തിരുവനന്തപുരം: റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുള്ള പ്രസ്താവനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. യുക്രെയ്നുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ട്. ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ നയതന്ത്ര ചര്‍ച്ചയിൽ ഇന്ത്യയ്ക്ക് പങ്കെടുക്കാനാകും.
എന്നാൽ, നേരത്തെ താൻ പറഞ്ഞത് ഈ നിലപാട് ആയിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഭാരതീയൻ എന്ന നിലയിലാണ്. രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, ശശി തരൂരിന്‍റെ മോദി പ്രശംസയിൽ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല.
ശശി തരൂരിന്‍റെ പരാമര്‍ശം താൻ കേട്ടിട്ടില്ലെന്നും അത്തരത്തിൽ പറഞ്ഞെങ്കിൽ പാർട്ടി വിലയിരുത്തി തീരുമാനങ്ങൾ എടുക്കുമെന്നുമായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രതികരണം. തരൂര്‍ പറഞ്ഞതിന്‍റെ സാഹചര്യത്തെക്കുറിച്ചും തനിക്കറിയില്ല. പിന്നെ എങ്ങനെ താൻ പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം, തരൂരിന്‍റെ മോദി പ്രശംസയിൽ കെസി വേണുഗോപാൽ പ്രതികരിക്കാൻ തയ്യാറായില്ല. ദില്ലിയിൽ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ് പ്രതികരിക്കാൻ തയ്യാറാകാതെ കെസി വേണുഗോപാൽ പാര്‍ലമെന്‍റിലേക്ക് പോയത്.തരൂര്‍ പറഞ്ഞത് എന്താണെന്ന് കേട്ടില്ലെന്നും എന്താണ് പറഞ്ഞതെന്ന് മനസിലാക്കിയശേഷം പ്രതികരിക്കാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം.