കെട്ടിപ്പിടിക്കാറില്ല, കവിളത്തുമ്മ തരാറില്ല, ഇതൊന്നുമില്ലാതെയും സ്‌നേഹിക്കാമെന്ന് അവളെന്നെ പഠിപ്പിച്ചു

കെട്ടിപ്പിടിക്കാറില്ല, കവിളത്തുമ്മ തരാറില്ല, ഇതൊന്നുമില്ലാതെയും സ്‌നേഹിക്കാമെന്ന് അവളെന്നെ പഠിപ്പിച്ചു

‘നിനക്കീയൊരു കൂട്ടുകാരിയെ ഉള്ളോ’ എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ചിരിക്കാറേയുള്ളൂ. അവര്‍ക്കറിയില്ലല്ലോ, ഒരു ജീവിതം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് മാറ്റിനടുന്നതിന്‍റെ അര്‍ത്ഥവ്യാപ്തി!

 

കെട്ടിപ്പിടിക്കാറില്ല, കവിളത്തുമ്മ തരാറില്ല, ഇതൊന്നുമില്ലാതെയും സ്‌നേഹിക്കാമെന്ന് അവളെന്നെ പഠിപ്പിച്ചു

ന്നും അവളെനിക്കൊരു അതിശയമാണ്. മറ്റുള്ളവരെ ആശ്രയിച്ച് തീരുമാനങ്ങള്‍ എടുത്തിരുന്ന എനിക്ക് ‘എന്നെ’ മുഴുവനായും കാണിച്ചു തന്നവള്‍. എന്നില്‍ ഒരു ‘ഞാന്‍’ ഉണ്ടെന്ന്  എന്നെ പഠിപ്പിച്ചു തന്നവള്‍. ‘കൂട്ടുകാരി’ എന്ന വാക്കിന്‍റെ അര്‍ത്ഥവും വ്യാപ്തിയും അതിന്‍റെ ആഴം അവളില്‍ നിന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്.

‘ഒരു കഴിവുമില്ലല്ലോ?,’ ‘ഒട്ടും ധൈര്യം ഇല്ലല്ലോ’ എന്നൊക്കെയുള്ള പിറുപിറുക്കലുകള്‍ ചുറ്റിലും നിന്നുയരുമ്പോള്‍ പതിയെ  ഞാനും അത് വിശ്വസിച്ച് തുടങ്ങിയിരുന്നു. അതെന്‍റെ ആത്മവിശ്വാസവും മനുഷ്യന്‍ എന്ന നിലയിലുള്ള സഹജമായ കരുത്തും മറച്ചു തുടങ്ങിയിരുന്നു. 

അവളെന്നെ ആദ്യം കാണുമ്പോള്‍ സ്വന്തം കണ്ണുകള്‍ മൂടി ഇരുട്ടില്‍ ജീവിക്കുന്ന ഒരാളായിരുന്നു ഞാന്‍. ‘തളിരണിഞ്ഞ അനേകം ഇലകള്‍ക്കിടയില്‍ നിന്നും അവള്‍ ഈ കരിഞ്ഞ തണ്ടിലേക്ക് എത്തുകയായിരുന്നു. കൈകള്‍ മുറുകെ പിടിക്കുകയായിരുന്നു. നീ പറഞ്ഞു തന്നതൊക്കെയാണ് സഖീ, ജീവിതത്തിലെ എന്‍റെ ബാലപാഠങ്ങള്‍. നീ കാണിച്ച് തന്നതാണ് എന്‍റെ ഉള്ളറകള്‍. 

ഇരുട്ടില്‍ കൈപൊക്കിയ കറുത്ത നിഴല്‍പ്പാടില്‍ നിന്നും, ഉള്ളിലുറഞ്ഞുവന്ന അറപ്പും വെറുപ്പും പുരുഷ വര്‍ഗത്തിനാകെ വേണ്ടി മാറ്റി വെച്ച മാനസികാവസ്ഥയിലായിരുന്നു ഞാന്‍. കുട്ടിക്കാലത്തേറ്റ ‘വിഷദംശനം’ നിശ്ശബ്ദതയുടേതായ ഒരരുകിലേക്ക് സ്വയം വകഞ്ഞുമാറ്റിയിരുന്നു എന്നെ. 

