിച്ചിട്ടില്ലത്രെ.
പവൽ സ്റ്റെപ്ചെങ്കോ എന്ന യുവാവ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നാണ് 23 -ാമത്തെ വയസിൽ വിരമിച്ചത്. 16 -ാമത്തെ വയസ്സിലാണ് പവൽ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരുന്നത്. അഞ്ച് വർഷത്തെ പഠനത്തിന് ശേഷം 21 -ാമത്തെ വയസ്സിൽ അതിലെ ഒരു വകുപ്പിൽ തന്നെ യുവാവിന് ജോലിയും ലഭിച്ചു.
വിരമിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് വർഷം പവൽ കഠിനാധ്വാനം തന്നെ ചെയ്തു. ഇപ്പോൾ, പവലിന് പെൻഷനും അതുപോലെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്. 2023 നവംബറിലാണ് പവൽ വിരമിക്കലിന് അപേക്ഷ നൽകിയിരുന്നത്. പവലിന്റെ അപേക്ഷ സ്വീകരിക്കപ്പെടുകയും ചെയ്തു. ഈ അപൂർവമായ സംഭവം ഇന്റർനാഷണൽ റെക്കോർഡ് രജിസ്ട്രേഷൻ ഏജൻസിയും അംഗീകരിച്ചിട്ടുണ്ട്.