ടൂറിസം മേഖലയിലെ കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹം: കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

തിരുവനന്തപുരം: ടൂറിസം മേഖലയിലെ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം ഊന്നല്‍ നല്‍കണമെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഇന്ത്യയുടെ ടൂറിസം വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. നിലവില്‍ കേരളം നടപ്പാക്കുന്ന പദ്ധതികള്‍ക്കും ഭാവി പദ്ധതികള്‍ക്കും കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതികളും നൂതന ഉത്പന്നങ്ങളും നടപ്പാക്കുന്ന കേരളത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഇതിന് തുടര്‍ച്ചയുണ്ടാകണം. തനത് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ബീച്ച്, ആയുര്‍വേദം, വെല്‍നെസ്, ഹെറിറ്റേജ്, പില്‍ഗ്രിം, സ്പിരിച്വല്‍ തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിന് കൂടുതല്‍ സാധ്യതകളുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല. സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, കേന്ദ്ര, സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളത്തിലെ ആയുര്‍വേദ മേഖലയുടെയും ബീച്ചുകളുടെയും വളര്‍ച്ചയ്ക്കും പ്രോത്സാഹനത്തിനുമായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശനാണ്യ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് മികച്ച ലക്ഷ്യസ്ഥാനമായി മാറുന്നതിനുമായുള്ള കേരളത്തിന്റെ മാര്‍ക്കറ്റിംഗ് കാമ്പയിനുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. ഏപ്രിലില്‍ നടക്കുന്ന അറബ് ട്രാവല്‍ മാര്‍ട്ടില്‍ ഇന്ത്യ പങ്കെടുക്കുന്നില്ലെന്ന തീരുമാനം പു:നപരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അറബ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നതിലൂടെ കൂടുതല്‍ വിദേശ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരാന്‍ അവസരമൊരുങ്ങും. മിഡില്‍ ഈസ്റ്റ് കേരളത്തിന്റെ പ്രധാന ടൂറിസം വിപണി കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം നടപ്പാക്കുന്ന ടൂറിസം പദ്ധതികളെ കുറിച്ച് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ അവതരണം നടത്തി. ശബരിമല, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട്, സ്വദേശി ദര്‍ശന്‍ 2.0 യുടെ ഭാഗമായുള്ള പദ്ധതികള്‍, പ്രസാദ് പദ്ധതി, തലശ്ശേരി സ്പിരിച്വല്‍ നെക്‌സസ്, ബേപ്പൂര്‍, കുമരകം, വര്‍ക്കല ശിവഗിരി തുടങ്ങിയ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. കേന്ദ്ര അംഗീകാരത്തിനായി സമര്‍പ്പിച്ച ടൂറിസം പദ്ധതികളുടെ അവലോകനവും നടന്നു.

 READ MORE: 24 മണിക്കൂറും വെള്ളത്തിൽ! ഇന്ത്യയിലെ ഏക ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസിനെ കുറിച്ച് അറിയാമോ?

By admin