ന്യൂഡൽഹി: ഇന്ത്യാ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അക്കാദമികവും സാംസ്കാരികവുമായ വിനിമയങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി എടുത്തുപറഞ്ഞ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ. മാർച്ച് 17നാണ് അദ്ദേഹം അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയത്.
സുസ്ഥിരവും സമാധാനപരവുമായ രാജ്യങ്ങളിലൊന്നിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു അതുല്യമായ അവസരം വാഗ്ദാനം ചെയ്യുന്ന ലാൻഡ് ഓഫ് ദി ലോംഗ് വൈറ്റ് ക്ലൗഡ് ന്യൂസിലൻഡ് എക്‌സലൻസ് അവാർഡുകൾ (NZEA) 2025 ആരംഭിച്ചതായി അദ്ദേഹം അറിയിച്ച. ഇതിന് കീഴിൽ എട്ട് മികച്ച സർവകലാശാലകളിലായി 29 സ്‌കോളർഷിപ്പുകൾ ലഭ്യമാണ്. എക്സലൻസ് അവാർഡിനായുള്ള അപേക്ഷ പ്രക്രിയ 2025 മാർച്ച് 18ന് ആരംഭിച്ചു. വിദ്യാർഥികൾക്ക് ഏപ്രിൽ 30 വരെ അപേക്ഷകൾ സമർപ്പിക്കാം.
എന്താണ് ന്യൂസിലാൻഡ് എക്സലൻസ് അവാർഡുകൾ (NZEA)?
എഡ്യൂക്കേഷൻ ന്യൂസിലാൻഡ് മനാപൗ കി ടെ ആവോയുടെയും (Manapou ki te Ao) രാജ്യത്തെ എട്ട് പ്രമുഖ സർവകലാശാലകളുടെയും സംയുക്ത സംരംഭമാണ് ന്യൂസിലാൻഡ് എക്സലൻസ് അവാർഡ്സ് 2025. ഈ പ്രോഗ്രാം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ബിരുദ, ബിരുദാനന്തര പഠനങ്ങൾ ഉൾക്കൊള്ളുന്ന 29 സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു. 2,50,000 മുതൽ 10,00,000 രൂപ വരെയാണ് സ്കോളർഷിപ്പുകൾ. ഇത് വിദേശത്ത് പഠിക്കുന്നതിൻ്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം (ന്യൂസിലാൻഡിലോ ഓസ്‌ട്രേലിയയിലോ ഉള്ള പൗരനോ സ്ഥിര താമസക്കാരനോ ആയിരിക്കരുത്).
അപേക്ഷകർ വിദ്യാർത്ഥി വിസയ്ക്കുള്ള ന്യൂസിലൻഡിന്റെ ഇമിഗ്രേഷൻ നിബന്ധനകൾ പാലിക്കണം.
അപേക്ഷിക്കുന്ന സമയത്ത് വിദ്യാർത്ഥികൾ ഇന്ത്യയിലായിരിക്കണം താമസം.
അപേക്ഷകർക്ക് യോഗ്യമായ ഒരു കോഴ്‌സിലേക്ക് പ്രവേശന ഓഫർ ലഭിച്ചിരിക്കണം.
അപേക്ഷിക്കേണ്ടവിധം?
studywithnewzealand.govt.nz എന്ന വെബ്‌സൈറ്റിൽ പ്രോഗ്രാമുകളും
സർവകലാശാലകളും പരിശോധിക്കാം.
സർവകലാശാലയിൽ നേരിട്ടോ അംഗീകൃത ഏജന്റുമാർ വഴിയോ അപേക്ഷ സമർപ്പിക്കുക.
immigration.govt.nz എന്ന വെബ്‌സൈറ്റ് വഴി വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുക
അവസാന തീയതിയായ ഏപ്രിൽ 30ന് മുമ്പ് NZEA 2025-ന് അപേക്ഷിക്കുക.
യോഗ്യതയുള്ള സർവകലാശാലകൾ
ന്യൂസിലാൻഡിലെ തിരഞ്ഞെടുത്ത 8 സർവകലാശാലകൾക്ക് NZEA ബാധകമാണ്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ നൽകിയിരിക്കുന്ന സർവകലാശാലകളും അവയുടെ സ്പെഷ്യലൈസേഷനും പരിശോധിക്കാം.
ഓക്ക്‌ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (AUT
ഓക്ക്‌ലാൻഡ് സർവകലാശാല
ലിങ്കൺ യൂണിവേഴ്സിറ്റി
മാസി യൂണിവേഴ്സിറ്റി
വൈകാറ്റോ സർവകലാശാല
യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോ
വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടൺ
കാന്റർബറി സർവകലാശാല
ന്യൂസിലൻഡിലെ ജീവിതവും ജോലിയും
ന്യൂസിലാൻഡിലെ പഠനത്തിന്റെ ഏറ്റവും ആകർഷകമായ വശങ്ങളിലൊന്ന് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരമാണ്. വിദ്യാർത്ഥികൾക്ക് സെമസ്റ്ററിൽ ആഴ്ചയിൽ 20 മണിക്കൂർ വരെയും അവധിക്കാലത്ത് മുഴുവൻ സമയവും ജോലി ചെയ്യാൻ സാധിക്കും. പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് വർക്ക് വിസയ്ക്ക് അർഹതയുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg