ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; വൈദ്യപരിശോധനയില്‍ സ്ഥിരീകരണം
കോഴിക്കോട്: ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. പ്രതി യാസിർ എത്തിയത് ബാഗിൽ കത്തിയുമായിട്ടാണെന്നും തടയാൻ എത്തിയവർക്ക് നേരെയും കത്തിവീശിയെന്നും ഇദ്ദേഹം പറഞ്ഞു. നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസിയായ നാസർ പറയുന്നു. നാസർ ആണ് കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതേ സമയം ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഷിബിലയുടെ കൊലപാതകം ആസൂത്രിതമായിട്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. യാസിർ ഇന്നലെ ഉച്ചക്ക് ഷിബിലയുടെ വീട്ടിൽ എത്തിയിരുന്നു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകിട്ട് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞു. തുടർന്ന് വൈകിട്ട് വീണ്ടും വീട്ടിലെത്തിയാണ് ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും. യാസിറിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉപ്പ അബ്ദുറഹിമാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഉമ്മ ഹസീനയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.