ഇടുക്കി: മറയൂരില്‍ മദ്യലഹരിയിൽ മാതൃസഹോദരിയെ കൊല്ലാൻ ശ്രമിച്ച സഹോദരനെ ജ്യേഷ്ഠന്‍ വെട്ടിക്കൊലപ്പെടുത്തി. മറയൂര്‍ ചെറുവാട് സ്വദേശിയായ ജഗന്‍ ആണ് കൊല്ലപ്പെട്ടത്. ജഗന്റെ സഹോദരന്‍ അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് വൈകിട്ട് 7.30-ഓടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ജഗന്‍ സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നും ഇത്തരത്തിലുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ജഗനും അരുണും ഉള്‍പ്പെടുന്ന കുടുംബം ചെറുകാട് ഉന്നതിയിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ഇവിടെവെച്ച് ജഗന്‍ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും ആളുകളുമായി വഴക്കിടുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പ്രദേശവാസികള്‍ വലിയതോതില്‍ പരാതി ഉയര്‍ത്തിയതോടെയാണ് കുടുംബം മറയൂരിന് സമീപം ഇന്ദിരാനഗറിലെ അവരുടെ സ്വന്തം സ്ഥലത്തേക്ക് മാറിയത്. ഇന്നും ജഗന്‍ മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു എന്നാണ് വിവരം.
മദ്യലഹരിയില്‍ മാതൃസഹോദരിയെ വെട്ടുകത്തിയുമായിചെന്ന് ആക്രമിച്ചു. ഈ ഘട്ടത്തിലാണ് ജ്യേഷ്ഠന്‍ അരുണ്‍ ജഗനെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജഗന്റെ മൃതദേഹം മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg