24 മണിക്കൂറും വെള്ളത്തിൽ! ഇന്ത്യയിലെ ഏക ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസിനെ കുറിച്ച് അറിയാമോ?

നിരവധി പോസ്റ്റ് ഓഫീസുകളുള്ള രാജ്യമാണ് ഇന്ത്യ. സാധാരണയായി കാണുന്ന പോസ്റ്റ് ഓഫീസുകളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു പോസ്റ്റ് ഓഫീസ് ഇന്ത്യയിലുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ഈ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ദാൽ തടാകത്തിന്റെ ശാന്തതയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക ഫ്ലോട്ടിം​ഗ് പോസ്റ്റ് ഓഫീസാണിത്. വലിയ ചരിത്രമുള്ള ഈ പോസ്റ്റ് ഓഫീസിനെ കുറിച്ച് കൂടുതൽ അറിയാം. 

രാജ്യത്തെ മറ്റേതൊരു തപാൽ സൗകര്യത്തിൽ നിന്നും വ്യത്യസ്തമായി, തടിയിൽ മനോഹരമായി രൂപകൽപ്പന ചെയ്ത ഒരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. സന്ദർശകർക്കും നാട്ടുകാർക്കും ഒരുപോലെ കൗതുകം പകരുന്ന ഇവിടേയ്ക്ക് നിരവധി വിനോദ സഞ്ചാരികളും എത്തുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. പിന്നീട് 2011ൽ നവീകരിച്ചു. കത്തുകൾ, പോസ്റ്റ്കാർഡുകൾ, ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സാധാരണ തപാൽ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഇവിടെ നിന്ന് അയക്കുന്ന കത്തുകളിൽ ദാൽ തടാകത്തിന്റെ ചിത്രമുള്ള മനോ​ഹരമായ ഒരു മുദ്ര ആലേഖനം ചെയ്യുമെന്നതാണ് മറ്റൊരു സവിശേഷത. 

ഒരു പോസ്റ്റ് ഓഫീസ് എന്നതിലുപരി കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയാണ് ഈ പോസ്റ്റ് ഓഫീസ് ഉയർത്തിക്കാട്ടുന്നത്. പരമ്പരാഗത കശ്മീരി മരപ്പണികളാൽ അലങ്കരിച്ചിരിക്കുന്ന ഹൗസ് ബോട്ടിലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇത് തടാകത്തിന്റെ മനോഹാരിതയുമായി ഇണങ്ങിച്ചേരുന്ന വിധമാണ് നിർമ്മിച്ചിരിക്കുന്നത്. ദൈനംദിന തപാൽ ആവശ്യങ്ങൾക്കായാണ് നാട്ടുകാർ ഈ പോസ്റ്റ് ഓഫീസിനെ ആശ്രയിക്കുന്നതെങ്കിൽ ഇതിന്റെ ആകർഷണീയത കാരണം നിരവധി വിനോദസഞ്ചാരികളാണ് ദാൽ തടാകത്തിലേയ്ക്ക് എത്തുന്നത്.  

ഇന്ത്യയിലെ തപാൽ സേവനങ്ങളുടെ പരിണാമം അടയാളപ്പെടുത്തുന്ന പഴയ സ്റ്റാമ്പുകളും കത്തുകളും പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഫിലാറ്റലിക് മ്യൂസിയം ഇവിടെയുണ്ട്. സന്ദർശകർക്ക് രാജ്യത്തെ ആശയവിനിമയത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് മനസിലാക്കാൻ ഈ മ്യൂസിയത്തിലെ കാഴ്ചകൾ സഹായിക്കും. കശ്മീരിന്റെ സൗന്ദര്യത്തിന്റെയും ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും അടയാളമായി നിലകൊള്ളുന്ന ഈ ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസ് കശ്മീർ യാത്രയിൽ കാണേണ്ട കാഴ്ച തന്നെയാണ്. 

READ MORE: ട്രെയിനുകൾക്ക് പകൽ വേഗത കുറവ്, രാത്രിയിൽ പറപറക്കും! കാരണം എന്താണെന്ന് അറിയാമോ?

By admin