ആന കാടിറങ്ങിയാൽ ചിത്രം ഫോണിൽ എത്തും; വന്യമൃഗങ്ങളെ തടയാൻ നീലഗിരിയിൽ എഐ ക്യാമറകളുമായി തമിഴ്നാട്

സുൽത്താൻബത്തേരി: വേനൽ കടുത്തതോടെ ഉൾവനങ്ങളിൽ നിന്ന് തീറ്റ തേടി ആനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത് പതിവായതോടെ പ്രതിരോധ മാർഗങ്ങൾ ഒരുക്കി തമിഴ്നാട് വനംവകുപ്പ്. നൂതനമായ ആശയങ്ങളാണ് നടപ്പാക്കുന്നതിലേറെയും. കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. ആറുകോടി രൂപ ചിലവിൽ വനംവകുപ്പിന്റെ ഗൂഡല്ലൂർ ഡിവിഷൻ പരിധിയിൽ വരുന്ന 36 സ്പോട്ടുകളിൽ എഐ ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിക്കും. 

ഓവേലി പുളിയമ്പാറ, കോഴിപ്പാലം, ദേവൻ, അള്ളൂർ, മേലമ്പലം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിക്കുക. ഉൾ വനങ്ങൾ വിട്ട് ആനകൾ ജനവാസ പ്രദേശങ്ങളിലേക്ക് അടുക്കുന്നതിന് മുമ്പ് തന്നെ വനം വകുപ്പിനും ഗ്രാമീണർക്കും വിവരങ്ങൾ ലഭിക്കും. നാട്ടുകാർക്ക് ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ലഭിക്കാൻ വനംവകുപ്പ് ഡിപ്പാർട്ട്മെന്റിലേക്ക് തങ്ങളുടെ ഫോൺ നമ്പർ കൈമാറിയാൽ മതി.

Read More… മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

വിവരങ്ങൾ എത്തുന്നതോടെ വനം വകുപ്പിനും ജനങ്ങൾക്കും ഒരുപോലെ ജാഗ്രത പാലിക്കാം. ആനകളെത്തുന്ന കൃത്യമായ സ്പോട്ട് മുൻകൂട്ടി അറിയുന്നതിനാൽ തന്നെ ഡിപ്പാർട്ട്മെന്റിന് കാര്യങ്ങൾ എളുപ്പമാകും. വനം വാച്ചർമാരെ കൃത്യമായ സ്പോട്ടിലേക്ക് പറഞ്ഞയക്കാനുമാകും. 
നിലവിൽ വനം വകുപ്പ് വാച്ചർമാരുടെ പട്രോളിങ് മാത്രമാണ് ആനശല്യമുഉള്ള മേഖലകളിൽ നടക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതോടെ ആനകൾ എത്തുന്ന സ്പോട്ട് കൃത്യമായി മനസ്സിലാക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയും. ഇപ്പോൾ രാത്രിയും പകലും വനം വാച്ചർമാർ കാട്ടാനകൾ വരുന്നത് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാണ്.  

By admin