ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച, പ്രതീക്ഷയിൽ ആശമാർ
തിരുവനന്തപുരം: നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. സമര സമിതി പ്രസിഡന്‍റ് വികെ സദാനന്ദൻ, വൈസ് പ്രസിഡന്‍റ് എസ് മിനി, മറ്റു രണ്ട് ആശമാര്‍ തുടങ്ങിയവരായിരിക്കും ചര്‍ച്ചയിൽ പങ്കെടുക്കുക. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തു. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.
ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസിൽ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്‍റീവ്, ഫിക്സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു. ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആശമാര്‍.