അവളെന്‍റെ ജനാലകള്‍ തള്ളിത്തുറന്നു. ഓരോ അറ്റവും മൂലയും ചേര്‍ത്ത് വൃത്തിയാക്കി. ചലനമറ്റു കിടന്ന എന്‍റെ ആത്മാവിനെ വാരിപ്പുണര്‍ന്നു ശ്വാസം നല്‍കി. ഇന്ന് ഞാനാ പഴയ പെണ്‍കുട്ടിയല്ല. എല്ലാറ്റിനും എനിക്ക് എന്‍റെതായ അഭിപ്രായങ്ങളുണ്ട്. ശരി എന്ന് തോന്നുന്നത് പറയാനും ചെയ്യാനും കഴിയുന്നുമുണ്ട്. എന്‍റെ  ഇഷ്ടങ്ങള്‍ക്കാണ് ഞാന്‍ ഇന്ന് മുന്‍തൂക്കം കൊടുക്കുന്നത്. ഇന്നെനിക്ക് ആണ്‍സുഹൃത്തുക്കളുണ്ട്. മനുഷ്യരുമായി ഇടപെടാനുള്ള ആത്മവിശ്വാസമുണ്ട്. 

അമ്മ ഇടയ്ക്ക് ചോദിക്കും, ‘ശരിക്കും ആരാണ് എനിക്കവളെന്ന്.’ അതിനുത്തരം പെറുക്കിയെടുക്കാന്‍ എനിക്കാവുന്നില്ല. അമ്മയെ പോലും മറികടന്ന് അവള്‍ എന്‍റെ ആത്മാവിലൂടെ കടന്ന് പോയി കഴിഞ്ഞിരിക്കുന്നു.

എങ്ങനെയാണ് അവളെന്നെ മാറ്റിയെടുത്തത്? എല്ലാവരും ഇട്ടിട്ട് പോയപ്പോള്‍ എന്തിനാണവള്‍ എന്‍റെ കൂടെ നിന്നത്? അവള്‍ എന്നെ കെട്ടിപ്പിടിക്കാറില്ല, കവിളത്തുമ്മ തരാറില്ല, വാരിപ്പുണരാറില്ല. അവളെ അറിയുന്നത് വരെ എനിക്ക് ഇതെല്ലാമായിരുന്നു സ്‌നേഹം. ഇതൊന്നുമില്ലാതെയും സ്‌നേഹിക്കാമെന്ന് അവളാണ് എന്നെ പഠിപ്പിച്ചത്. 

ഇങ്ങനെയും മനുഷ്യരുണ്ടോ? ഇങ്ങനെയും പെണ്ണുണ്ടോ? ഇനി, അതിനും അപ്പുറമാണോ അവള്‍? പ്രിയപ്പെട്ടവളേ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കുമ്പോള്‍, എന്‍റെ അക്ഷരങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് ഞാനറിയുന്നു. 
         
സഖീ, നീ ഇല്ലായിരുന്നെങ്കില്‍ ഈ മരവിച്ച ശരീരം എന്നേ അടക്കം ചെയ്യപ്പെട്ടനേ. എത്ര മനോഹരമായാണ് നീ എന്നെ മാറ്റിവരച്ചത്! എത്ര ആഴത്തിലാണ് നീയെന്നെ സ്‌നേഹിക്കുന്നത്! ‘നിനക്കീയൊരു കൂട്ടുകാരിയെ ഉള്ളോ’ എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ചിരിക്കാറേയുള്ളൂ. അവര്‍ക്കറിയില്ലല്ലോ, ഒരു ജീവിതം ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് മാറ്റിനടുന്നതിന്‍റെ അര്‍ത്ഥവ്യാപ്തി!

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

 

By admin