കണ്ണൂരിൽ സ്നേഹത്തിനായി 12 വയസ്സുകാരിയുടെ ക്രൂരകൃത്യം; സിബ്ലിങ്ങ് റൈവൽറിയും മനഃശാസ്ത്രപരമായ മറ്റു കാര്യങ്ങളും

കണ്ണൂരിൽ സ്നേഹത്തിനായി 12 വയസ്സുകാരി നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം നടുക്കത്തോടെയാണ് നമ്മൾ കേട്ടത്. ഇളയ സഹോദരങ്ങളുടെ ജനനത്തോടെ അച്ഛനമ്മമാരുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയം പല കുട്ടികളിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി മനസ്സിലാക്കി മാതാപിതാക്കൾ കുട്ടിയെ ചേർത്തുപിടിക്കേണ്ടത് വളരെ പ്രധാനമാണ്. 

സഹോദരങ്ങളോട് അസൂയ, ദേഷ്യം, അമിത മത്സരബുദ്ധി, ഉപദ്രവം, കുറ്റപ്പെടുത്തുക, ശ്രദ്ധ കൂടുതൽ കിട്ടാനുള്ള ശ്രമങ്ങൾ, കള്ളം പറയുക, ഒറ്റപ്പെടുത്തുക എന്നിങ്ങനെ ശത്രുതാ മനോഭാവത്തോടെ കുട്ടി പെരുമാറുന്നു എങ്കിൽ കുട്ടിക്ക് മാതാപിതാക്കൾക്ക് തന്നെ വേണ്ട എന്ന ചിന്ത മനസ്സിൽ കൂടിയിട്ടുണ്ട് എന്ന് തിരിച്ചറിയുക. അവരെ കുറ്റപ്പെടുത്താതെ കേൾക്കാനും സപ്പോർട്ട് ചെയ്യാനും മാതാപിതാക്കൾ ശ്രമിക്കുക.

കണ്ണൂരിലെ സംഭവത്തിൽ വൈകാരികമായ കാര്യങ്ങളും, സാഹചര്യങ്ങളും ഒക്കെയാണ് ആ 12 വയസ്സുകാരിയെ ഇങ്ങനെ ഒരു കൊടും ക്രൂരതയിലേക്കു നയിച്ചതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അമ്മ ഒപ്പമില്ല, അച്ഛൻ മരണപ്പെട്ടു- തന്നെ ആർക്കും വേണ്ട എന്ന തോന്നൽ മുൻപേ തന്നെ ആ കുട്ടിയെ അലട്ടുന്നുണ്ടാകണം. നാലുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞു അച്ഛന്റെ സഹോദരന്റെ കുഞ്ഞാണ് എങ്കിൽപോകും തന്റെ മാതാപിതാക്കളുടെ സ്ഥാനത്തുള്ളവരുടെ സ്നേഹവും ശ്രദ്ധയും തട്ടിയെടുക്കാൻ വന്നയാൾ എന്ന അസൂയയും ദേഷ്യവും ആ കുഞ്ഞിനോട് തോന്നിയിട്ടുണ്ടാകും. വീണ്ടും തന്നെ ആർക്കും വേണ്ടാതെയാകുകയാണോ എന്ന ചിന്ത അവളിൽ ഉണ്ടായിക്കാണണം. 

ആ 12 വയസ്സുകാരിയിൽ എന്തെങ്കിലും പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടോ എന്നും പരിശോധിക്കണം. ദേഷ്യം, എല്ലാറ്റിനോടും എതിർ മനോഭാവം കാണിക്കുന്ന രീതി (Oppositional Defiant Disorder, ODD), ആരോടും കരുണയില്ലാത്തതും, കുറ്റബോധം ഇല്ലാത്തതുമായ സ്വഭാവം (Conduct Disorder, CD), മുൻപ് വീട്ടിൽ ക്രൂരത കണ്ടു വളർന്ന സാഹചര്യം ഉണ്ടോ എന്നും, ഇഷ്ടമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ ക്രൂരമായി പെരുമാറുന്നതിൽ കുഴപ്പമില്ല എന്ന തെറ്റായ കാര്യം കുട്ടി കണ്ടുപഠിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. കുറച്ചുകൂടി ചെറിയ പ്രായത്തിൽ കുട്ടി ജീവിച്ചിരുന്ന കുടുംബ സാഹചര്യം എന്താണ് എന്ന് അറിയാൻ കഴിഞ്ഞാലേ എന്തെല്ലാം തെറ്റായ കാര്യങ്ങൾ കുട്ടി പഠിച്ചു, കുട്ടിയുടെ പെരുമാറ്റത്തെ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ എന്തെല്ലാം പോരായ്മകൾ വന്നു എന്നെല്ലാം കണ്ടെത്താനാവൂ.

