കിടപ്പുമുറിയിൽ പ്രകാശം കുറവാണോ? പ്രകൃതിദത്ത വെളിച്ചം ലഭിക്കാൻ സിംപിളായി ഇന്റീരിയർ നൽകാം
രാത്രി സമയങ്ങളിലാണ് ഇരുണ്ട വെളിച്ചം മുറിക്കുള്ളിൽ നല്ലതാകുന്നത്. എന്നാൽ പകൽസമയങ്ങളിൽ കിടപ്പുമുറികൾ ഇരുട്ട് മൂടി കിടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുറത്ത് നിന്നുമുള്ള വെളിച്ചം അകത്തേക്ക് വരുന്നത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റിന്റെ ആവശ്യം വരുന്നില്ല. എന്നാൽ പുറത്ത് നിന്നും ലഭിക്കുന്ന വെളിച്ചത്തിന്റെ അഭാവം മൂലം വീട്ടിലെ ചില മുറികൾ ഇരുട്ട് മൂടി കിടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വീട് മൊത്തമായി പുനഃക്രമീകരിക്കാൻ സാധിച്ചില്ലെങ്കിലും മുറിയുടെ ഇന്റീരിയറിൽ ചെറിയ മാറ്റങ്ങൾ വരുത്തി പ്രശ്‌നം പരിഹരിക്കാൻ സാധിക്കും. അതിലൂടെ വീടിനുള്ളിൽ വെളിച്ചമെത്തുകയും ചെയ്യും. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിഞ്ഞാലോ.
വെളിച്ചം കടക്കാൻ വഴിയൊരുക്കാം
വെളിച്ചം ഉള്ളിലേക്ക് കടക്കണമെങ്കിൽ അവ വരുന്നതിനെ തടയുന്ന വസ്തുക്കളെ ഒഴിവാക്കണം. ജനാലയുടെ പരിസരത്ത് വെളിച്ചം തടയുന്ന വിധത്തിലുള്ള ഫർണിച്ചറുകൾ ഇടുന്നത് ഒഴിവാക്കാം. ഫർണിച്ചർ മാത്രമല്ല ജനാലയിൽ ഇടുന്ന കട്ടിയുള്ള കർട്ടനുകളും ഒഴിവാക്കേണ്ടതുണ്ട്. പ്രകൃതിദത്തമായ വെളിച്ചത്തെ ബാലൻസ് ചെയ്യുന്നതിന് വേണ്ടി ഇളം നിറങ്ങളിലുള്ള പെയിന്റുകൾ മുറിക്ക് നൽകാവുന്നതാണ്. ഇതിനൊപ്പം ന്യൂട്രൽ നിറങ്ങൾ വരുന്ന കർട്ടനുകളും ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുറിയെ കൂടുതൽ പ്രകാശമുള്ളതും പുറത്ത് നിന്നും വരുന്ന വെളിച്ചത്തെ അകത്തേക്ക് കടത്തിവിടുകയും ചെയ്യുന്നു.
നിറങ്ങൾ
വീടിന് പ്രകാശം നൽകുന്നതിൽ ഇന്റീരിയറിന് വലിയ പങ്കുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചുമര്. ഇരുണ്ട നിറത്തിലുള്ള പെയിന്റുകൾ ചുമരിന് നൽകിയാൽ വളരെ കുറച്ച് വെളിച്ചം മാത്രമേ പുറത്ത് നിന്നും ലഭിക്കുകയുള്ളൂ. കൂടാതെ മുറികൾ കാഴ്ച്ചയിൽ ചെറുതായും തോന്നിക്കും. ഇതിന് പകരം ഇളം നിറങ്ങൾ അല്ലെങ്കിൽ ബ്രൈറ്റ് നിറങ്ങളുള്ള പെയിന്റുകൾ ചുമരിന് നൽകാവുന്നതാണ്. ഇത് മുറിയെ കൂടുതൽ പ്രകാശപൂരിതമാക്കുന്നു.
ഹോം ഡെക്കർ
നിറങ്ങൾ മാത്രമല്ല ചുമരുകൾക്ക് നൽകുന്ന ഡിസൈനിനും മുറിയിൽ പ്രകാശം എത്തിക്കുന്നതിൽ പങ്കുണ്ട്. ഗ്ലോസി പെയിന്റ്, മെറ്റൽ ഫിനിഷ് തുടങ്ങിയവ ചുമരിനെ കൂടുതൽ റിഫ്ലക്റ്റീവ് ആക്കുന്നു. ഇതിന് മുറിക്കുള്ളിൽ കടന്നുവരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ സാധിക്കും. ഇനി ചുമരിൽ കണ്ണാടിയോ അല്ലെങ്കിൽ അത്തരത്തിലുള്ള അലങ്കാര വസ്തുക്കളോ സ്ഥാപിക്കുകയാണെങ്കിൽ പ്രകൃതിദത്തമായ വെളിച്ചത്തെ മുറിക്കുള്ളിൽ പ്രതിഫലിപ്പിക്കാൻ സാധിക്കുന്നതാണ്.
ബൾബ് നോക്കി വാങ്ങണം
മുറിക്കുള്ളിൽ ഉപയോഗിക്കാൻ ബൾബുകൾ വാങ്ങുമ്പോൾ അവയുടെ കളർ ടെമ്പറേച്ചർ മനസ്സിലാക്കി വാങ്ങിക്കാം. എൽ.ഇ.ഡി ബൾബുകൾക്ക് ഹയർ കളർ ടെമ്പറേച്ചറാണ് ഉള്ളത്. പുറത്തുള്ളത് പോലെയുള്ള പ്രകാശം വീടിനുള്ളിൽ നൽകാൻ എൽ.ഇ.ഡി ബൾബുകൾക്ക് സാധിക്കും. ഇനി മറ്റ് ബൾബുകൾ നിങ്ങൾ തെരഞ്ഞെടുക്കുകയാണെങ്കിൽ 5000കെ പവർ വരുന്നത് നോക്കി വാങ്ങാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വീടിനുള്ളിൽ പ്രകൃതിദത്തമായ വെളിച്ചം ലഭിക്കും.
ലൈറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
വീടിനുള്ളിൽ ജോലികൾ ചെയ്യുമ്പോൾ പല ആവശ്യങ്ങൾക്കും വ്യത്യസ്ത രീതിയുള്ള ലൈറ്റിംഗ് ആണ് വേണ്ടത്. സീലിംഗ് ലൈറ്റിംഗ്, വാൾ ലൈറ്റ്, അക്‌സെന്റ് ലൈറ്റ് എന്നിവ പ്രകാശം നൽകുന്നതിൽ മികച്ച ലൈറ്റുകളാണ്. മുറിക്കുള്ളിൽ റീഡിങ് ലൈറ്റുകൾക്കൊപ്പം ടേബിൾ അല്ലെങ്കിൽ ഫ്ലോർ ലാമ്പുകൾ നൽകിയാൽ കൂടുതൽ പ്രകാശം ലഭിക്കുന്നു.
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിക്കാൻ സമയമായി