ഐപിഎല്‍ എല്‍ ക്ലാസിക്കോ: ചെന്നൈക്കെതിരെ മുംബൈയെ നയിക്കാന്‍ ഹാര്‍ദ്ദിക്കില്ല; പകരം നായകനെ പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്ലില്‍ ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈയെ നയിക്കാന്‍ ക്യാപ്റ്റന്ർ ഹാര്‍ദ്ദിക് പാണ്ഡ്യയുണ്ടാവില്ല. കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഹാര്‍ദ്ദിക്കിന് ഏര്‍പ്പെടുത്തിയ ഒരു മത്സര വിലക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ആദ്യ മത്സരത്തില്‍ നായകന്‍ പുറത്താവാന്‍ കാരണമായത്. ഇതോടെ ആദ്യ മത്സരത്തില്‍ ആരാകും മുംബൈയെ നയിക്കുക എന്ന ചോദ്യത്തിന് ഹാര്‍ദ്ദിക് തന്നെ ഇന്ന് ഉത്തരം നല്‍കി. ഇന്ത്യയുടെ ടി20 ടീം നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവായിരിക്കും ആദ്യ മത്സരത്തില്‍ മുംബൈയെ നയിക്കുകയെന്ന് ഹാര്‍ദ്ദിക് പറഞ്ഞു.
ഈ മാസം 23ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടം. സീസണില്‍ ഇരു ടീമുകളുടെയും ആദ്യ മത്സരം കൂടിയാണിത്. 2024 ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഹാര്‍ദ്ദിക്കിനെ 30 ലക്ഷം രൂപ പിഴ ചമുത്താനും ഒറു മത്സരത്തില്‍ നിന്ന് വിലക്കാനും ശിക്ഷിച്ചത്.
മൂന്ന് ക്യാപ്റ്റന്‍മാര്‍ ടീമിലുള്ള തന്‍റെ ഭാഗ്യമാണെന്നും ഹാര്‍ദ്ദിക്ക് വ്യക്തമാക്കി. ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും സൂര്യകുമാര്‍ യാദവും തനിക്ക് എന്തുകാര്യത്തിനും എപ്പോഴും സമീപിക്കാവുന്നവരാണെന്നും ഹാര്‍ദ്ദിക് പറഞ്ഞു. കഴിഞ്ഞ സീസണ്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ ടീം ഉടച്ചുവാര്‍ത്ത് എത്തുന്നതിനാല്‍ പുതിയ പ്രതീക്ഷകളോടെയാണ് ഗ്രൗണ്ടിലിറങ്ങുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
“I am lucky that I have three captains playing with me – Rohit, Surya and Bumrah. They always place an arm around my shoulder and are there when I need any help” – Hardik Pandya.
— Mumbai Indians (@mipaltan) March 19, 2025
കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മക്ക് പകരം ക്യാപ്റ്റനായ ഹാര്‍ദ്ദിക്കിനെ മുംബൈയിലെ കാണികള്‍ മത്സരത്തിന് മുമ്പും ടോസ് സമയത്തുമെല്ലാം കൂവിയിരുന്നു. ഗുജറാത്ത് നായകനെന്ന നിലയില്‍ ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം സമ്മാനിക്കുകകയും രണ്ടാം സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കുകയും ചെയ്ത ഹാര്‍ദ്ദിക്കിന് പക്ഷെ മുംബൈയിലേക്കുള്ള നായകനായുള്ള തിരിച്ചുവരവില്‍ മികവ് കാട്ടാനായിരുന്നില്ല. കഴിഞ്ഞ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ പത്തിലും തോറ്റ മുംബൈ എട്ട് പോയന്‍റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കളിക്കാരനെന്ന നിലയിലും ഹാര്‍ദ്ദിക് നിരാശപ്പെടുത്തിയിരുന്നു. 14 മത്സരങ്ങളില്‍ 18 ശരാശരിയില്‍ 216 റണ്‍സസ് നേടാനെ ഹാര്‍ദ്ദിക്കിന് കഴിഞ്ഞിരുന്നുള്ളു.