നിയം നിർദ്ദേശിക്കുന്ന രീതിയിൽ ഇനി കുട്ടിക്കുമേൽ ശിക്ഷാ നടപടികൾ ഉണ്ടാവണം. പക്ഷേ 12 വയസ്സു മാത്രം പ്രായമുള്ള ആ കുട്ടിയുടെ വ്യക്തിത്വം ഇനി കൂടുതൽ ക്രിമിനൽ മനോഭാവം ഉള്ളതായി മുന്നോട്ടുള്ള കാലങ്ങളിൽ മാറാതെ തടയാൻ മനഃശാസ്ത്ര ചികിത്സ കുട്ടിക്ക് ഉറപ്പാക്കണം. ചെയ്ത ക്രൂരകൃത്യത്തിന്റെ വ്യാപ്തി എന്തെന്ന് കുട്ടി പൂർണ്ണമായും മനസ്സിലാക്കിയിട്ടുണ്ടാകണം എന്നില്ല. കുട്ടിക്കു ചെയ്ത പ്രവർത്തിയിൽ കുറ്റബോധം ഉണ്ടോ എന്നറിയണം. പെരുമാറ്റത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തി പരിഹരിക്കാനും, നല്ല സ്വഭാവരീതി വളർത്താനും ജുവനൈൽ റീഹാബിലിറ്റേഷൻ/ പുനരധിവാസം കുട്ടിക്ക് ഉറപ്പാക്കണം.

 സിബ്ലിങ്ങ് റൈവൽറി ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് 

●    കുട്ടികൾക്ക് ഒരേപോലെ ശ്രദ്ധ കൊടുക്കണം- നിങ്ങളുടെ കുട്ടികൾ എല്ലാവരും ഒരേപോലെ നിങ്ങളിൽ നിന്നും സ്നേഹവും അംഗീകരവും കിട്ടുന്നു എന്നതിൽ ഉറപ്പുവരുത്തണം 
●    കുട്ടിക്ക് സഹോദരങ്ങളോട് ദേഷ്യവും അസൂയയും തോന്നുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ അതു തനിയെ മാറിക്കൊള്ളും എന്നു കരുതാതെ കുട്ടിയുമായി സംസാരിക്കുക. കുട്ടിയും സഹോദരങ്ങളും തമ്മിൽ ഉള്ള പ്രശ്ങ്ങൾ ആദ്യ ഘട്ടത്തിലേ മനസ്സിലാക്കി പരിഹരിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം 
●    മാതാപിതാക്കൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് കുട്ടിക്ക് മനസ്സിലാക്കാൻ കഴിയുമ്പോൾ സഹോദരങ്ങളോട് അസൂയയും ദേഷ്യവും ഉണ്ടാവില്ല
●    കുട്ടിയെ ദേഷ്യം പിടിപ്പിക്കാൻ കുട്ടിയുടെ ഇളയ കുട്ടിയോടോ സഹോദരങ്ങളോടോ കൂടുതൽ സ്നേഹം കാണിക്കുക, സഹോദരങ്ങൾ കുട്ടിയേക്കാൾ മിടുക്കരാണ് എന്ന് താരതമ്യം ചെയ്തു സംസാരിക്കുക എന്നിവയെല്ലാം കുട്ടിയിൽ നെഗറ്റീവ് മനോഭാവം ഉണ്ടാകാൻ കാരണമാകും 
●    ചില കുടുംബങ്ങളിൽ ആൺകുട്ടികൾക്ക് മാത്രം അമിത പ്രാധാന്യം നൽകുക, അല്ലെങ്കിൽ മൂത്ത കുട്ടികൾക്കോ, ഇളയകുട്ടികൾക്കോ, നന്നായി പഠിക്കുന്ന കുട്ടികൾക്കോ മാത്രം അമിത പ്രാധാന്യം നൽകുന്നതൊക്കെ സിബ്ളിംങ് റൈവൽറി ഉണ്ടാകാൻ കാരണമാകും 
●    സഹോദരങ്ങൾ തമ്മിൽ സ്നേഹത്തോടെ മുന്നോട്ടു പോകുന്ന തരത്തിലുള്ള കുടുംബ സാഹചര്യം ഉണ്ടാക്കുക. അവർ തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ ഒരാളെ മാത്രം സപ്പോർട്ട് ചെയ്യുന്ന രീതി ശരിയല്ല. അവർ എല്ലാവരും പറയുന്നത് ശ്രദ്ധിച്ചു കേട്ടതിനുശേഷം പ്രശ്നം പരിഹരിക്കാൻ അവരെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം.

(ലേഖിക പ്രിയ വർ​ഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ :  8281933323) 

 

 

 

 

By admin