ഒടുവില്‍ കേന്ദ്രത്തിന്‍റെ ഇടപെടല്‍; സ്റ്റീല്‍ ഇറക്കുമതി നിയന്ത്രിക്കും, നടപടി ഈ ലക്ഷ്യത്തിനു വേണ്ടി

വില കുറഞ്ഞ വിദേശ സ്റ്റീല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവഹിക്കുകയും ആഭ്യന്തര സ്റ്റീല്‍ കമ്പനികള്‍ പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 12% തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. വിലകുറഞ്ഞ സ്റ്റീല്‍ ഇറക്കുമതിയില്‍ നിന്ന് ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കി. യുഎസ് തീരുവ കാരണം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ സ്റ്റീല്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആര്‍) അറിയിച്ചു. ഇതുമൂലം ഇന്ത്യന്‍ കമ്പനികള്‍ നഷ്ടം നേരിടുന്നുണ്ട്. അതിനാല്‍ 200 ദിവസത്തേക്ക്  12% തീരുവ ഈടാക്കാന്‍ ആണ് ശുപാര്‍ശ. 30 ദിവസത്തേക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും തേടിയ ശേഷമായിരിക്കും തീരുവ പ്രാബല്യത്തില്‍ വരുത്തുക. വാർത്ത പുറത്തുവന്നതോടെ സ്റ്റീൽ ഓഹരികളിലും ഇന്ന് മുന്നേറ്റമുണ്ടായി. ടാറ്റ സ്റ്റീൽ, ജെ  എസ് ഡബ്ലിയു സ്റ്റീൽ എന്നിവയുടെ ഓഹരികളിൽ നാല് ശതമാനം നേട്ടം രേഖപ്പെടുത്തി.

തീരുവ ഉടനടി ചുമത്തിയില്ലെങ്കില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ നഷ്ടം സംഭവിക്കുമെന്ന് ഡിജിടിആര്‍ പറയുന്നു. പല കമ്പനികളും അവരുടെ പ്ലാന്‍റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായേക്കാം, ഭാവിയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതികളും നിര്‍ത്തിയേക്കാം.സമീപകാലത്ത് സ്റ്റീല്‍ ഇറക്കുമതിയില്‍ പെട്ടെന്നുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ഇത് ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന് നഷ്ടമുണ്ടാക്കുന്നുവെന്നും ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ ഡിജിടിആറിന് പരാതി നല്‍കിയിരുന്നു. ആര്‍സെലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) തുടങ്ങിയ കമ്പനികള്‍ അടങ്ങുന്നതാണ് സംഘടന.

തീരുവ  നടപ്പിലാക്കുന്നതോടെ, ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്‍റെ വില വര്‍ധിക്കും. സ്റ്റീല്‍ ഉപയോഗിക്കുന്ന വ്യവസായങ്ങളേയും തീരുമാനം ബാധിക്കും. 

വിദേശ സ്റ്റീലിന്‍റെ പ്രവാഹം

ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി  റെക്കോര്‍ഡ് നിലയിലാണ്.  സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ 25 ശതമാനം താരിഫാണ് ചൈന, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് സ്റ്റീല്‍ കയറ്റി അയക്കുന്നത് കൂട്ടാനിടയാക്കിയത്. 

By admin