ഒരിടവേളയ്ക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഹൃദയപൂർവത്തിന്റെ ആദ്യ ഷോഡ്യൂൾ പൂർത്തിയാക്കി മാളവിക മോഹനൻ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരു മാസത്തെ ഷെഡ്യൂളാണ് അവസാനിച്ചതെന്നും മോഹൻലാൽ സാർ, സത്യൻ സാർ എന്നിവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും മാളവിക കുറിച്ചു.
ലൊക്കേഷനിൽ നിന്നുമുള്ള ഫോട്ടോകളും മാളവിക മോഹനൻ ഷെയർ ചെയ്തിട്ടുണ്ട്. “ഏറ്റവും കഴിവുള്ള വ്യക്തികൾക്കൊപ്പം പ്രവർത്തിച്ചു. തേക്കടിയിലെ മനോഹരമായ കുന്നുകളിലും തേയിലത്തോട്ടങ്ങളിലും സന്തോഷകരമായ ഒരു മാസം ചിലവഴിച്ചു. തണുത്ത സായാഹ്നങ്ങളിൽ കുളിരണിയിക്കാൻ അനന്തമായ ലെമൺ ടീ കുടിച്ചു”, എന്നും മാളവിക കുറിച്ചിരിക്കുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 10ന് ആയിരുന്നു തുടങ്ങിയത്. ഒൻപത് വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. എന്നും എപ്പോഴും ആയിരുന്നു ഈ കോമ്പോയിൽ എത്തിയ അവസാന ചിത്രം. സംഗീത, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ശബരിമലയിറങ്ങി മോഹൻലാൽ; മടക്കം ‘ഇച്ചാക്ക’യ്ക്ക് വഴിപാട് അർപ്പിച്ച്
ഫൺ മോഡിൽ ഒരുങ്ങുന്ന ചിത്രം തിരക്കഥ ഒരുക്കുന്നത് സോനു ടി പിയാണ്. അദ്ദേഹം തന്നെയാണ് സംഭാഷണവും ഒരുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം. പ്രശാന്ത് മാധവനാണ് കലാസംവിധാനം. ഹൃദയപൂർവത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവരും. അതേസമയം, എമ്പുരാൻ ആണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.