ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിക്കാൻ സമയമായി 

എല്ലാ അടുക്കളയിലും സാധാരണമായി ഉപയോഗിക്കുന്നവയാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. ഇത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ചിലവ് കുറഞ്ഞതും ലൈറ്റ് വെയ്റ്റും ഉപയോഗിക്കാൻ എളുപ്പവുമാണ്. എന്നാൽ പ്ലാസ്റ്റിക് പാത്രങ്ങൾ അധിക കാലം ഉപയോഗിക്കാൻ സാധിക്കില്ല. കാലക്രമേണേ പ്ലാസ്റ്റിക് ജീർണിക്കുകയും ദുർഗന്ധം ഉണ്ടാവുകയും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ കഴിയാതാവുകയും ചെയ്യുന്നു. പഴക്കംചെന്ന പ്ലാസ്റ്റിക് പാത്രങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളുടെ കാലാവധി കഴിഞ്ഞെന്ന് നമ്മൾ എങ്ങനെ മനസ്സിലാക്കും. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം. 

പാത്രത്തിൽ പൊട്ടലുണ്ടെങ്കിൽ

നിങ്ങൾ ഉപയോഗിക്കുന്ന പാത്രത്തിന് ചരിവോ പൊട്ടലോ അല്ലെങ്കിൽ അവ ശരിയായ രീതിയിൽ അടക്കാൻ പറ്റിയില്ലെങ്കിൽ കാലാവധി കഴിഞ്ഞെന്നാണ് മനസ്സിലാക്കേണ്ടത്. ഇനി ചൂടാവുമ്പോൾ ചുരുങ്ങുന്നെണ്ടെങ്കിലും പാത്രം കളയാൻ സമയമായെന്നാണ് അർത്ഥം. പഴക്കംചെന്ന പ്ലാസ്റ്റിക് പാത്രങ്ങൾ കേടുവരുക മാത്രമല്ല അവയിൽനിന്നും ബാക്റ്റീരിയകളും ഉണ്ടാകും. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഫ്രഷ്‌നെസ്സ് ഇല്ലാതാക്കുകയും പെട്ടെന്ന് കേടാവുകയും ചെയ്യുന്നു. 

പറ്റിപ്പിടിച്ച കറ

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, സൂക്ഷിച്ചിരുന്ന ഭക്ഷണത്തിന്റെ നിറവും മണവും പാത്രത്തിൽ നിലനിൽക്കുന്നത്. നിങ്ങൾ സൂക്ഷിക്കുന്ന ഭക്ഷണത്തിന്റെ മണവും നിറവും പ്ലാസ്റ്റിക് വലിച്ചെടുക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതിനർത്ഥം പാത്രത്തിന്റെ കാലാവധി കഴിഞ്ഞെന്നാണ്. കറ മാത്രമാണ് ഉണ്ടാവുന്നതെങ്കിൽ പ്രശ്നമില്ല. എന്നാൽ കറയോടൊപ്പം ദുർഗന്ധവും നിറവ്യത്യാസവും ഉണ്ടായാൽ പാത്രം ഉപേക്ഷിക്കണം.

മൂടി യോജിക്കാതെ വരുക

പാത്രത്തിന്റെ മൂടി ശരിയായ രീതിയിൽ അടക്കാൻ കഴിയാത്ത വിധത്തിൽ ചുരുങ്ങുകയോ വളയുകയോ ചെയ്തിട്ടുണ്ടെങ്കിൽ പാത്രം ഉപേക്ഷിക്കാനുള്ള സമയമായിട്ടുണ്ട്. ശരിയായ രീതിയിൽ മൂടികൊണ്ട് അടച്ചില്ലെങ്കിൽ വായു അകത്ത് കടക്കുകയും നിങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനം കേടാവുകയും ചെയ്യുന്നു. പുറത്തു സൂക്ഷിക്കാനാണെങ്കിലും ഫ്രിഡ്ജിനുള്ളിൽ ആണെങ്കിലും വായുകടക്കാത്ത വിധത്തിൽ അടച്ചുവെച്ചില്ലെങ്കിൽ ഭക്ഷണം കേടായിപ്പോകും. ചേരാത്ത മൂടി ഉപയോഗിച്ച് അടയ്ക്കുന്നതിനേക്കാളും പഴയത് ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതാണ് നല്ലത്. 

അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടോ

നിരന്തരമായി ഉപയോഗിക്കുകയും ചൂട് ഏൽക്കുകയും ചെയ്യുമ്പോൾ പ്ലാസ്റ്റിക് പെട്ടെന്ന് ജീർണിച്ച് പോകാൻ കാരണമാകുന്നു. വർഷങ്ങളോളം പഴക്കമുള്ള പാത്രത്തിൽ ചെറിയ പോറലുകൾ ഉണ്ടാവാം. ഇത് പാത്രത്തിൽ ബാക്റ്റീരിയകൾ ഉണ്ടാവാൻ കാരണമാകും. നിങ്ങളുടെ പാത്രം 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണെങ്കിൽ അവയ്ക്ക് തേയ്മാനം ഉണ്ടായിട്ടുണ്ടോയെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇനി പാത്രങ്ങൾക്ക് കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ പോലും കുറഞ്ഞത് 5 വർഷം കഴിഞ്ഞാൽ പുതിയത് വാങ്ങുന്നതാണ് നല്ലത്.

ഈ പാത്രങ്ങൾ ബി.പി.എ രഹിതമല്ല 

പ്ലാസ്റ്റിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്  ബിസ്‌ഫെനോൾ-എ (ബി.പി.എ). ഇത് ഭക്ഷണ സാധനങ്ങളെ കേടാക്കുന്നു. അതിനാൽ തന്നെ ബി.പി.എ രഹിതമല്ലാത്ത പഴയ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിങ്ങളുടെ പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നതെങ്കിൽ അവ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതാണ് നല്ലത്. ഇപ്പോൾ വാങ്ങുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ ‘ബി.പി.എ ഫ്രീ’ എന്ന ലേബലുണ്ടാകും. അത്തരം പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതിന് പ്രശ്നമില്ല. നിങ്ങളുടെ ഉൽപ്പന്നം ബി.പി.എ രഹിതമാണോ എന്ന് ഉറപ്പ് വരുത്താൻ പാത്രത്തിന്റെ അടിഭാഗത്ത് വരുന്ന റീസൈക്ലിങ് കോഡ് പരിശോധിക്കാവുന്നതാണ്.    

ഇനി ഓട്ടോമാറ്റിക് വീടുകളുടെ വരവാണ്; അറിയാം സ്മാർട്ട് ഹോം ഓട്ടോമേഷനെ കുറിച്ച്      

By admin